14 August Friday

സ്‌കൂൾ ഉച്ചഭക്ഷണം പദ്ധതിക്ക്‌ കേന്ദ്രാനുമതി

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020

 
സ്വന്തം ലേഖകൻ
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 2020–-21 വർഷം ഉച്ചഭക്ഷണം നൽകുന്നതിന്‌ 449 കോടി രൂപയുടെ പദ്ധതിക്ക്‌ കേന്ദ്രാനുമതി. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ അപ്രൂവൽ ബോർഡ്‌ യോഗമാണ്‌ വീഡിയോ കോൺഫറൻസിൽ അംഗീകാരം നൽകിയത്‌. സംസ്ഥാനം സമർപ്പിച്ച വാർഷിക വർക്ക്‌ പ്ലാനും ബജറ്റും പൂർണമായും കേന്ദ്രം അംഗീകരിച്ചു. പദ്ധതിക്ക്‌ 283 കോടിരൂപയാണ്‌ കേന്ദ്രവിഹിതം.   66 കോടി രൂപ അധികം ലഭിച്ചു. ബാക്കി തുക   സംസ്ഥാന സർക്കാർ നൽകണം.
അഭിനന്ദനം നേടി മുട്ടയും പാലും പ്രഭാതഭക്ഷണവും

സ്‌കൂൾ ഉച്ചഭക്ഷണപദ്ധിയിൽ കുട്ടികൾക്ക്‌ മുട്ടയും പാലും പ്രഭാതഭക്ഷണവും നൽകുന്ന സംസ്ഥാന സർക്കാരിനെ എംഎച്ച്‌ആർഡി അഭിനന്ദിച്ചു. ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള ലാബ്‌ പരിശോധന, പാചകത്തൊഴിലാളികൾക്ക്‌ നൽകുന്ന പരിശീലനം എന്നിവ പ്രത്യേക പ്രശംസ നേടി.

പച്ചക്കറിത്തോട്ടങ്ങൾക്ക്‌‌‌ 5000 രൂപവീതം
സ്‌കൂളുകളിൽ പച്ചക്കറിത്തോട്ടം സ്ഥാപിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ പദ്ധതിക്കും അംഗീകാരം. 9025 സ്‌കൂളിന്‌  5000 രൂപവീതം ലഭിക്കും. സ്‌കൂളുകളിൽ പ്രാദേശികമായി ലഭിക്കുന്ന പഴവർഗങ്ങൾ നൽകുന്നതിന്‌ ആവിഷ്‌കരിച്ച പദ്ധതിയും തത്വത്തിൽ അംഗീകരിച്ചു. എന്നാൽ, നിലവിലെ  സാഹചര്യത്തിൽ ഇത്‌ നടപ്പാക്കാനാകില്ല.

ഡൈനിങ്‌ ഹാൾ നിർമാണത്തിനും സഹായം ആവശ്യപ്പെട്ടു
ഉച്ചഭക്ഷണപദ്ധതിക്ക്‌ ഗുണനിലവാരംകൂടിയ ഭക്ഷ്യധാന്യം അനുവദിക്കുക, പാചകത്തൊഴിലാളികളുടെ ഓണറേറിയത്തിന്‌ കേന്ദ്ര വിഹിതം 600 രൂപയിൽനിന്ന്‌ 4500 രൂപയാക്കുക, സ്‌കൂളുകളിൽ ഡൈനിങ്‌ ഹാൾ നിർമിക്കാൻ സഹായം അനുവദിക്കുക എന്നീ ആവശ്യങ്ങൾ കേരളം ഉയർത്തി. ഇവ പിന്നീട്‌ പരിഗണിക്കാമെന്നായിരുന്നു കേന്ദ്ര നിലപാട്‌. വീഡിയോ കോൺഫറൻസിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ, ഡയറക്ടർ കെ ജീവൻബാബു എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top