14 November Thursday

ലോക കേരള സഭ : പ്രതിപക്ഷതീരുമാനം പുനഃപരിശോധിക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019


സ്വന്തം ലേഖകൻ
തിരുവനന്തപുരം
പ്രവാസിക്ഷേമത്തിനായി രൂപീകരിച്ച ലോക കേരളസഭയിൽനിന്ന‌് രാജിവയ‌്ക്കാനുള്ള തീരുമാനത്തിൽനിന്ന‌് പ്രതിപക്ഷനേതാവും യുഡിഎഫ‌് അംഗങ്ങളും പിന്മാറണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. രാഷ‌്ട്രീയ മുദ്രാവാക്യത്തിന്റെ പേരിലുള്ള ഇത്തരം തീരുമാനം നമ്മൾ നൽകിയ ഉറപ്പിൽനിന്നുള്ള പിന്മാറ്റമായി പ്രവാസികൾ കാണും.   വികസനകാര്യത്തിൽ ഒന്നിച്ചുനിൽക്കുമെന്ന‌് ലോക കേരള സഭയ‌്ക്ക‌് നൽകിയ ഉറപ്പാണ‌്. കക്ഷിരാഷ്ട്രീയ താൽപ്പര്യത്തിൽ രാജിവയ്ക്കുന്നത് കേരളത്തെക്കുറിച്ച് തെറ്റായ സന്ദേശമാകും നൽകുകയെന്നും ധനാഭ്യർഥന ചർച്ചയ‌്ക്ക‌ുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.

ലോക കേരളസഭ ഈ സർക്കാരിന്റെ കാലത്ത് മാത്രം നിലനിൽക്കുന്ന ഒന്നായല്ല  വിഭാവനം ചെയ്തത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി വികസനം ജനപക്ഷത്തുനിന്ന‌് സംഘടിപ്പിക്കുക എന്നതായിരുന്നു അടിസ്ഥാനസമീപനം.

ഈ കാഴ്ചപ്പാടുകൊണ്ടുതന്നെ ലോക കേരളസഭാ രൂപീകരണം പ്രവാസികൾ കക്ഷിരാഷ്ട്രീയഭേദമെന്യേ സ്വാഗതം ചെയ‌്തതാണ‌്–- മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കും
തിരുവനന്തപുരം
കേരള‌ വികസനത്തിന‌് പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ വ്യവസായ വകുപ്പുമായി ചേർന്ന‌് പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൻആർഐ ഇൻവസ‌്റ്റേഴ‌്സ‌് കമ്പനി, എൻആർഐ കോ–-ഓപ്പറേറ്റീവ‌് സൊസൈറ്റി, വനിതാ എൻആർഐ സെൽ എന്നിവയും ഉടൻ ആരംഭിക്കും. നടപടികൾ ലഘൂകരിച്ച‌് പ്രവാസി നിക്ഷേപം ആകർഷിക്കലാണ‌് സർക്കാർ നയമെന്നും മുഖ്യമന്ത്രി ധനാഭ്യർഥന ചർച്ചയ‌്ക്കുള്ള മറുപടിയിൽ പറഞ്ഞു.
വിദേശത്തുനിന്ന‌് മടങ്ങിയവർക്കുള്ള വായ‌്പാ പദ്ധതിയായ എൻഡിപിആർഇയിൽ കൂടുതൽ ബാങ്കുകളെ ഉൾപ്പെടുത്തും. വിസ തട്ടിപ്പ‌് തടയാൻ തൊഴിലന്വേഷകർക്കായുള്ള ബോധവൽക്കരണം കൂടുതൽ വിപുലമാക്കും.

വിമാന യാത്രക്കൂലി വർധനയ‌്ക്കെതിരെ നിരവധിതവണ കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടും അനുകൂല നടപടിയുണ്ടായില്ല. ലോക കേരളസഭയുടെ നിർദേശങ്ങളിൽ പത്തെണ്ണം നടപ്പാക്കും. എൽഡി‌എഫ‌് സർക്കാർ വന്നശേഷം പ്രവാസികളുടെ ക്ഷേമത്തിനായി കൂടുതൽ തുക ചെലവഴിച്ചു. 2015–-16ൽ  22.4 കോടി രൂപയായിരുന്നു ചെലവഴിച്ചതെങ്കിൽ 2018–-19ൽ 51.97 കോടി രൂപയാണ‌് ചെലവഴിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top