24 August Saturday

ഐപ്പിന്റെ സ്വപ‌്നമുടഞ്ഞിട്ട‌് ഒന്നരവർഷം ; സർക്കാർ ക്രമപ്പെടുത്തിയിട്ടും അനുമതി നൽകുന്നില്ല

ഡി ദിലീപ‌്Updated: Saturday Jun 29, 2019


കോട്ടയം
സംസ്ഥാന സർക്കാർ ക്രമപ്പെടുത്തി നൽകാൻ ഉത്തരവിട്ടിട്ടും പ്രവാസി വ്യവസായി കോടികൾ മുടക്കി നിർമ്മിച്ച കൺവൻഷൻ സെന്ററിന‌് അനുമതി നൽകാതെ കോട്ടയം നഗരസഭ. നൂറ‌് സൂപ്പർ ഇന്ത്യക്കാരുടെ പട്ടികയിൽ ഇടംപിടിച്ച സൗദി വ്യവസായി ഉമ്മൻ ഐപ്പിനെയാണ‌് നഗരസഭ  ദ്രോഹിക്കുന്നത‌്.  ദ്രോഹം തുടർന്നാൽ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന‌് ഉമ്മൻഐപ്പ‌് പറഞ്ഞു.

കൺവൻഷൻ സെന്ററിന‌് സമീപം കോൺഗ്രസ‌് നേതാവ‌് ജെ ജി പാലയ‌്ക്കലോടി സർഫാസി നിയമപ്രകാരം കൈവശപ്പെടുത്തിയ വസ‌്തു വൻ വിലയ‌്ക്ക‌് ഏറ്റെടുപ്പിക്കാനുള്ള സമ്മർദമാണ‌് നഗരസഭയുടെ പ്രതികാര നടപടിക്ക‌് പിന്നിൽ. ഇതുസംബന്ധിച്ച‌് കോട്ടയം എസ‌്പിക്ക‌് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടം സംസ്ഥാന സർക്കാർ ക്രമപ്പെടുത്തിയ പ്രകാരം കോമ്പൗണ്ടിങ‌് ഫീസിന്റെ 50 ശതമാനം തുകയായ 7 ലക്ഷത്തോളം രൂപ ട്രഷറിയിൽ അടച്ചു. എന്നാൽ ബാക്കി തുക സ്വീകരിക്കാൻ നഗരസഭ തയ്യാറാകുന്നില്ല.

നാട്ടിൽ സ്ഥിരതാമസമാക്കാനുള്ള താൽപര്യത്തോടെയാണ‌് ഗൾഫിൽ വ്യവസായത്തിൽ നിന്ന‌് സമ്പാദിച്ച കോടികൾ മുടക്കി കൺവെൻഷൻ സെന്റർ പണിഞ്ഞത‌്. ഗൾഫിലെ വ്യവസായം പോലും വിട്ടെറിഞ്ഞ‌് ഇതിന്റെ പിന്നാലെയാണെന്നും ഉമ്മൻ ഐപ്പ‌് പറഞ്ഞു.കോട്ടയം ബസേലിയസ‌് കോളേജിന‌് സമീപം കൊടൂരാറിനോട‌് ചേർന്നുള്ള കൺവൻഷൻ സെന്ററിന്റെ നവീകരണത്തിന‌് 2016 ജനുവരി 25 ന‌് നഗരസഭ അനുമതി നൽകി. തുടർന്ന‌് അനധികൃത നിർമാണം നടത്തിയെന്ന‌് ആരോപിച്ച‌് 2017 ജൂലൈ 21 ന‌് നിർമാണം തടഞ്ഞു.

ഒന്നര വർഷത്തോളം നിർമാണം മുടങ്ങി. കൈവശാവകാശ സർട്ടിഫിക്കറ്റനായി നൽകിയ അപേക്ഷയിൽ ന്യൂനതകൾ ഉണ്ടെന്ന‌് പറഞ്ഞ‌് നഗരസഭ മടക്കി. അവ പരിഹരിച്ച‌് നൽകിയെങ്കിലും സ്വീകരിച്ചില്ല. ഇതിനിടെ ടൗൺപ്ലാനറായിരുന്ന വനിത, കോൺഗ്രസ‌് നേതാവായ ജെ ജി പാലയ‌്ക്കലോടിക്ക‌് പരാതിയുണ്ടെന്നും അദ്ദേഹത്തിന്റെ  വസ‌്തു വാങ്ങി പരാതി പരിഹരിക്കണമെന്നും നിർദേശിച്ചു. ഇതിന‌് തയാറാവാതിരുന്നതോടെ അനുമതി നൽകുന്നത‌് നഗരസഭ നീട്ടികൊണ്ടുപോയി.


ഈ വർഷം മാർച്ച‌് 25 ന‌് ക്രമപ്പെടുത്തി സർക്കാർ ഉത്തരവ‌് നൽകിയിട്ടും അഗ‌്നി സുരക്ഷാ സർട്ടിഫിക്കറ്റ‌് ലഭിക്കുന്നതിനുള്ള കത്ത‌് നഗരസഭ  രണ്ടുമാസം താമസിപ്പിച്ചു. ഇപ്പോൾ റീ സർവെയിലുള്ള പിഴവ‌് മുതലെടുത്ത‌് വസ‌്തുവിൽ പുറമ്പോക്കുണ്ടെന്നാണ‌് സെക്രട്ടറിയുടെ പുതിയ വാദം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top