03 February Friday
സംഘപരിവാർ ഒറ്റുകാരുണ്ടെന്ന്‌ 
യൂത്ത്‌ കോൺഗ്രസ്‌

യുവനേതാക്കളുടെ മഞ്ഞക്കാർഡ്‌, 
മലക്കം മറിഞ്ഞ്‌ സതീശൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022തിരുവനന്തപുരം
ശശി തരൂരിനെതിരെ വാളെടുത്ത പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഞായറാഴ്‌ച കൊച്ചിയിലെത്തിയപ്പോൾ മലക്കം മറിഞ്ഞു. സ്വന്തം ടീമിനെ ഫൗൾ ചെയ്യരുതെന്ന  മുന്നറിയിപ്പ്‌ തനിക്കെതിരായ മഞ്ഞക്കാർഡാണെന്ന്‌ തിരിച്ചറിഞ്ഞാണ്‌ സതീശന്റെ പ്രതിരോധനിരയിലേക്കുള്ള പിന്മാറ്റം.

ശശി തരൂരിന്റെ പര്യടനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്‌ ശക്തമായ ഭാഷയിലായിരുന്നു ഇതുവരെ സതീശന്റെ മറുപടി. പാർടിയെ ദുർബലപ്പെടുത്തുന്ന ഒരു പ്രവർത്തനവും വിഭാഗീയതയും അനുവദിക്കില്ലെന്നും രൂക്ഷമായ ഭാഷയിലായിരുന്നു പറഞ്ഞിരുന്നത്‌. മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകൾ പെട്ടെന്ന്‌ പൊട്ടുമെന്നും ഞങ്ങൾ അത്തരത്തിലുള്ളവരല്ലെന്നും അന്ന്‌ സതീശൻ തരൂരിനെ നോവിക്കുകയുംചെയ്‌തു. തക്ക മറുപടിയുമായി തരൂരും അതിനെ പരസ്യമായി പിന്തുണച്ച്‌ എം കെ രാഘവനടക്കമുള്ളവരുംനിന്നു. എതിരാളിയുടെ ശക്തി കുറച്ചുകാണരുതെന്നായിരുന്നു കെ മുരളീധരന്റെ പരിഹാസം. മുസ്ലിംലീഗടക്കമുള്ള ഘടകകക്ഷികളും തരൂരിന്‌ അനുകൂലമായ നിലപാടെടുത്തു. എന്നാൽ, അയഞ്ഞുകൊടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ നടന്ന ചടങ്ങിൽ അടുത്തിരുന്നിട്ടും തരൂരും സതീശനും തമ്മിൽ സംസാരിക്കാഞ്ഞതും വിവാദമായി.

ഞായറാഴ്‌ച കൊച്ചിയിൽ സതീശന്റെ തട്ടകത്തിൽനടന്ന പ്രൊഫഷണൽ കോൺക്ലേവിനെത്തിയ യുവ നേതാക്കൾ ശശി തരൂരിന്‌ ഒപ്പമാണ്‌ നിലയുറപ്പിച്ചത്‌. കൂട്ടത്തിലുള്ളവരെയല്ല ഫൗൾ ചെയ്യേണ്ടതെന്ന മാത്യു കുഴൽനാടന്റെ പാസ്‌ ഹൈബി ഈഡൻ ഏറ്റെടുത്തു. ശശി തരൂരിനെ അംഗീകരിക്കേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഹൈബി പറഞ്ഞുവച്ചു.

നേരത്തേ  തന്നെ ‘റിയൽ ക്യാപ്‌റ്റൻ’ എന്ന്‌ വിശേഷിപ്പിച്ച ഹൈബി ഈഡനടക്കം തരൂരിന്റെ ലൈനപ്പിലെത്തിയത്‌ സതീശന്‌ തിരിച്ചടിയായി. സ്വന്തം തട്ടകത്തിലുള്ളവർപോലും ടീം മാറുന്നത്‌ തിരിച്ചറിഞ്ഞാണ്‌ തരൂരുമായി തനിക്കൊരു പ്രശ്‌നവുമില്ലെന്ന്‌  പ്രതിപക്ഷ നേതാവിന്‌ പ്രഖ്യാപിക്കേണ്ടിവന്നത്‌. സ്വന്തം ജില്ലയായ എറണാകുളത്തുനിന്നുപോലും തരൂരിന്റെ പിന്തുണ വർധിച്ചതും കൂടെ നിന്നവർ ഓരോന്നായി പിന്മാറുന്നതും സതീശനെ  നന്നായി  ഭയപ്പെടുത്തുന്നു. ഉമ്മൻചാണ്ടിയുടെ മൗനാനുവാദത്തോടെ എ ഗ്രൂപ്പിന്റെ പിന്തുണ തരൂരിലേക്ക്‌ ചായുന്നതും പ്രതിപക്ഷ നേതാവിനെ ആശങ്കപ്പെടുത്തുന്നു.  ഇതിൽനിന്നെല്ലാം തടിയൂരാൻ, മാധ്യമങ്ങളുടെ സൃഷ്ടിയാണ്‌ വിവാദങ്ങളെന്ന്‌ പറഞ്ഞ്‌ സതീശൻ വഴുതിമാറുന്നതും ഈ ആശങ്ക കൊണ്ടുതന്നെ.

സംഘപരിവാർ ഒറ്റുകാരുണ്ടെന്ന്‌ 
യൂത്ത്‌ കോൺഗ്രസ്‌
കോൺഗ്രസിൽ സംഘപരിവാറിന്റെ ഒറ്റുകാരുണ്ടെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ കാസർകോട്‌ ജില്ലാ ചിന്തൻ ശിബിർ. ശശി തരൂരിന്റെ കോഴിക്കോട്ടെ പരിപാടിക്ക്‌ വിലക്കേർപ്പെടുത്തിയത്‌ ഇതുകൊണ്ടാണെമന്നും ചിന്തൻ ശിബിരിൽ ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. കേരളത്തിൽ അപ്രഖ്യാപിത ഹൈക്കമാൻഡുണ്ടോയെന്ന്‌ വ്യക്തമാക്കണം. സ്ഥാനം ഉറപ്പാക്കുന്നതിനപ്പുറം പാർടിയുടെ വളർച്ച ഇവർക്ക്‌ പ്രശ്‌നമല്ലെന്നും കെ സി വേണുഗോപാൽ, കെ സുധാകരൻ, വി ഡി സതീശൻ എന്നിവരെ ലക്ഷ്യമിട്ട്‌ പ്രവർത്തകർ തുറന്നുപറഞ്ഞു. ജില്ലയിൽ ശക്തമായ എ ഗ്രൂപ്പിന്റെ പിന്തുണ തരൂരിനാണെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു ചർച്ച.

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ വിട്ടുനിന്നതിനാൽ വൈസ്‌ പ്രസിഡന്റ്‌ വി ടി ബൽറാമാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. ഉദ്‌ഘാടകനാക്കാത്തതിനാൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ചിന്തൻശിബിർ ബഹിഷ്‌കരിച്ചു. കോൺഗ്രസ്‌ രാഷ്‌ട്രീയകാര്യസമിതി അംഗം എം ലിജു, യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ റിജിൽ മാക്കുറ്റി എന്നിവരും പങ്കെടുത്തു.

എന്നെ വില്ലനാക്കി
കോൺഗ്രസ്‌ ഗ്രൂപ്പ്‌ പോരിൽ തന്നെ വില്ലനാക്കി ചിത്രീകരിക്കുന്നുവെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ. എല്ലാ കഥകളിലും വില്ലൻ വേണം. എപ്പോഴും നായകനായി നിൽക്കാൻ പറ്റില്ല. ഇക്കുറി വില്ലനാകുന്നു. ക്യാമറ കാണുമ്പോഴെല്ലാം തരൂരിനെ കെട്ടിപ്പിടിക്കാനുള്ള കാപട്യം എനിക്കില്ല–-  കൊച്ചിയിൽ പ്രൊഫഷണൽ കോൺഗ്രസ്‌ ലീഡേഴ്‌സ്‌ ഫോറം ഉദ്‌ഘാടനംചെയ്‌ത്‌ സതീശൻ പറഞ്ഞു.  

‘തിരുവനന്തപുരത്ത്‌ ശശി തരൂരിനെ കണ്ടപ്പോൾ എഴുന്നേറ്റുനിന്ന്‌ ബഹുമാനിച്ചിരുന്നു.  എനിക്കില്ലാത്ത കഴിവുകളുള്ള തരൂർ കോൺഗ്രസിന്റെ എംപിയാണ്‌–- സതീശൻ കൂട്ടിച്ചേർത്തു. തരൂരിനെ മുൻനിർത്തി  കോൺഗ്രസിൽ പടയൊരുക്കം ശക്തമായതോടെയാണ്‌ പ്രതികരണം.

സംസാരിക്കാതിരിക്കാൻ 
കിന്റർഗാർട്ടൻ കുട്ടിയല്ല
ഒന്നും സംസാരിക്കാതിരിക്കാൻ കിന്റർഗാർട്ടൻ കുട്ടിയല്ല ഞാനെന്ന്‌ ശശി തരൂർ എംപി. ആരോട്‌ സംസാരിക്കാനും ഒരു പ്രശ്നവുമില്ല. വിവാദം ഉണ്ടാക്കിയത്‌ താനല്ല, അത് ഉണ്ടാക്കിയവർതന്നെ പറയട്ടെ. എന്താണ്‌ വിഷയമെന്നും മനസ്സിലായിട്ടില്ല. താരിഖ് അൻവർ ഒരു പ്രശ്നവും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷനേതാവ്‌ വി ഡി സതീശന്റ മണ്ഡലമായ പറവൂരിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുത്തശേഷം തരൂർ  മാധ്യമങ്ങളോട്‌ പറഞ്ഞു. സ്വകാര്യ പരിപാടികൾക്കുപോകുമ്പോൾ ഡിസിസി പ്രസിഡന്റിനോട്‌ പറയേണ്ടതില്ല. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനുമായി നല്ല ബന്ധമാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യം നന്നായി വരട്ടെയെന്നും തരൂർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top