25 March Saturday

കാണാം വേഗക്കാരൻ ‘യാലി’യെയും കൂട്ടരെയും

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

ഇന്ത്യ ബോട്ട് ആൻഡ് മറൈൻ ഷോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന 
‘യാലി' ഉദ്‌ഘാടനത്തിനുശേഷം മന്ത്രി ആന്റണി രാജു സന്ദർശിക്കുന്നു


കൊച്ചി
മറൈൻഡ്രൈവിലെ ഇന്ത്യ ബോട്ട്‌ ആൻഡ്‌ മറൈൻ ഷോയിൽ കാണാം വേഗക്കാരൻ ‘യാലി’യെ. യാലിമാത്രമല്ല, ജലാശയങ്ങളിൽ താരവും മത്സ്യത്തൊഴിലാളികൾക്കും വിനോദസഞ്ചാരികൾക്കും താങ്ങുമാകാൻ പ്രാപ്‌തിയുള്ള നിരവധി ബോട്ടുകളാണ്‌ ഇവിടെയുള്ളത്‌.
കോയമ്പത്തൂർ കുമാരഗുരു കോളേജ്‌ ഓഫ്‌ ടെക്‌നോളജിയിലെ ഒരുകൂട്ടം മിടുക്കരുടെ മികവിലും നിശ്ചയദാർഢ്യത്തിലും രൂപംകൊണ്ട്‌ മത്സരങ്ങൾക്ക്‌ ഉപയോഗിക്കുന്ന യാലി ബോട്ട്‌, പൂർണമായും സൗരോർജത്തിലും വൈദ്യുതിയിലുമാണ്‌ പ്രവർത്തിക്കുന്നത്‌.

പരിസ്ഥിതിസൗഹൃദവുമാണ്‌. 20 ലക്ഷമാണ്‌ നിർമാണച്ചെലവ്‌. സ്‌പോൺസർമാരുടെ സഹായവുമുണ്ടായി. അന്താരാഷ്ട്രതല മത്സരമായ മൊണോക്കോ എനർജി ബോട്ട്‌ ചലഞ്ചിൽ യാലി ആറാംസ്ഥാനം നേടിയിരുന്നു. ഇന്ത്യയെ പ്രതിനിധാനംചെയ്‌തതും ‘യാലി’യാണ്‌. ഒരാൾക്കാണ്‌ ഇതിൽ സഞ്ചരിക്കാൻ കഴിയുക. വിദ്യാർഥികൾ തയ്യാറാക്കിയ രാജ്യത്തെ ആദ്യ എനർജി ബോട്ടാണിതെന്ന്‌ പിആർ മാനേജർ ഇൻ ചാർജ്‌ സി സ്വാമിനാഥൻ പറഞ്ഞു.

ഇലക്ട്രിക്‌ ഉൾപ്പെടെയുള്ള വിവിധതരം ബോട്ടുകൾ, അത്യാധുനിക രക്ഷാ ഉപകരണങ്ങൾ, എൻജിനുകൾ, മറ്റ്‌ യന്ത്രങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്‌. 65 സ്ഥാപനങ്ങളാണ്‌ അവരുടെ ഉൽപ്പന്നങ്ങളുമായി പങ്കെടുക്കുന്നത്‌. ക്രൂസ്‌ എക്‌പോസസ്‌ നേതൃത്വത്തിൽ കെഎംആർഎൽ, ടൂറിസംവകുപ്പ്‌, ഇന്ത്യൻ നേവി, കോസ്‌റ്റ്‌ ഗാർഡ്‌, കുഫോസ്‌, സിഫ്‌റ്റ്‌, കെഎംബി, ഐഡബ്ല്യുഎഐ, ഐഎംയു, കെബിപ്‌, കൊച്ചിൻ പോർട്ട്‌ അതോറിറ്റി, മറൈനേഴ്‌സ്‌ സൊസൈറ്റി സഹകരണത്തോടെയാണ്‌ പ്രദർശനം. 29ന്‌ സമാപിക്കും.

കോവളം–ബേക്കൽ ജലപാത 2025ൽ: മന്ത്രി ആന്റണി രാജു
കോവളം–-ബേക്കൽ ജലപാത 2025ൽ യാഥാർഥ്യമാകുമെന്ന്‌ ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഇന്ത്യ ബോട്ട്‌ ആൻഡ്‌ മറൈൻ ഷോ മറൈൻഡ്രൈവിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പദ്ധതിയുടെ ഭാഗമായുള്ള വിവിധ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും സംസ്ഥാനത്തെ മൂന്നിലൊന്ന്‌ ഗതാഗതവും ഇതോടെ ജലപാതയിലേക്ക്‌ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധന, ചരക്ക്‌ ഗതാഗതവും പൂർണമായി ജലപാതയിലൂടെയാകും. പദ്ധതി യാഥാർഥ്യമാകുന്നതോടെ ജലഗതാഗതവകുപ്പ്‌ കൂടുതൽ ബോട്ടുകൾ സർവീസിന്‌ ഇറക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ നേവൽ ഷിപ് റിപ്പയർ യാർഡ് അഡ്മിറൽ സൂപ്രണ്ട് റിയർ അഡ്മിറൽ സുബീർ മുഖർജി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡിഐജി എൻ രവി, ബേബി മാത്യു സോമതീരം, അലക്സ് കെ നൈനാൻ, അഡ്വ. വി ജെ മാത്യു, ജോസഫ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top