28 November Saturday

പോരാട്ടവീര്യത്തിന്റെ ഓർമ ജ്വലിച്ചു ; രണസ്‌മരണയിൽ പുന്നപ്രവയലാർ വാരാചരണം

എസ്‌ മനോജ്‌Updated: Tuesday Oct 27, 2020

ഫോട്ടോ: ഷിബിൻ ചെറുകര



ആലപ്പുഴ
വിപ്ലവഭൂമിയിൽ സമാനതകളില്ലാത്ത പോരാട്ടവീര്യത്തിന്റെ ഓർമ ജ്വലിച്ചു. വയലാറിലെ രക്തസാക്ഷികളുടെ അമരസ്‌മരണയുടെ ആവേശം മാനംമുട്ടെ പൂത്തുലഞ്ഞു. രക്തപതാകകൾ വസന്തം വിരിച്ച്‌ വയലാർ രക്തസാക്ഷികൾക്ക്‌ പ്രണാമമേകിയതോടെ പുന്നപ്ര–- വയലാർ വാരാചരണത്തിന്‌ സമാപനമായി.

കടുത്ത കോവിഡ്‌ നിയന്ത്രണങ്ങളോടെയായിരുന്നു ദിനാചരണം. ആവേശം ചോരാതെ മാനദണ്ഡങ്ങൾ പാലിച്ച്‌ നിരവധിയാളുകളെത്തി വയലാറിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പങ്ങളർപ്പിച്ചു.  അകലം പാലിച്ച്‌ ഇടവിട്ട സമയങ്ങളിൽ അഞ്ചുപേർക്ക്‌ മാത്രമായിരുന്നു  അവസരം. 

പുന്നപ്ര രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാടിൽ നിന്ന്‌  മന്ത്രി ജി സുധാകരൻ ദീപശിഖ കൊളുത്തി അത്‌ലീറ്റുകൾക്ക്‌ കൈമാറിയതോടെയാണ്‌ ചൊവ്വാഴ്‌ചത്തെ ദിനാചരണത്തിന്‌ തുടക്കമായത്‌. മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്ന്‌ സമരസേനാനി കെ കെ ഗംഗാധരനും ദീപശിഖ കൊളുത്തിനൽകി. ഇവ അത്‌ലീറ്റുകൾ റിലേയായി വയലാറിലെ ധീരമണ്ണിലേക്ക്‌ എത്തിച്ചു.

വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ എസ്‌ ശിവപ്രസാദ് ഇവ‌‌ ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിച്ചു. മന്ത്രിമാരായ ജി സുധാകരൻ, പി തിലോത്തമൻ, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ  ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്‌ അടക്കമുള്ള നേതാക്കൾ   മുദ്രാവാക്യം മുഴക്കിയും പുഷ്‌പങ്ങൾ വിതറിയും രണധീരർക്ക്‌ പ്രണാമമേകി. 

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഓൺലൈനിലൂടെ രക്തസാക്ഷി അനുസ്‌മരണ പ്രഭാഷണം നടത്തി.  അടുത്ത വർഷം 75–-ാം വാർഷികം വിപുലമായി ആചരിക്കുമെന്ന പ്രതിജ്ഞയുമായി ഏവരും പിരിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top