26 May Thursday

കളമൊഴിയുന്നു നൂറ്റാണ്ടിന്റെ സാക്ഷി ; പഴയ മാർക്കറ്റ്‌ ഇന്ന്‌ പൊളിച്ചുതുടങ്ങും

എം എസ്‌ അശോകൻUpdated: Friday Jan 28, 2022

പഴയ മാർക്കറ്റിലെ സ്റ്റാളിൽനിന്ന് സാധനങ്ങൾ മാറ്റുന്ന ജോർജ്


കൊച്ചി
ഏഴാംവയസ്സുമുതൽ കതൃക്കടവ്‌ സ്വദേശി ജോർജ്‌ പച്ചക്കറി വിൽക്കുന്ന പഴയ എറണാകുളം മാർക്കറ്റ്‌ ഇനിയില്ല. അമ്മ സാറാമ്മയുടെ കൈപിടിച്ച്‌ കച്ചവടത്തിനിരുന്ന 201 ബി നമ്പർ സ്‌റ്റാളിൽനിന്ന്‌ അവസാന തുരുമ്പും പെറുക്കിയെടുത്ത്‌ കുടിയൊഴിഞ്ഞു 62 വയസ്സുകാരൻ ജോർജ്‌. നൂറ്റാണ്ടുകൾ പഴക്കമുള്ള എറണാകുളം മാർക്കറ്റിന്റെ നവീകരണത്തിന്‌ വഴിതെളിഞ്ഞപ്പോൾ പരാതികളില്ലാതെ കുടിയൊഴിഞ്ഞ ഇരുനൂറിലേറെ കച്ചവടക്കാരിലൊരാളാണ്‌ ജോർജ്‌. നൂറ്റാണ്ടുകൾ പഴക്കമുള്ള മാർക്കറ്റിലെ കെട്ടിടഭാഗങ്ങൾ പൊളിച്ചുനീക്കുന്ന ജോലി വെള്ളിയാഴ്‌ച തുടങ്ങും.

പകൽ മുഴുവൻ ജനം തിക്കിത്തിരക്കുന്ന പഴം, പച്ചക്കറി മാർക്കറ്റ്‌ ആളും ആരവവും ഒഴിഞ്ഞ്‌ ശൂന്യം. മാർക്കറ്റ്‌ നാടുനീങ്ങിയതറിയാതെ ചിലരെല്ലാം എത്തുന്നുണ്ട്‌. സ്‌റ്റാളുകളിൽ ഭൂരിഭാഗവും വിളിപ്പാടകലെ തയ്യാറാക്കിയ പുതിയ താൽക്കാലിക മാർക്കറ്റ്‌ കെട്ടിടത്തിലേക്ക്‌ മാറ്റിക്കഴിഞ്ഞു. കായക്കുല മൊത്തവ്യാപാരികളിൽ ചിലർമാത്രമാണ്‌ ഇനിയും മാറാനുള്ളത്‌. പുതിയ സ്ഥലത്ത്‌ കായ പുകവയ്‌ക്കാനുള്ള സംവിധാനം തയ്യാറായാൽ ഉടൻ അവരും മാറും.

പുതിയ മാർക്കറ്റിൽ ലഭിച്ച കടമുറിക്ക്‌ വലിപ്പം കുറവാണെങ്കിലും അസൗകര്യമില്ലെന്ന്‌ ജോർജ്‌ പറഞ്ഞു. 50 വർഷത്തിലേറെയായി മാർക്കറ്റിൽ കച്ചവടക്കാരനായി എത്തിയിട്ട്‌. അമ്മ സാറാമ്മയെ സഹായിക്കാനാണ്‌ ആദ്യം വന്നത്‌. അമ്മയുടെ കാലശേഷം കച്ചവടം ഏറ്റെടുത്തു. മാർക്കറ്റിലെ ആദ്യകാല കച്ചവടക്കാരിലൊരാളായിരുന്നു അമ്മ. അമ്മയുടെ പേരു ചേർത്താണ്‌ താൻ ഇവിടെ അറിയപ്പെടുന്നതെന്നും ജോർജ്‌ പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള മാർക്കറ്റിന്റെ ചരിത്രം അറിയുന്നവർ കുറവാണെന്ന്‌ കച്ചവടക്കാർ പറഞ്ഞു. ജൂതർ പ്രധാന കച്ചവടക്കാരായിരുന്ന കാലമുണ്ടായിരുന്നു. കച്ചവടക്കണക്കുകൾ അവരുടെ ഭാഷയിലാണ്‌ പ്രചാരത്തിലുണ്ടായിരുന്നത്‌. ജൂതർ പോയി. തദ്ദേശകച്ചവടക്കാരുടെ പിന്മുറക്കാരാണ്‌ ഇപ്പോഴുള്ളവരിൽ ഏറെയും. 

പത്തരലക്ഷം രൂപയ്‌ക്കാണ്‌ പഴയ കെട്ടിടഭാഗങ്ങൾ പൊളിച്ചുനീക്കാനുള്ള കരാർ നൽകിയത്‌. ഒരാഴ്‌ചയ്‌ക്കകം നിർമാണങ്ങൾ പൊളിച്ചുനീക്കി സ്ഥലം സിഎസ്‌എംഎല്ലിന്‌ കൈമാറും. രണ്ടുവർഷത്തിനുള്ളിൽ ആധുനികസൗകര്യങ്ങളോടുകൂടിയ പുതിയ മാർക്കറ്റ്‌ കോംപ്ലക്‌സിന്റെ നിർമാണം പൂർത്തിയാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top