28 January Saturday

ഏകീകൃത കുർബാനത്തർക്കം ; സംഘർഷത്തെത്തുടർന്ന്‌ 
സെന്റ്‌ മേരീസ്‌ ബസിലിക്ക അടച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022


കൊച്ചി
ഏകീകൃത കുർബാന അർപ്പിക്കുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തെത്തുടർന്ന്‌ എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അടച്ചു. മണിക്കൂറുകൾനീണ്ട സംഘർഷാവസ്ഥ പരിഹരിച്ചശേഷം പ്രദേശത്ത്‌ പൊലീസ്‌ കനത്ത സുരക്ഷ ഏർപ്പെടുത്തി.  സംഘർഷസാധ്യത ഉള്ളതിനാൽ ബസിലിക്കയുടെ നിയന്ത്രണം ജില്ലാ ഭരണകേന്ദ്രം ഏറ്റെടുക്കണമെന്ന് ശുപാർശചെയ്‌ത്‌ പൊലീസ് ആർഡിഒക്ക്‌ റിപ്പോർട്ട്‌ നൽകി.

ഏകീകൃത കുർബാനപരിഷ്‌കാരത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഞായർ പുലർച്ചെതന്നെ ബസിലിക്കയ്ക്കുമുന്നിൽ എത്തിയിരുന്നു. അതിരൂപത അഡ്‌മിനിസ്‌ട്രേറ്ററായി നിയമിതനായ തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്‌ രാവിലെ ആറിന്‌ കുർബാന അർപ്പിക്കാനെത്തിയപ്പോൾ  എതിർക്കുന്ന വിഭാഗം അദ്ദേഹത്തെ തടഞ്ഞു.

തർക്കം കൈയാങ്കളിയിലേക്ക് നീങ്ങുമെന്നതായതോടെ ബിഷപ് തൊട്ടടുത്തുള്ള അതിരൂപത ആസ്ഥാനത്തേക്ക് പോകാൻ ശ്രമിച്ചു. ഗേറ്റ്‌ അടച്ചിരുന്നതിനാൽ ബിഷപ് മടങ്ങി. അപ്പോഴേക്കും സംഘർഷത്തിന്‌ ആക്കംകൂടി. ഒരുവിഭാഗം ബസിലിക്കയിൽ ജനാഭിമുഖ കുർബാന അർപ്പിച്ചു. ബിഷപ്പിനെ തടഞ്ഞവർ ബസിലിക്കയുടെ ഗേറ്റ് അകത്തുനിന്ന് പൂട്ടി. മറുവിഭാഗം ഗേറ്റ് തകർത്ത്‌ ബസിലിക്കയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചപ്പോൾ പൊലീസ് തടഞ്ഞു. ഇതിനിടെ ഒരുവിഭാഗം അതിരൂപത ആസ്ഥാനത്തേക്ക് ഇരച്ചുകയറി ബോർഡുകളും കസേരകളും തല്ലിത്തകർത്തു. അവരെ പൊലീസ്‌ വിരട്ടിയോടിച്ചു. സ്ഥിതി നിയന്ത്രണവിധേയമായിട്ടും ഇരുവിഭാഗങ്ങളും പ്രദേശത്ത്‌ പ്രതിഷേധം തുടർന്നതോടെ പള്ളി അടച്ചിടാൻ പൊലീസ് തീരുമാനിച്ചു. പ്രശ്‌നത്തിൽ ഒത്തുതീർപ്പുണ്ടാകുംവരെ ബസിലിക്ക അടച്ചിടാനും നിയന്ത്രണമേറ്റെടുക്കാനും ആർഡിഒയോട്‌ ആവശ്യപ്പെട്ടതായി സിറ്റി പൊലീസ്‌ കമീഷണർ സി എച്ച്‌ നാഗരാജു പറഞ്ഞു. സംഘർഷത്തെത്തുടർന്ന് മണിക്കൂറുകളോളം ബ്രോഡ്‌വേയിൽ ഗതാഗതം സ്തംഭിച്ചു.
2021 നവംബർ 28 മുതൽ ഏകീകൃത കുർബാന നടപ്പാക്കാനായിരുന്നു സുന്നഹദോസിന്റെ തീരുമാനം. സിറോ മലബാർ സഭയിലെ മറ്റെല്ലാ രൂപതകളും ഏകീകൃത കുർബാനയിലേക്ക് മാറിയെങ്കിലും പ്രതിഷേധംമൂലം എറണാകുളം–-അങ്കമാലി അതിരൂപതയിൽ നടപ്പായില്ല. ഇരുപക്ഷവും തമ്മിലുള്ള തർക്കം പലപ്പോഴും സംഘർഷമായി മാറുകയും ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top