12 November Tuesday

ഹോട്ടലല്ല, സര്‍ക്കാര്‍ സ്‌‌കൂളാണ്...;വിദ്യാര്‍ഥികള്‍ക്ക് വിഭവസമൃദ്ധ ഉച്ചഭക്ഷണമൊരുക്കി മങ്കട പള്ളിപ്പുറം ഗവ.എച്ച്എസ്എസ്

ആര്‍ ഹണീഷ്‌കുമാര്‍Updated: Thursday Jun 27, 2019

മലപ്പുറം > സാമ്പാര്‍, എരിശേരി, മോരുകറി, കടല ഉപ്പേരി, സാലഡ്, പരിപ്പുകറി,  കപ്പപ്പുഴുക്ക്...വിഭവസമൃദ്ധമായ ഊണ്‍. ഇത് ഏതെങ്കിലും ഹോട്ടലിലെ മെനുവല്ല. മങ്കട പള്ളിപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പാചകപുരയില്‍  പകല്‍ 12ഓടെ എത്തിയാല്‍ കാണാം ആവിപറക്കുന്ന രുചിക്കൂട്ടം. മൂന്നുവര്‍ഷമായി വിഭവസമൃദ്ധമാണ് ഇവിടെ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം. ചില ദിവസങ്ങളില്‍ ഭക്ഷണത്തിനുമുമ്പ്  പാലും മുട്ടയും നല്‍കും. വിദ്യാലയത്തിലെ ഭക്ഷണപട്ടികയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഓരോദിവസവും വിതരണംചെയ്യുന്ന ഭക്ഷണപട്ടിക സ്‌കൂളില്‍ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കും.  ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 1241 വിദ്യാര്‍ഥികളാണുള്ളത്. എട്ടാംതരത്തിലെ 215 കുട്ടികള്‍ക്കാണ്  ഉച്ചഭക്ഷണ പദ്ധതിക്ക് അര്‍ഹത. എന്നാല്‍ മറ്റ് ക്ലാസുകളിലെ ഭക്ഷണം കൊണ്ടുവരാന്‍ കഴിയാത്തവര്‍ക്കും ട്യൂഷനും മറ്റ് പഠനാവശ്യങ്ങള്‍ക്കുമായി അതിരാവിലെ വീട്ടില്‍നിന്ന് ഇറങ്ങുന്നവര്‍ക്കും  ഭക്ഷണംനല്‍കും.

ആവശ്യമായ അരി വിദ്യാഭ്യാസ വകുപ്പ് മുഖേന മാവേലി സ്‌റ്റോറുകളില്‍നിന്ന് ലഭിക്കും. പ്രാദേശിക ചന്തകളില്‍നിന്നാണ്  പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങുന്നത്. ഓരോ അധ്യയന വര്‍ഷത്തിനും ഒരു അധ്യാപകനെ ചുമതലപ്പെടുത്തിയാണ് പ്രവര്‍ത്തനം. രാവിലെ എട്ടരയോടെ പാചകതൊഴിലാളി  ജോലി തുടങ്ങും. ഈ സമയം സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളോ അധ്യാപകരോ  മറ്റ് ജീവനക്കാരോ സഹായിക്കും. 

മങ്കട പള്ളിപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണം

മങ്കട പള്ളിപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഉച്ചഭക്ഷണ വിതരണം



അധ്യാപകരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം.  എട്ടുലക്ഷം രൂപ മുതല്‍മുടക്കി പഴയ ക്ലാസ് മുറി  നവീകരിച്ചതാണ് പാചകപ്പുര. സ്‌റ്റോര്‍ മുറി, ഭക്ഷണ ഹാള്‍ എന്നിവയും അത്യാധുനികമാണ്. ഫര്‍ണിച്ചറുകളില്ലാത്തതിനാല്‍ ഭക്ഷണ ഹാള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.

പഠനരംഗത്തും മങ്കട പള്ളിപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്നില്‍തന്നെയാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി എസ്എസ്എല്‍സി പരീക്ഷയിലെ വിജയം 100 ശതമാനമാണ്. വിജയശതമാനത്തില്‍ ഏറെ പിന്നിലായിരുന്ന സര്‍ക്കാര്‍ സ്‌കൂളില്‍ മുന്നേറ്റം പ്രകടമായതോടെ പ്രദേശത്തെ യുപി സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ എട്ടാം ക്ലാസ് പഠനം ഇവിടെയാക്കിയതായി പ്രധാനാധ്യാപിക പി പി ആശാലത പറഞ്ഞു.


പ്രധാന വാർത്തകൾ
 Top