കവളങ്ങാട്
പരിസ്ഥിതിസംരക്ഷണ പ്രചാരണവുമായി 10–-ാംക്ലാസ് വിദ്യാർഥി സൈക്കിളിൽ ഇന്ത്യ ചുറ്റാനൊരുങ്ങുന്നു. പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് എച്ച്എസ്എസ് വിദ്യാർഥിയായ ജോഹൻ മാത്യു സന്തോഷിന്റെ (16) ഇനിയുള്ള മോഹമാണിത്. വാഹനങ്ങളിൽനിന്നുള്ള മലിനീകരണത്തിനെതിരെ 2021 ഏപ്രിൽ 10ന് അടിമാലിവരെ 46 കിലോമീറ്റർ ഒറ്റയ്ക്ക് സൈക്കിളിൽ യാത്ര ചെയ്തു. തുടർന്ന് കഴിഞ്ഞ 17 മുതൽ 24 വരെയുള്ള എട്ടുദിവസംകൊണ്ട് ധനുഷ്കോടിവരെ 530 കിലോമീറ്ററോളം സൈക്കിൾയാത്ര.
നെല്ലിമറ്റത്തുനിന്ന് തുടങ്ങി അടിമാലി, കല്ലാർകുട്ടി, രാജകുമാരി, പൂപ്പാറ, തേനി, മധുര, തിരുച്ചിറപ്പെട്ടി, രാമേശ്വരം വഴിയായിരുന്നു ധനുഷ്കോടി യാത്ര. കയറ്റമുള്ള വഴികളിൽ 80 കിലോമീറ്റും സാധാരണവഴികളിൽ 130 കിലോമീറ്ററും ഒരുദിവസം യാത്ര ചെയ്യും. പുലർച്ചെ അഞ്ചിന് ആരംഭിച്ച് രാത്രി ഒമ്പതിന് അവസാനിപ്പിക്കും.
സൈക്കിൾപ്രേമികളുടെ കൂട്ടായ്മയായ കോതമംഗലം പെഡൽ സ്ട്രൈഡേഴ്സ് ഗ്രൂപ്പിൽ അംഗമാണ്. ‘ഗോ ഗ്രീൻ ടു സേവ് എർത്ത്' എന്നെഴുതിയ ബോർഡ് വച്ചാണ് യാത്ര. സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡിൽ അംഗമായ ജോഹൻ രാജ്യപുരസ്കാർ അവാർഡും നേടിയിട്ടുണ്ട്. പഠനത്തിൽ മിടുക്കനായ കുട്ടിക്ക് സൈക്ലിങ്ങിലും അച്ഛനും അമ്മയും പൂർണപിന്തുണയാണ്. നെല്ലിമറ്റം താഴത്തൂട്ട് സന്തോഷിന്റെയും നിമ്മി ഈശോയുടെയും മകനാണ്. റോഹനും നേഹയും സഹോദരങ്ങളാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..