23 August Friday

തദ്ദേശ ഉപതെരഞ്ഞെടുപ്പ‌് ഫലം : എൽഡിഎഫ‌് തകർച്ച സ്വപ‌്നം കണ്ടവർക്ക‌് രാഷ്ട്രീയകേരളത്തിന്റെ മറുപടി

പ്രത്യേക ലേഖകൻUpdated: Saturday Jun 29, 2019


തിരുവനന്തപുരം
ഒരു തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം തകർന്നെന്ന‌്  ആർപ്പുവിളിച്ചവർക്ക‌ുള്ള രാഷ്ട്രീയകേരളത്തിന്റെ മറുപടിയാണ‌് തദ്ദേശ ഉപതെരഞ്ഞെടുപ്പ‌് ഫലം. ലോക‌്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി എൽഡിഎഫ‌് മറികടക്കുന്നതിന്റെ ദിശാസൂചികയായി ഈ വിധിയെഴുത്തിനെ വിലയിരുത്താം. നാലുവർഷം മുമ്പ‌് 2015ൽ യുഡിഎഫ‌് ഭരണത്തിന്റെ കെടുതി നിറഞ്ഞ കാലത്ത‌് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് നേടിയ വിജയം അതേപടി ആവർത്തിച്ചു എന്നതാണ‌് ശ്രദ്ധേയമായ കാര്യം.
2015ൽ ഇപ്പോൾ തെരഞ്ഞെടുപ്പ‌് നടന്ന 44 വാർഡിൽ 23ൽ ജയിച്ചിടത്ത‌്  2019ൽ 22 വാർഡിൽ ജയിക്കാനായി.  കോട്ടയത്ത‌് സിറ്റിങ‌് സീറ്റായ തിരുവാർപ്പിലാണ‌് ഒരെണ്ണം നഷ്ടമായത‌്.

യുഡിഎഫ‌്–-ബിജെപി–-ബിഡിജെഎസ‌് അവിശുദ്ധസഖ്യമാണ‌് ഇവിടെ എൽഡിഎഫിനെ നേരിട്ടത‌്. ലോക‌്സഭാ തെരഞ്ഞെടുപ്പുകഴിഞ്ഞ‌് 64 -ാം ദിവസമാണ‌് ഈ തിരിച്ചുവരവ‌് എന്നത‌് നിസ്സാരമല്ല. ഏറെ പിന്നോട്ടുപോയ പല വാർഡുകളിലും എൽഡിഎഫ‌് കുതിച്ചെത്തി. സർക്കാർ മൂന്ന‌് വർഷം പൂർത്തിയാക്കിയ വേളയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ‌് മികച്ച വിജയം നേടാൻ മുന്നണിക്ക‌് കഴിഞ്ഞത‌്. യുഡിഎഫ‌്‌ ഭരണം ഈ സമയം പിന്നിടുമ്പോഴേക്കും നടന്ന തെരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ കനത്ത തിരിച്ചടിയാണ‌് ഏറ്റുവാങ്ങിയത‌്. ഭരണത്തോടുള്ള എതിർപ്പാണ‌് അന്ന‌് പ്രകടമായതെങ്കിൽ ഇത്തവണ ജനവികാരം എതിരല്ല.

ശബരിമല ഉൾപ്പെടുന്ന നിയമസഭാമണ്ഡലമായ റാന്നി അങ്ങാടി പഞ്ചായത്ത‌് ഒന്നാം വാർഡ‌് യുഡിഎഫിൽനിന്ന‌് പിടിച്ചെടുക്കാനായി. ശബരിമലയുടെപേരിൽ കലാപശ്രമം നടത്തിയ ബിജെപിക്ക‌് ഇവിടെ വെറും ഒമ്പത‌് വോട്ടാണ‌് നേടാനായത‌്. ദേശീയതലത്തിൽ ബിജെപിക്ക‌് ബദലായി കോൺഗ്രസ‌് സർക്കാർ രൂപീകരിക്കുമെന്ന തെറ്റിദ്ധാരണയും ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നടത്തിയ വ്യാജ പ്രചാരണവുമാണ‌് ലോക‌്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് തിരിച്ചടിക്ക‌് കാരണമായത‌്. യാഥാർഥ്യം തിരിച്ചറിഞ്ഞ ജനങ്ങൾ വീണ്ടും എൽഡിഎഫിനൊപ്പം നിൽക്കാൻ താൽപ്പര്യപ്പെടുന്നെന്ന‌് ഉപതെരഞ്ഞെടുപ്പ‌് ഫലം തെളിയിക്കുന്നു.
രാഹുൽ ഗാന്ധിക്ക‌് വൻ ഭൂരിപക്ഷം നൽകിയ വയനാട‌് മണ്ഡലത്തിലെ മാന്താട‌് വാർഡ‌് യുഡിഎഫിൽനിന്ന‌് പിടിച്ചെടുത്തത‌് എൽഡിഎഫ‌് വിജയത്തിന‌് തിളക്കം നൽകുന്നു. ബിജെപിക്ക‌് ഒരിടത്തും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. ആകെ ഒരു സീറ്റ‌് കൂടുതൽ കിട്ടിയത‌് ചേർത്തല നഗരസഭയിൽ യുഡിഎഫിൽനിന്ന‌് പിടിച്ചെടുത്തതാണ‌്.

ലോക‌്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായ തിരുത്തൽ നടപടികൾക്ക‌് സിപിഐ എം തുടക്കം കുറിച്ചു. ജനങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള നടപടികളാണ‌് തയ്യാറാക്കിയത‌്. ലോക‌്സഭാ തെരഞ്ഞെടുപ്പിലെ പരാജയം താൽക്കാലികമാണെന്ന സിപിഐ എം വിലയിരുത്തൽ ശരിയാണെന്ന‌്  ഫലം സാക്ഷ്യപ്പെടുത്തുന്നു.


പ്രധാന വാർത്തകൾ
 Top