04 July Saturday

എല്ലാ താലൂക്കിലും ഓൺലൈൻ അദാലത്ത്‌ ; വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020


എല്ലാ ജില്ലകളിലും ഓരോ താലൂക്കിൽ അടുത്ത ആഴ്‌ച ഓൺലൈൻ പരാതിപരിഹാര അദാലത്ത്‌ സംഘടിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അദാലത്തുകൾ സംസ്ഥാനത്താകെ നടന്നുവരികയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ അതിന് തടസ്സം നേരിട്ടു. പരിഹാരമെന്ന നിലയിൽ ഓൺലൈൻ വഴി അദാലത്ത് നടത്താൻ തീരുമാനിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ താമരശേരി താലൂക്കിൽ നടത്തിയ ഓൺലൈൻ അദാലത്ത് വിജയമായിരുന്നു.

കുടുംബാംഗങ്ങൾ ജാഗ്രത പാലിക്കണം
കോവിഡ്‌ ബാധിതരുടെ കുടുംബാംഗങ്ങൾ ജാഗ്രത പാലിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് ബാധിതരുടെ കുടുംബത്തിലെ നിരവധിപേർക്ക് അസുഖമുണ്ടാകുന്നത് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗബാധയുള്ളത്‌ അറിയാത്തതുകൊണ്ടും ആളുകൾ വേണ്ട മുൻകരുതൽ എടുക്കാത്തതുകൊണ്ടുമാണ്‌ ഇങ്ങനെ സംഭവിക്കുന്നത്.

രോഗവ്യാപനമുള്ള സ്ഥലങ്ങളിൽനിന്ന് എത്തുന്നവർ ക്വാറന്റൈൻ നിബന്ധനകൾ പാലിച്ചേ തീരൂ. അതിന് കുടുംബവ്യാപനം എന്ന് പറയുന്നത് ശരിയല്ല. ഹോം ക്വാറന്റൈൻ എന്നത് നിർബന്ധമായും റൂം ക്വാറന്റൈൻ ആയിരിക്കണം. കുടുംബാംഗങ്ങൾ അടുത്തിടപഴകാതെ ശ്രദ്ധിക്കുകയും സഹായങ്ങൾക്ക് ആരോഗ്യപ്രവർത്തകരെ സമീപിക്കുകയും ചെയ്യണം.

വ്യാജ പ്രചാരണങ്ങൾകൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കാൻ ചിലർ ഇറങ്ങിയിട്ടുണ്ട്. ആലപ്പുഴയിൽ മുംബൈയിൽ നിന്നെത്തിയ യുവാവ് കോവിഡ് കെയർ സെന്ററിൽ ആയിരുന്നു. യുവാവ്‌ നിരവധിയിടങ്ങളിൽ സഞ്ചരിച്ചുവെന്ന രീതിയിൽ ഫോട്ടോയടക്കം സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തി. വീട്ടിലേക്ക് ഭീഷണി ഫോൺകോളുകൾ എത്തുന്നു. കടയിൽനിന്ന് സാധനങ്ങൾ നൽകുന്നില്ല. സമീപവാസികൾ ഒറ്റപ്പെടുത്തുന്നു എന്ന പരാതിയും ഉയർന്നു. ഇത്തരത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top