23 September Wednesday

ശമ്പളത്തിനും പെൻഷനും പണമില്ല റെയിൽവേയിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധി

പി വിജയൻUpdated: Tuesday Jul 28, 2020


കോഴിക്കോട്‌
കോവിഡ് മൂലം വരുമാനമില്ലാതെ റെയിൽവേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ജീവനക്കാരുടെ ശമ്പളവും പെൻഷനും കൊടുക്കാൻ  ബുദ്ധിമുട്ടുകയാണ്. ഇക്കാര്യം റെയിൽവേ മന്ത്രാലയം ധനമന്ത്രാലയത്തെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചു.  പെൻഷൻ ബാധ്യത താൽക്കാലികമായെങ്കിലും കേന്ദ്ര സർക്കാർ ഏറ്റെടുക്കാൻ തയ്യാറാകണമെന്നും ഈ സാമ്പത്തിക വർഷം 53,000കോടി രൂപ നൽകണമെന്നുമാണ്‌ ആവശ്യം. 13 ലക്ഷം ജീവനക്കാരും 15 ലക്ഷം പെൻഷൻകാരുമാണ്‌ റെയിൽവേയിലുള്ളത്‌.

റെയിൽവേ ആദ്യമായാണ് ഇത്തരം അവസ്ഥ നേരിടുന്നത്.  ലോക്‌ ഡൗൺ മൂലം 75,000 കോടിയുടെ വരുമാന നഷ്ടമാണുണ്ടായതെന്നാണ്‌ കണക്ക്‌. ട്രെയിൻ ഗതാഗതം ഒന്നരമാസം പൂർണമായി മുടങ്ങി. ഇനിയും സാധാരണ നിലയിലായിട്ടില്ല. നിശ്ചിത സർവീസുകളേ ഓടുന്നുള്ളു. കൗണ്ടറുകൾ വഴിയും റിസർവേഷൻ വഴിയുമുള്ള വരുമാനം നിലച്ചതോടെ രാജ്യത്തെ വലിയ പൊതുമേഖലാ സ്ഥാപനം അഭിമുഖീകരിക്കുന്നത്‌ വൻപ്രതിസന്ധിയാണ്‌.

ഇതുവരെ ശമ്പളവും പെൻഷനും സ്വയം നിറവേറ്റുകമാത്രമല്ല 30,000കോടി രൂപയുടെ സാമൂഹ്യ ബാധ്യതകൾ സ്വയംവഹിക്കുകയും ഡിവിഡന്റ്‌  നൽകുകയും ചെയ്‌തിരുന്നു.  കൂടാതെ കമ്പോളത്തിൽനിന്ന്‌ കടമെടുത്ത്‌ വികസനം നടത്തുന്നതിന്റെ തിരിച്ചടവും‌ യഥാസമയം നൽകി. 2017 മുതൽ റെയിൽവേ ബജറ്റ്‌ കേന്ദ്ര സർക്കാർ നിർത്തി.  ഇതോടെ റെയിൽവേയുടെ വരുമാനം കേന്ദ്ര ധന പൂളിലേക്കായി. ഏതാവശ്യത്തിനും ധന മന്ത്രാലയത്തെ സമീപിക്കേണ്ട അവസ്ഥയാണ്‌ റെയിൽവേയ്‌ക്ക്‌.

വരുമാന നഷ്ടം പറഞ്ഞ്‌ തൊഴിലാളിദ്രോഹ നടപടികളാണ്‌ റെയിൽവേ കൈക്കൊള്ളുന്നത്‌. ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാനും ആനുകൂല്യങ്ങൾ നിഷേധിക്കാനുമാണ്‌ നീക്കം. ഡിഎ മരവിപ്പിച്ചു. മൾട്ടി സ്‌കില്ലിങ് വഴി ജോലിഭാരം വർധിപ്പിക്കാനും നീക്കം സജീവമായി. റെയിൽവേയുടെ ലാഭ യൂണിറ്റുകൾ ഓരോന്നായി വേർപ്പെടുത്തി. 109 സുപ്രധാന റൂട്ടുകളും 151 ജോഡി ട്രെയിനുകളും  സ്വകാര്യവൽക്കരിക്കാനുള്ള നടപടിയും തുടങ്ങി. മികച്ച വരുമാനം നൽകുന്ന കണ്ടെയ്‌നർ കോർപറേഷൻപോലും വിൽപ്പനയ്‌ക്ക്‌ വച്ചിരിക്കുകയാണ്‌ കേന്ദ്ര സർക്കാർ.  റെയിൽവേയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ‌  മതിയായ സഹായം നൽകണമെന്ന്‌ ദക്ഷിണ റെയിൽവേ എംപ്ലോയീസ്‌ യൂണിയൻ(ഡിആർഇയു) കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top