14 August Friday

മുഖ്യമന്ത്രിയുടെ സഹായഹസ്‌തം : കുടുംബശ്രീ നൽകിയത്‌‌ 1429 കോടി

രാഹുൽ രാജ്‌Updated: Saturday Jun 27, 2020


മലപ്പുറം
ലോക്ക് ഡൗൺമൂലം സാമ്പത്തിക ബാധ്യത നേരിടുന്ന കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ പ്രഖ്യാപിച്ച  ‘മുഖ്യമന്ത്രിയുടെ സഹായഹസ്‌തം’ വായ്‌പാ പദ്ധതിയിൽ സംസ്ഥാനത്ത്‌ ഇതുവരെ വിതരണംചെയ്തത്‌ 1429.46 കോടി രൂപ. ലോക്ക് ഡൗണിൽ വരുമാനം നിലച്ച കുടുംബങ്ങളിലെ കുടുംബശ്രീ അംഗങ്ങൾക്കാണ്‌ പരമാവധി 20,000 രൂപവരെ വായ്‌പ‌. 1,57,179 അയൽക്കൂട്ടങ്ങളിലെ 18,33,433 അംഗങ്ങൾക്ക്‌ തുക ലഭിച്ചു. 2,16,169 അയൽക്കൂട്ടങ്ങളിലെ 25,85,680 അംഗങ്ങൾക്കാണ്‌‌‌ വായ്‌പ നൽകുന്നത്‌. 2000 കോടി രൂപ‌‌യുടെ പദ്ധതിയാണ്‌ സർക്കാർ പ്രഖ്യാപിച്ചത്‌.  1936.97 കോടി രൂപയാണ്‌ നിലവിലെ അപേക്ഷ പ്രകാരം വായ്‌പക്ക്‌ ആവശ്യമായി വരുന്നത്‌.

കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കാണ് ബാങ്കുകൾവഴി‌ വായ്‌പ അനുവദിക്കുന്നത്‌. അയൽക്കൂട്ട അംഗത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടിന്‌ ആനുപാതികമായി ഒരംഗത്തിന്‌ പരമാവധി 5000, 10,000, 15,000, 20,000 എന്നിങ്ങനെയാണ്‌ സഹായം‌. വായ്‌പക്ക്‌ ആറുമാസം മൊറട്ടോറിയമുണ്ട്‌. 36 മാസമാണ്‌‌ തിരിച്ചടവ്‌ കാലാവധി. ഒമ്പത്‌ ശതമാനം പലിശയാണ്‌‌ ബാങ്കുകൾ ഈടാക്കുന്നത്‌.  സബ്‌സിഡി സർക്കാർ പൂർണമായും കുടുംബശ്രീവഴി അയൽക്കൂട്ടങ്ങളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ നൽകും. ബാങ്കുകൾ വായ്‌പ പാസാക്കുന്ന മുറക്ക്‌ ശേഷിക്കുന്ന അയൽക്കൂട്ടങ്ങൾക്ക്‌ കൂടി ഉടൻ വായ്‌പ ലഭിക്കും.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top