31 January Tuesday

തലശേരി ഇരട്ടക്കൊല : കഞ്ചാവ്‌ വിൽപ്പന പൊലീസിനെ അറിയിച്ചതിന്റെ വിരോധത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022


തലശേരി    
കഞ്ചാവ്‌ വിൽപ്പന പൊലീസിനെ അറിയിച്ചതിന്റെ  വിരോധത്തിലാണ്‌ സിപിഐ എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്നിലെ പൂവനാഴി ഷെമീറിനെയും കെ ഖാലിദിനെയും കുത്തിക്കൊന്നതെന്ന്‌ പൊലീസ്‌ റിപ്പോർട്ട്‌. ഷെമീറിന്റെ മകൻ ഷബീൽ ലഹരിവിൽപ്പനക്കെതിരെ പ്രവർത്തിക്കുന്നതിലും പ്രതികൾക്ക്‌ ശത്രുത ഉണ്ടായിരുന്നു.  തലശേരി ജുഡീഷ്യൽ ഒന്നാംക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ്‌ ഇക്കാര്യമുള്ളത്‌.

സംഭവദിവസം രാവിലെ രണ്ടാംപ്രതി ജാക്‌സൺ വിൻസണിന്റെ വാഹനം ധർമടം പൊലീസ്‌ പരിശോധിച്ചിരുന്നു. ഇതിനുപിന്നിൽ ഷബീലാണെന്ന സംശയത്തിൽ ഒന്നാംപ്രതി പാറായി ബാബുവിനൊപ്പം ചേർന്ന്‌ ജാക്‌സൺ ഷബീലിനെ അടിച്ചുപരിക്കേൽപിച്ചു. പിന്നീട്‌ പ്രശ്‌നം ചർച്ച ചെയ്യാമെന്ന്‌ പറഞ്ഞ്‌, ഷെമീർ, ഖാലിദ്‌, ഷാനിബ്‌ എന്നിവരെ തലശേരി സഹകരണ ആശുപത്രിയിൽനിന്ന്‌ വിളിച്ചിറക്കി ആക്രമിച്ചു.  പാറായി ബാബുവാണ്‌ മൂവരെയും കുത്തിയത്‌. കഴുത്തിന്റെ തോൾ കുഴിയിലേറ്റ  കുത്തിൽ രക്തക്കുഴലുകൾ മുറിഞ്ഞ്‌ ആന്തരിക അവയവങ്ങളിൽ രക്തമിറങ്ങിയാണ്‌ ഖാലിദ്‌ മരിച്ചത്‌. ശ്വാസകോശത്തിനും പ്ലീഹക്കും മുറിവേറ്റ്‌ രക്തംവാർന്നാണ്‌ ഷെമീറിന്റെ മരണം. ഷാനിബിന്‌ നെഞ്ചിലാണ്‌ കുത്തേറ്റത്‌.

സ്‌റ്റീൽ അലകോടെയുള്ള 25 സെന്റീമീറ്റർ നീളമുള്ളതാണ്‌ കത്തി. സംഘം ചേർന്ന് ഗൂഢാലോചന നടത്തുകയും ആക്രമിക്കുകയും പ്രതികളെ രക്ഷപ്പെടുത്തുകയും ചെയ്തവരാണ്‌ മൂന്നാംപ്രതിയും ആർഎസ്‌എസ്സുകാരനുമായ കെ നവീനും ആറും ഏഴും പ്രതികളായ അരുൺകുമാറും ഇ കെ സന്ദീപും. പ്രതികൾ കുറ്റസമ്മതം നടത്തിയെന്നും റിമാൻഡ്‌ റിപ്പോർട്ടിലുണ്ട്‌.

ആർഎസ്‌എസുകാരനെ രക്ഷിക്കാൻ   മനോരമയും മാതൃഭൂമിയും
സിപിഐ എം ഓഫീസ്‌ ആക്രമിച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർഎസ്‌എസ്സുകാരനെ സിപി ഐ എമ്മുകാരനായി ചിത്രീകരിച്ച്‌ മലയാള മനോരമയും മാതൃഭൂമിയും. സിപിഐ എം പ്രവർത്തകരായ നെട്ടൂർ ഇല്ലിക്കുന്നിലെ പൂവനാഴി ഷെമീറിനെയും കെ ഖാലിദിനെയും കുത്തിക്കൊന്ന കേസിലെ പ്രധാന പ്രതി നെട്ടൂർ ചിറക്കക്കാവിനടുത്ത വണ്ണത്താൻ വീട്ടിൽ കെ നവീനിന്റെ ആർഎസ്‌എസ്‌ ബന്ധം മറയ്‌ക്കാൻ മത്സരിക്കുകയാണ്‌ മാധ്യമങ്ങൾ.

മണ്ണയാട്ടെ ദിനേശ്‌ വായനശാല ആക്രമണം, സിപിഐ എം പ്രകടനം ആക്രമിച്ചതുൾപ്പെടെ ധർമടം സ്‌റ്റേഷൻ പരിധിയിൽമാത്രം മൂന്ന്‌ കേസിലെ പ്രതിയാണിയാൾ. ബോംബ്‌ നിർമാണത്തിനിടെ കൈകൾ നഷ്ടപ്പെട്ട ആർഎസ്‌എസ്സുകാരൻ കാക്കു എന്ന ഷിജിന്റെ  സംഘാംഗവുമാണ്‌. ലഹരിവിൽപ്പനയിൽ ജാക്‌സൺ വിൻസണിന്റെ പ്രധാന സഹായിയും സംഘപരിവാറുകാരനാണ്‌. ഇയാളെ സിപിഐ എമ്മായി ചിത്രീകരിക്കാൻ യുഡിഎഫ്‌ മുഖപത്രങ്ങൾക്ക്‌ ഒരു മടിയുമുണ്ടായില്ല.

കൊലയാളിയുടെ ആർഎസ്‌എസ്‌ ബന്ധം പുറത്തുവന്നതോടെ പ്രതിരോധത്തിലാകുന്നത്‌ കോൺഗ്രസ്‌–-ബിജെപി–- മാധ്യമ അച്ചുതണ്ടാണ്‌. വാഹന വിൽപ്പന, സാമ്പത്തിക ഇടപാട്‌ തുടങ്ങി ലഹരിമാഫിയക്കുവേണ്ടി പല കഥകളും ഏതാനും ചാനലുകളും പത്രങ്ങളും ആദ്യദിവസമേ ഇറക്കി നോക്കി. പൊലീസ്‌ കോടതിയിൽ നൽകിയ റിപ്പോർട്ട്‌ പുറത്തുവന്നതോടെ എല്ലാകഥകളും അവസാനിച്ചു. ലഹരിമാഫിയക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിച്ചതിന്റെ ഫലമായാണ്‌ രണ്ട്‌ സിപിഐ എം പ്രവർത്തകരുടെ ജീവൻ നഷ്ടമായത്‌. ലഹരി മാഫിയക്കെതിരെ ഉറച്ച നിലപാടുമായാണ്‌ സർക്കാരും പൊലീസും നീങ്ങുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top