29 May Friday

859 ക്യാമ്പുകൾ അവസാനിപ്പിച്ചു; ശുചീകരണം ദ്രുതഗതിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018


കൊച്ചി
പ്രളയത്തെ തുടർന്ന‌് ജില്ലയിൽ ആരംഭിച്ച 859 ദുരിതാശ്വാസ ക്യാമ്പുകൾ ഞായറാഴ‌്ച പ്രവർത്തനം അവസാനിപ്പിച്ചു. ആലുവ താലൂക്കിൽ 212, പറവൂരിൽ 153‌, കുന്നത്തുനാട്ടിൽ 121, മൂവാറ്റുപുഴയിൽ 87, കണയന്നൂരിൽ 174, കോതമംഗലത്ത‌് 42, കൊച്ചയിൽ 70 ക്യാമ്പുകൾ എന്നിങ്ങനെയാണ‌് അവസാനിപ്പിച്ചത‌്. 88,808 കുടുംബങ്ങളാണ‌് ഇവിടെ താമസിച്ചിരുന്നത‌്. പുരുഷന്മാരും സ‌്ത്രീകളും കുട്ടികളുമായി 3,38,578 പേരാണ‌് ഇവിടെ കഴിഞ്ഞിരുന്നത‌്. ഇവർ വീടുകളിലേക്ക‌് മടങ്ങി.
നിലവിൽ 111 ക്യാമ്പുകൾ മാത്രമാണ‌് ജില്ലയിലുള്ളത‌്. ആലുവ താലൂക്കിൽ 24, പറവൂരിൽ 82, കണയന്നൂരിൽ  നാല‌്, കൊച്ചിയിൽ ഒന്ന‌് വീതം ക്യാമ്പുകളാണ‌് നിലവിലുള്ളത‌്. 56,492 ‌പേരാണ‌് ക്യാമ്പുകളിൽ കഴിയുന്നത‌്. കുന്നത്തുനാട‌്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലെ എല്ലാ ക്യാമ്പുകളും പിരിച്ചുവിട്ടു. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ക്യാമ്പുകൾ അവസാനിപ്പിക്കും. ഡിവൈഎഫ‌്ഐ, സിഐടിയു, കെഎസ‌്ടിഎ തുടങ്ങിയ സംഘടനകളുടെയും ജില്ലാ അധികൃതരുടെയും  ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാണ‌്. 

ആരോഗ്യ ﹣ ശുചീകരണ പ്രശ്നങ്ങൾ രൂക്ഷമായ 22 പഞ്ചായത്തുകളെ റെഡ് സോണായി പ്രഖ്യാപിച്ച‌് ശുചീകരണ പ്രവർത്തനങ്ങൾ ഉൗർജിതമാക്കിയതായി ജില്ലാ അധികൃതർ അറിയിച്ചു. വലിയ തോതിൽ മാലിന്യം അടിഞ്ഞുകൂടിയിട്ടില്ലാത്ത പഞ്ചായത്തുകളെ യെല്ലോ, ഗ്രീൻ സോണുകളിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
മൃഗങ്ങളുടെ ശവശരീരങ്ങൾ സംസ്‌കരിക്കാൻ പ്രാധാന്യം നൽകും. പൊതുസ്ഥലങ്ങളുടെ ശുചീകരണവും അടിയന്തരമായി പൂർത്തിയാക്കും. വീടുകളുടെയും ആളുകൾ ഒഴിഞ്ഞുപോയ ക്യാമ്പുകളുടെയും ശുചീകരണവും പരമാവധി വേഗത്തിൽ പൂർത്തിയാക്കാൻ കലക്ടർ നിർദേശിച്ചു.

ശുചീകരണപ്രവർത്തനങ്ങൾക്കാവശ്യമായ മണ്ണുമാന്തിയന്ത്ര വാഹനങ്ങൾക്ക് അമിതവാടക ഈടാക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകും.
 പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ സേവനത്തിനു പുറമേ 22 ഡോക്ടർമാർ 22 പഞ്ചായത്തുകളിൽ തിങ്കളാഴ്ച മുതൽ സേവനമാരംഭിക്കും. സബ്‌സെന്ററിലോ പഞ്ചായത്ത് നിർദേശിക്കുന്ന സ്ഥലത്തോ ആയിരിക്കും ഡോക്ടറുടെ സേവനം ലഭ്യമാക്കുക. 24 ടൺ ബ്ലീച്ചിങ‌് പൗഡർ ആരോഗ്യ വകുപ്പ്‌ ലഭ്യമാക്കി. 35 പെട്രോൾ മോട്ടോർ പമ്പ് സെറ്റുകൾ വിതരണം ചെയ്തു. ഇവയിൽ ചേന്ദമംഗലം, ആലങ്ങാട്, കരുമാലൂർ, വടക്കേക്കര, കുന്നുകര, കടുങ്ങല്ലൂർ എന്നീ പഞ്ചായത്തുകളിൽ രണ്ട് പമ്പ് സെറ്റുകൾ വീതവും മറ്റ് പഞ്ചായത്തുകളിൽ ഒരെണ്ണം വീതവുമാണ് വിതരണംചെയ്തത്. ഇവകൂടാതെ ഹരിത കേരള മിഷനിൽനിന്ന‌് 22 പ്രഷർ ജെറ്റുകളും  പഞ്ചായത്ത് തലത്തിൽ വിതരണം ചെയ്തു. അടുത്ത ദിവസം 10 പമ്പ് സെറ്റുകൾകൂടി ലഭ്യമാകും.

വാർഡിൽ 50 മുതൽ 100 വരെ വളന്റിയർമാരെയാണ‌്  നിയോഗിച്ചത്. ജില്ലയ്ക്ക് പുറത്തുനിന്ന‌് രജിസ്റ്റർചെയ്ത വളന്റിയർമാരെ ആവശ്യാനുസരണം പഞ്ചായത്തുകളിലേക്ക് വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.പഞ്ചായത്ത് തലത്തിൽ അജൈവ മാലിന്യങ്ങളുടെ ശേഖരണവും തുടരുന്നു.  ഹരിത കേരള മിഷനും ശുചിത്വ മിഷനും ചേർന്ന് ജി ജെ നേച്ചർ കെയർ  എന്ന കമ്പനിയുമായി സഹകരിച്ചാണ് മാലിന്യങ്ങൾ നീക്കുന്നത്. നിലവിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ  കമ്പനിയുടെയും ക്ലീൻ കേരള കമ്പനിയുടെയും മേൽനോട്ടത്തിൽ ശേഖരിച്ച് പുനഃക്രമീകരീക്കും.

പുത്തൻവേലിക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, കരുമാലൂർ, ചേരാനല്ലൂർ എന്നീ പഞ്ചായത്ത‌ുകൾ പൂർണമായും വെള്ളത്തിലാവുകയും ഫയലുകളും മറ്റു കംപ്യൂട്ടർ ഉപകരണങ്ങളും നശിക്കുകയും ചെയ‌്തു. ഇവിടെ 200 ഐടിഐ ട്രെയിനികളെയും  അധ്യാപകരെയും പഞ്ചായത്തുകളിലെ കേടായ ഇലക്ട്രിക്കൽ ഉപകരണങ്ങൾ നന്നാക്കുന്നതിനും പ്ലംബിങ‌് ജോലികൾക്കുമായി നിയോഗിച്ചിട്ടുണ്ട്.

ജില്ലയിലെ  പൊലീസ് സേനയും ശുചീകരണ യത്നത്തിൽ മുന്നിലുണ്ട്. ഇതിനായി 700 പൊലീസിന്  അഞ്ചു പെട്രോൾ പമ്പ് സെറ്റുകൾ, 200 ഗംബൂട്ട്, ഫിനോൾ, ബ്ലീച്ചിങ‌് പൗഡർ, ശുചീകരണ ഉപകരണങ്ങൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.

നിലവിൽ വെള്ളം എത്തിക്കാതെ പഞ്ചായത്തുകളിൽ ടാങ്കർ  ലോറിയിലാണ് കുടിവെള്ളമെത്തിക്കുന്നത്. കിയോസ്കുകൾ വയ്ക്കാനുള്ള സംവിധാനവും ആലോചിക്കുന്നുണ്ട്. കീടനാശിനി നശീകരണത്തിന് പഞ്ചായത്ത് തലത്തിൽ ഹൈഡ്രജൻ പെറോക്സൈഡ് ലായനി വിതരണം ചെയ്തിട്ടുണ്ട്. എച്ച്ഒസിഎൽ ആണ് ലായനി വിതരണം ചെയ്യുന്നത്. നോഡൽ ഓഫീസർ ടിമ്പിൾ മാഗി, ശുചിത്വ മിഷൻ കോ ﹣ ഓർഡിനേറ്റർ സിജു തോമസ്, ഹരിതകേരള മിഷൻ കോ ﹣ ഓർഡിനേറ്റർ സുജിത്ത് കരുൺ, പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വളന്റിയർ ആകാൻ താൽപ്പര്യമുള്ളവർ 9497346416, 9744573967, 9188024099 എന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന‌് ജില്ലാ അധികൃതർ അറിയിച്ചു.

പ്രധാന വാർത്തകൾ
 Top