25 August Sunday

ബസ‌്, ട്രെയിൻ യാത്രയ്‌ക്ക‌് പ്രളയ സെസ‌് ഇല്ല ;, ഹോട്ടൽ ഭക്ഷണത്തെയും ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019


തിരുവനന്തപുരം=
ചരക്ക‌് സേവന നികുതി (ജിഎസ‌്ടി) ചുമത്തിയ ബസ‌്, ട്രെയിൻ യാത്രാക്കൂലിയിലും ഹോട്ടൽ ഭക്ഷണത്തിനുള്ള സേവന നികുതിയിലും ഒരു ശതമാനം പ്രളയ സെസ‌് ചുമത്തില്ല. അഞ്ചു ശതമാനത്തിൽ താഴെ ജിഎസ‌്ടി ഏർപ്പെടുത്തിയ എല്ലാ സേവനങ്ങൾക്കും പ്രളയ സെസ‌് വേണ്ടതില്ലെന്ന നിർദേശമടങ്ങിയ  കേരള ധനകാര്യ ബിൽ നിയമസഭ സബ‌്ജക്ട‌് കമ്മിറ്റിയുടെ പരിഗണനയ‌്ക്ക‌് വിട്ടു. നിയമസഭയിൽ ധനമന്ത്രി ടി എം തോമസ‌് ഐസക‌് ബിൽ അവതരിപ്പിച്ചു.

അടയ്ക്കാ കർഷകരുടെ നികുതി കുടിശ്ശികയ‌്ക്ക‌് പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി സെപ‌്തംബർ 30 വരെ നീട്ടി. ആഡംബര നികുതി നിയമവുമായി നികുതി കുടിശ്ശിക കേസുകളിൽ ചെറുകിട വ്യപാരികൾക്ക‌് ആശ്വാസം നൽകുന്ന നിർദേശവും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട‌്. നികുതി നിർണയം പൂർത്തിയാക്കിയതായി കണക്കാക്കുന്ന കേസുകളിൽ പിന്നീട‌് തട്ടിപ്പ‌് കണ്ടെത്തിയാൽ, നാലു വർഷത്തിനുള്ളിൽ പുനഃപരിശോധന നടത്താൻ ഡെപ്യൂട്ടി കമീഷണർമാർക്ക‌് അധികാരമുണ്ട‌്.

പണം കടം കൊടുക്കുന്നവർക്ക‌് ചുമത്താവുന്ന പരമാവധി പലിശ 18 ശതമാനമായി നിജപ്പെടുത്തി. 20000 രൂപയിൽ കൂടുതൽ വിതരണം ചെയ്യുന്ന തുക ചെക്ക‌് മുഖേനയായിരിക്കണം. വാണിജ്യ ബാങ്കുകൾ സ്വകാര്യ വായ‌്പകൾക്ക‌് 24 ശതമാനംവരെ പലിശ ഈടാക്കുന്നതായാണ‌് ആക്ഷേപം. നിലവിലെ നിയമത്തിൽ ഇത‌് തടയാൻ വ്യവസ്ഥയില്ല. ആഡംബര നികുതി നിയമത്തിനും മുല്യവർധിത നികുതി നിയമത്തിലെ മാനദണ്ഡങ്ങൾ ബാധകമാക്കാനുള്ള നിർദേശം മുന്നോട്ടുവച്ചിട്ടുണ്ട‌്.  സബ‌്ജക്ട‌് കമ്മിറ്റി പരിശോധനയ‌്ക്കുശേഷം, ബിൽ പാസാക്കുന്നതിനായി ചൊവ്വാഴ‌്ച വീണ്ടും സഭയിലെത്തും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top