23 May Thursday

വിഷമതകൾക്ക്‌ അവധികൊടുത്ത്‌ ക്യാമ്പുകളിൽ പൊന്നോണം

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018


അങ്കമാലി
പ്രളയദുരിതത്തിനിടയിലും ഓഡിറ്റോറിയത്തിൽ പൂക്കളം തീർത്തും പാട്ടും കളികളുമായി അങ്കമാലി സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഒരുമയുടെ  ഓണം ആഘോഷിച്ചു. സർവതും നഷ്ടപ്പെട്ടെങ്കിലും ഒരുമയിലുള്ള ഓണാഘോഷം ദുരിതബാധിതർക്ക്‌ നവോന്മേഷം പകർന്നു. എല്ലാവരും ഒത്തുചേർന്നാൽ ഇതൊക്കെ അതിജീവിക്കാനാകുമെന്ന്‌ ആത്മവിശ്വാസമേകി. മൂന്നുമാസംമുതൽ 90 വയസ്സുവരെയുള്ളവരും ക്യാൻസർരോഗിയും ക്യാമ്പിലുണ്ട്‌.
ക്യാമ്പിൽ വിപുലമായ ഓണാഘോഷപരിപാടികളാണ്‌ സംഘടിപ്പിച്ചത്‌. ക്യാമ്പംഗംകൂടിയായ അലൻസ്‌ സ്‌റ്റെൻസിന്റെ നേതൃത്വത്തിലുള്ള ആലുവ അനോണിമസ്‌ ബാന്റ്‌ ഗ്രൂപ്പിന്റെ ഗാനമേളയോടെയായിരുന്നു തുടക്കം. ക്യാമ്പ്‌ അംഗങ്ങൾ നാടൻപാട്ടുകൾ, നാടോടിനൃത്തം, സംഘഗാനം, കരോക്കെ ഗാനമേള എന്നിവ അവതരിപ്പിച്ചു.

ഉച്ചയ്‌ക്ക്‌ മഡോണ ആശുപത്രി ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയുണ്ടായി. ആശുപത്രി ഡയറക്ടർമാരായ ഡോ. തോമസ്‌ പോളും ഡോ. എൽസമ്മ തോമസും ഭക്ഷണം വിളമ്പി ക്യാമ്പ്‌ അംഗങ്ങളോടൊത്ത്‌ ആഹാരം കഴിച്ചു. ഓണാഘോഷച്ചടങ്ങിൽ നഗരസഭ വൈസ്‌ ചെയർമാൻ സജി വർഗീസ്‌, സ്ഥിരംസമിതി അധ്യക്ഷൻ ബിജു പൗലോസ്‌, കൗൺസിലർമാരായ ടി ടി ദേവസിക്കുട്ടി, ഷൈറ്റ ബെന്നി, സിനിമോൾ മാർട്ടിൻ, ബസിലിക്ക റെക്ടർ ഡോ. കുര്യാക്കോസ്‌ മുണ്ടാടൻ, ഫിസാറ്റ്‌ അസിസ്‌റ്റന്റ്‌ പ്രൊഫ. ജിബി വർഗീസ്‌ എന്നിവർ സംസാരിച്ചു.

എടത്തോട്‌ പാടം, ചാക്കോള കോളനി, കയറ്റുകുഴി പാടം എന്നിവിടങ്ങളിലുള്ളവരാണ്‌ ക്യാമ്പിലുള്ളത്‌.
ചമ്പന്നൂർ സെന്റ്‌ സെബാസ്‌റ്റ്യൻസ‌് പള്ളി പാരിഷ്‌ഹാളിലും മഞ്ഞപ്ര നടുവട്ടം ജെബിഎസിലുമുള്ള ക്യാമ്പുകളിലും ഓണസദ്യ ഒരുക്കിയിരുന്നു.
വെള്ളം ഇറങ്ങിയെങ്കിലും സെന്റ്‌ ജോസഫ്‌ സ്‌കൂൾ ക്യാമ്പിലുള്ളവർക്കും ചമ്പന്നൂർ ക്യാമ്പിലുള്ളവർക്കും വീടുകളിൽ തങ്ങാൻ കഴിയാത്ത സ്ഥിതിയാണ്‌. ശുചീകരണം നടത്തിയെങ്കിലും  രൂക്ഷമായ ദുർഗന്ധമുണ്ട‌്. സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂൾ ക്യാമ്പ്‌ തിങ്കളാഴ്‌ച ഉച്ചയ്‌ക്കുശേഷം മറ്റേതെങ്കിലും കേന്ദ്രത്തിലേക്ക്‌ മാറ്റേണ്ടിവരും. മഞ്ഞപ്ര ക്യാമ്പ്‌ ഞായറാഴ്‌ച അടച്ചു. അങ്കമാലി മേഖലയിൽ രണ്ടു ക്യാമ്പുകൾമാത്രമാകും അവശേഷിക്കുക.

പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട വേങ്ങൂർ അംബേദ്‌കർ കോളനിക്ക്‌ ഇത്തവണത്തെ ഓണം നൊമ്പരത്തിന്റേതായിരുന്നു. 125 കുടുംബങ്ങളുണ്ടിവിടെ. ഇവരെല്ലാം വിശ്വജ്യോതി സ്‌കൂൾ ക്യാമ്പിലായിരുന്നു. വീടുകളുടെ ഭിത്തിയും കിണറുകളും ഇടിയുമോ എന്ന ഭയപ്പാടിലാണിവർ. കൗൺസിലർ ലേഖ മധുവിന്റെ വീടും വെള്ളം വിഴുങ്ങിയിരുന്നു. വെള്ളം കയറിക്കൊണ്ടിരിക്കുമ്പോൾ കൗൺസിലർ കോളനി പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പിലുമായിരുന്നു. കോളനിയിലെ പാറേടത്ത്‌ കാർത്തുവിന്റെയും ചേരാമ്പിള്ളി തങ്കമ്മയുടെയും വീടുകൾ ഭായികമായി നശിച്ചു.

അങ്കമാലി ചെത്തിക്കോട്‌ പട്ടികജാതി കോളനിയിലും സാരമായ നഷ്ടമാണുണ്ടായിട്ടുള്ളത്‌. 15 വീടുകൾക്ക്‌ ഭാഗികമായി നഷ്ടം സംഭവിച്ചുവെന്ന്‌ കൗൺസിലർ വിനീത ദിലീപ്‌ പറഞ്ഞു. മറ്റ്‌ പല വീടുകളുടെയും മതിലുകളും ഗേറ്റുകളും തകർന്നിട്ടുണ്ട്‌.

പ്രധാന വാർത്തകൾ
 Top