21 November Thursday

പുരാണങ്ങളെ തെറ്റായരീതിയിൽ വ്യാഖ്യാനിച്ച്‌ അധികാരം പിടിക്കാനുപയോഗിക്കുന്നു: മുഖ്യമന്ത്രി

പ്രത്യേക ലേഖകൻUpdated: Monday Oct 28, 2019


വർഗീയശക്തികൾ ഇതിഹാസങ്ങളെയും പുരാണങ്ങളെയും തെറ്റായരീതിയിൽ വ്യാഖ്യാനിച്ച്‌ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇവ ശരിയായി വായിച്ചും ഉൾക്കൊണ്ടും മാത്രമേ  പ്രതിരോധിക്കാനാവൂ. എൻ ഇ ബാലറാം ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച ‘ഭാരതീയം’ ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

യൂറോപ്യൻ സാഹിത്യത്തിലെ പ്രധാന കൃതികളായ ഒഡീസിയും ഇലിയഡും തെറ്റായി വ്യാഖ്യാനിച്ച് അവിടുത്തെ രാജ്യങ്ങളിലെവിടെയും അധികാരം പിടിക്കാനാവില്ല. എന്നാൽ ഇവിടെ അതാണ്‌ നടന്നത്. രാമജന്മഭൂമി ഉൾപ്പെടെയുള്ള പ്രചാരണങ്ങൾ അതിന്റെ ഭാഗമായിരുന്നു. നാനാത്വത്തിലുള്ള ഏകത്വത്തെ ഏക മാനവികതയിലേക്ക്‌  അവതരിപ്പിച്ചും വൈവിധ്യങ്ങളെ നശിപ്പിച്ചും ഫാസിസ്റ്റ്  അനുകൂല  അന്തരീക്ഷം സൃഷ്ടിക്കുകയാണ്‌.

ദേശീയതയ്ക്കു പകരം ഹിന്ദുത്വ ദേശീയത വേണമെന്നാണ് ആവശ്യം.  ഹൈന്ദവ ധർമശാസ്ത്രങ്ങളുടെപേരിൽ ഭരണഘടന പൊളിച്ചെഴുതണമെന്നും  ചാതുർവർണ്യ സംസ്കാരത്തിന്റെ രീതികൾ തിരികെക്കൊണ്ടുവരണമെന്നും ആവശ്യമുയരുന്നു. വിശ്വഹിന്ദു പരിഷത്തിനെ ഉപദേശിക്കുന്ന സംഘമാണ് മാർഗദർശക  മണ്ഡലം. സന്യാസിമാർ അടങ്ങുന്ന മറ്റൊരു സംഘവുമുണ്ട്‌–- ധർമസൻസത്‌. ഇവയെയല്ലാം നയിക്കുന്നത് ആർഎസ്എസ്സാണ്. പുതിയ മുദ്രാവാക്യങ്ങൾ ആദ്യമായി ഉന്നയിക്കുന്നത് മിക്കപ്പോഴും ധർമസൻസതും മാർഗദർശക  മണ്ഡലവുമാണ്. വിശ്വഹിന്ദു പരിഷത്ത് പ്രചരിപ്പിക്കും. ഒടുവിലത്‌ ബിജെപിയുടെ രാഷ്ട്രീയ മുദ്രാവാക്യമായി  മാറും.  1984ൽ ധർമസൻസതാണ് രാമജന്മഭൂമി മോചിപ്പിക്കാൻ ആഹ്വാനം ചെയ്‌തത്. പിന്നെയത്‌ വിശ്വഹിന്ദു പരിഷത്ത്‌ മുദ്രാവാക്യമായി. 1985ൽ ധർമസൻസത് വീണ്ടും യോഗം ചേർന്ന്‌ സമരപരിപാടി തയാറാക്കി.  തുടർന്നാണ് അദ്വാനിയുടെ രഥയാത്ര. 1992 ഡിസംബർ ആറിന് മസ്ജിദ് തകർത്തു.

ധർമസൻസതാണ് സംവരണത്തെ എതിർത്തത്. ഭരണഘടന ഹിന്ദുധർമത്തിന് അനുസൃതമായി മാറ്റണമെന്ന്‌ ആവശ്യപ്പെട്ടതും അവരാണ്‌. ഈ രണ്ടു വിഷയങ്ങളും വിശ്വഹിന്ദു പരിഷത്ത് അംഗീകരിച്ചുകഴിഞ്ഞു. പാകമായ സമയം വരുമ്പോൾ രാഷ്ട്രീയ മുദ്രാവാക്യമായി മാറും. ഭാരതീയത എന്നത് വിവിധ മത, ഭാഷാ സംസ്കാരങ്ങളുടെ ഐക്യമാണ്. ഹിന്ദുമത ചരിത്രം ബഹു സംസ്കാരങ്ങളുടെയും ദർശനങ്ങളുടെയും സദ് പാരമ്പര്യങ്ങളുടെയും ധാരകൂടിയാണ്. എന്നാൽ, ബിജെപി അത്‌ അംഗീകരിക്കുന്നില്ല. ഹിന്ദുമതത്തിന്റെ ഗുണപരമായ പാരമ്പര്യങ്ങളെ ഇല്ലായ്മചെയ്ത്‌ ഏകാധിപത്യ രീതി അടിച്ചേൽപ്പിക്കുകയാണവർ.     ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ച് ജനപക്ഷ പഠനങ്ങൾ അനിവാര്യമായ ഘട്ടമാണിത്. ഇക്കാര്യത്തിൽ എൻ ഇ ബാലറാമിന്റെ കാഴ്‌ചപ്പാടുകളെ ആർക്കും അവഗണിക്കാനാവില്ലെന്നും പിണറായി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top