03 August Monday

മണിമുഴങ്ങുന്നു, അങ്ങ്‌ അസമിലും

എ എസ് ജിബിനUpdated: Sunday Jun 28, 2020

കൊച്ചി > ‘‍അസമിലാണെങ്കിലും എനിക്കും അനിയനും പഠിക്കാൻ പറ്റുന്നുണ്ട്. നാട്ടിലേക്ക് വന്നപ്പോൾ എല്ലാവരും ഞങ്ങളെ മറക്കുമോയെന്ന് പേടിയായിരുന്നു. പക്ഷേ, എല്ലാ ദിവസവും അവര്‌ വിളിക്കും. ടീച്ചർമാര് പാഠങ്ങൾ അയച്ചുതരും. യു ട്യൂബിലാണ് ഞാനും അനിയനും ഫസ്റ്റ് ബെൽ പാഠങ്ങൾ കാണുന്നത്. വണ്ടി കിട്ടിയാൽ ഞങ്ങൾ ഉടൻ കേരളത്തിലേക്ക് വരും’–- പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഫസ്റ്റ് ബെൽ പാഠങ്ങൾ അസമിലിരുന്ന് പഠിക്കുന്ന കോടനാട് മാർ ഔ​ഗേൻ ഹൈസ്കൂളിലെ  ആറാംക്ലാസുകാരി അബ്സാന പറഞ്ഞു.  10 വർഷമായി പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ ജോലിയാണ്‌ അബ്സാനയുടെ അച്ഛൻ യൂസഫ് അലിക്ക്‌. ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ടു.

അബ്സാനയും കുടുംബവും അസമിലേക്ക് മടങ്ങി.മൂന്നുവർഷംമുമ്പാണ് അബ്സാന, അമ്മ സർജ ബീ​ഗത്തിനും അനിയൻ സബ്ദാം മാലിക്കിനുമൊപ്പം പള്ളിപ്പുറത്ത്‌ അച്ഛന്റെ വാടകവീട്ടിലേക്ക്‌ എത്തിയത്. ദിവസങ്ങൾക്കുള്ളിൽ മൂന്നാംക്ലാസിൽ അവൾക്ക്‌ പ്രവേശനം ലഭിച്ചു. അസമി മാത്രം പറഞ്ഞിരുന്ന അവൾ മുറിമലയാളം പറഞ്ഞുതുടങ്ങി. മൂന്നാംക്ലാസ് തീരുംമുമ്പേ അബ്സാനയുടെ പ്രിയഭാഷയായി മലയാളം മാറി. നാട്ടിലേക്ക് മടങ്ങുമ്പോൾ കുട്ടികളുടെ പഠനത്തെക്കുറിച്ചായിരുന്നു യൂസഫ് അലിയുടെ ആശങ്ക. അതിപ്പോഴില്ല. വിക്ടേഴ്സ് ചാനലിൽ ഫസ്റ്റ് ബെൽ ക്ലാസ് ആരംഭിക്കുന്നതിന് ഒരാഴ്ചമുമ്പേ യൂസഫ് അലിയുടെ ഫോണിലേക്ക് അബ്സാനയുടെ അധ്യാപിക ടിന്റു വിളിച്ചു. ഓൺലൈൻ ക്ലാസുണ്ടെന്നും  മക്കളുടെ ക്ലാസ് നഷ്ടപ്പെടുമെന്ന വിഷമം വേണ്ടെന്നും അറിയിച്ചു.  യൂസഫ് അലി ഫോൺ റീചാർജ് ചെയ്തു.

ജൂൺ ഒന്നുമുതൽ ഓൺലൈൻ പാഠങ്ങളുടെ ലിങ്ക് ലഭിച്ചുതുടങ്ങി. ചർച്ചകളിൽ വാട്സാപ്പിലൂടെ അബ്സാനയും പങ്കെടുത്തു. ദിവസവും അധ്യാപിക വിളിച്ച് അന്വേഷിക്കും. സംശയം വരുമ്പോൾ അബ്സാന തിരിച്ചും. ഹോംവർക്കുകൾ ഫോട്ടോയായോ വീഡിയോയായോ ടീച്ചർക്ക് അയച്ചുനൽകും. ഒന്നാംക്ലാസിലാണ് അനിയൻ സബ്ദാം മാലിക്‌ പഠിക്കുന്നത്. അവനും ക്ലാസിന്റെ ലിങ്ക് അയച്ചുനൽകും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top