22 May Wednesday

മത്സ്യത്തൊഴിലാളികളുടെ പ്രവർത്തനം കേരളം എക്കാലവും നന്ദിയോടെ സ്മരിക്കും: ജെ മേഴ്സിക്കുട്ടിയമ്മ

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018


കൊച്ചി
ഓഖിയുടെ അനുഭവമുള്ളതിനാൽ വ്യക്തമായ ദിശാബോധത്തോടെയാണ് മത്സ്യത്തൊഴിലാളികളെ സർക്കാർ സജ്ജരാക്കിയതെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. രക്ഷാപ്രവർത്തനത്തിൽ  മത്സ്യത്തൊഴിലാളികൾ പ്രധാന പങ്കാണ് വഹിച്ചതെന്നും കേരളമിത് എക്കാലവും നന്ദിയോടെ സ്മരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ എറണാകുളം ജില്ലയിലെ മത്സ്യത്തൊഴിലാളികളെ ആദരിക്കാൻ ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച ‌ചടങ്ങ് ഉ​ദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഏത് ദുരന്തത്തെയും അതിജീവിക്കാൻ കരുത്തുള്ളവരാണ് കേരളീയരെന്ന്  ഒരുമയോടുള്ള രക്ഷാപ്രവർത്തനത്തിലൂടെ ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കാൻ നമുക്കായി.  ആഗസ‌്ത‌് 14ന് രാത്രി വീശിയ കൊടുങ്കാറ്റ് എല്ലാ മുന്നൊരുക്കങ്ങളെയും തകർത്തു. പെരിയാറും പമ്പയാറും കരകവിഞ്ഞ് ഒഴുകുന്നതിനിടെ കടലും തിരിച്ചടിക്കുമോയെന്ന ഭയവുമുണ്ടാക്കി. 15ന് മുഖ്യമന്ത്രി കൺട്രോൾ റൂം തുറന്നതിനൊപ്പം ഫിഷറീസ് ഡയറക‌്ടറേറ്റിൽ കൺട്രോൾ റൂം ആരംഭിച്ചു. അന്നുതന്നെ എല്ലാ ജില്ലകളിലും ഫിഷറീസ് കൺട്രോൾ റൂമുകൾ തുറന്നു. ഓഖിയുടെ അനുഭവം മുന്നിൽക്കണ്ട് കടലാക്രമണം ശക്തമായാൽ വേണ്ട നടപടികൾക്കാണ്  ഫിഷറീസ് വകുപ്പ് കൺട്രോൾ റൂമുകൾ തുറന്നത്.  പ്രളയസമയത്ത് പെരിയാറിലൂടെ ഒഴുകിയ ഒരു കുട്ടവഞ്ചി ശ്രദ്ധയിൽപ്പെട്ടതോടെയാണ് എന്തുകൊണ്ടു രക്ഷാപ്രവർത്തനത്തിൽ മത്സ്യത്തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തിയാലോയെന്ന ചിന്ത വരുന്നത്. 15ന് ഉച്ചയ്ക്കുതന്നെ രണ്ടുവഞ്ചികളുമായി മത്സ്യത്തൊഴിലാളികളെ പത്തനംതിട്ടയിലേക്ക് അയച്ചു. തോരാമഴ വൻനാശം വിതയ്ക്കുമ്പോൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ  15ന് രാത്രി കൊല്ലത്ത് കടപ്പുറത്ത് മൈക്കിലൂടെ മത്സ്യത്തൊഴിലാളികളോട്  ആവശ്യപ്പെട്ടു. ഉറങ്ങിക്കിടന്ന പലരെയും വിളിച്ചുണർത്തി. കടലിൽ പോയവരെ തിരിച്ചുവിളിച്ചു.

അന്യസംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള ലോറികൾ പിടിച്ചെടുത്ത് അതിൽ വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികളെ പത്തനംതിട്ടയിലേക്ക് അയച്ചു. പിന്നീട് മത്സ്യത്തൊഴിലാളികൾ തന്നെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സ്വന്തം നിലയ്ക്ക് നൂറുകണക്കിന് ലോറികളിൽ വള്ളങ്ങളുമായി പ്രളയ സ്ഥലങ്ങളി‌ലേക്കെത്തി. പത്തനംതിട്ട ജില്ലയിൽ 70 ശതമാനംപേരെയും രക്ഷപ്പെടുത്തിയതു മത്സ്യത്തൊഴിലാളികളാണ്. ബാക്കി 30 ശതമാനമാണു സൈന്യവും പൊതുജനങ്ങളും ചേർന്നു രക്ഷിച്ചത്.  എല്ലാ ജില്ലകളിലുമായി 669 വള്ളങ്ങിൽ 65,000 പേരെയാണു മത്സ്യത്തൊഴിലാളികൾ മാത്രം രക്ഷിച്ചത്. കൂടാതെ സന്നദ്ധസംഘടകൾ 259 വള്ളങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി. എല്ലാ വിഭാഗം ജനങ്ങളും രക്ഷാപ്രവർത്തിന് ഇറങ്ങി. എന്നാൽ മത്സ്യത്തൊഴിലാളികളെ മാത്രം ആദരിക്കുന്നതിനു കാരണം അവർ എക്കാലവും മുഖ്യധാരയിൽ നിന്നും മാറിനിൽക്കുന്നവരായതിനാലാണ്.  ദുരിതത്തിന്റെ പാതാളത്തിൽ കഴിയുന്ന അവരെ സമൂഹത്തിന്റെ മുൻനിരയിലേക്കു കൊണ്ടുവരുകയാണു സർക്കാരിന്റെ ലക്ഷ്യം. മത്സ്യത്തൊഴിലാളികൾ അന്തസ്സിന്റെ കൊടുമുടിയിലാണ് ഇപ്പോൾ നിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ഹൈക്കോടതി ജങ്ഷനിൽ നടന്ന ചടങ്ങിൽ മത്സ്യത്തൊഴിലാളികൾക്ക് ഓണക്കോടിയും ഓണക്കിറ്റും നൽകി മന്ത്രി ആദരിച്ചു.
ഹെബി ഈഡൻ എംഎൽഎ അധ്യക്ഷനായി. കെ വി തോമസ് എംപി, എംഎൽഎമാരായ എസ് ശർമ, കെ ജെ മാക്സി, ജോൺ ഫെർണാണ്ടസ്, എം സ്വരാജ്, ആന്റണി ജോൺ,  പി ടി തോമസ്,  വി ഡി സതീശൻ, എൽദോസ് കുന്നപ്പിള്ളി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി പി കുഞ്ഞുരാമൻ,  സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റം​ഗം പി രാജീവ്, ഹുസൈൻ മടവൂർ, കൊച്ചിൻ ഷിപ‌് യാർഡ് എംഡി വർഗീസ്, പി രാജു, ടി ജെ വിനോദ്, എൻ കെ മോഹൻദാസ്, എം പി അബ്ദുൽഖാദർ, മത്സ്യ ബോർഡ് കമീഷണർ സി ആർ സത്യവതി, മത്സ്യഫെഡ് മാനേജർ ജോർജ്, വിവിധ മത്സ്യത്തൊഴിലാളി യൂണിയൻ പ്രതിനിധികളായ കെ സി രാജീവ്, പി ഒ ആന്റണി, ആന്റണി കളരിക്കൽ, സി എസ് സുനിൽ, ചാൾസ് ജോർജ്, വി ഡി മജീന്ദ്രൻ, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ പി ബി ദാളോ, ഫ്രാൻസിസ്, ടി രഘുവരൻ, ശ്രീവിദ്യ സുമോദ് എന്നിവർ പങ്കെടുത്തു. മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ സ്വാഗതവും എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ് മഹേഷ് നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top