22 October Tuesday

പട്ടയഭൂമിയിലെ കെട്ടിടം: ഭേദഗതി ഉടൻ വേണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019


കൊച്ചി
പട്ടയം നൽകിയത് എന്താവശ്യത്തിനാണെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയാലേ കെട്ടിടനിർമാണം അനുവദിക്കൂയെന്ന ചട്ടഭേദഗതി രണ്ടുമാസത്തിനകം കൊണ്ടുവരണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദേശം. വയനാട് വേങ്ങപ്പള്ളി പഞ്ചായത്തിൽ ബിൽഡിങ്‌ പെർമിറ്റനുസരിച്ച്‌ നിർമിച്ച റിസോർട്ടിന്‌ ഭൂനിയമം ലംഘിച്ചെന്നാരോപിച്ച്‌ കൈവശ സർട്ടിഫിക്കറ്റ്‌ നിഷേധിച്ചതിനെതിരെ വെസ്റ്റ് വൈൻ റിസോർട്ട് ലിമിറ്റഡ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ഇടക്കാല ഉത്തരവ്.

ബിൽഡിങ്‌ പെർമിറ്റിന് വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഇടുക്കിയിൽ നിർബന്ധമാക്കി റവന്യൂവകുപ്പ് 22ന് ഇറക്കിയ ഉത്തരവ് അഡീഷണൽ എജി രഞ്ജിത്‌ തമ്പാൻ കോടതിയിൽ ഹാജരാക്കി.

ഇടുക്കിയിൽ പട്ടയം ലംഘിച്ച് വാണിജ്യ നിർമാണം നടക്കുന്നു. ഇത്‌ തടയാൻ പട്ടയം എന്തിനാണ്‌ അനുവദിച്ചതെന്ന് വ്യക്തമാക്കി വില്ലേജ് ഓഫീസർ സർട്ടിഫിക്കറ്റ്‌ നൽകണം. അതിന്റെ അടിസ്ഥാനത്തിലേ ബിൽഡിങ്‌ പെർമിറ്റ് അനുവദിക്കാവൂ എന്ന്‌ നിർദേശമുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ തദ്ദേശഭരണവകുപ്പ് രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കാൻ റവന്യൂവകുപ്പ്‌ ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവ്‌ രണ്ടാഴ്ചയ്‌ക്കകം നടപ്പാക്കണം.


പ്രധാന വാർത്തകൾ
 Top