16 July Thursday

സൗജന്യകിറ്റ്‌ വാങ്ങിയത്‌ 84.04 ലക്ഷം പേര്‍

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020


സ്വന്തം ലേഖകൻ
സംസ്ഥാന സർക്കാർ സൗജന്യമായി വിതരണംചെയ്‌ത പലവ്യഞ്ജന കിറ്റ്‌ വാങ്ങിയത്‌ 84.04 ലക്ഷം കാർഡുടമകൾ. ‌ ആകെ 87.46 ലക്ഷം കാർഡുടമകളിൽ 96.08 ശതമാനം പേരും കിറ്റ്‌ വാങ്ങി. 30,000 പേർ സപ്ലൈകോ വെബ്‌സൈറ്റ്‌ വഴി കിറ്റ്‌ സംഭാവന ചെയ്‌തു. റേഷൻകട വഴിയുള്ള കിറ്റ്‌ വിതരണം ചൊവ്വാഴ്‌ച പൂർത്തിയായി. 

അവശ്യസാധനങ്ങൾ അടങ്ങിയ 17 ഇന കിറ്റാണ്‌ സർക്കാർ റേഷൻ കടവഴി വിതരണം ചെയ്‌തത്‌. ഇ പോസ്‌ മെഷീൻ മുഖേനയായതിനാൽ കിറ്റ്‌ വിതരണത്തിൽ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്താനായി.  756 കോടി രൂപയാണ്‌ കിറ്റ്‌ വിതരണത്തിന്‌ സർക്കാർ നീക്കിവച്ചത്‌.

പതിനായിരത്തോളം സന്നദ്ധസേനാ പ്രവർത്തകരും നാലായിരത്തോളം സപ്ലൈകോ പായ്‌ക്കിങ് തൊഴിലാളികളും രാപ്പകൽ അധ്വാനിച്ചാണ്‌ കിറ്റുകൾ തയ്യാറാക്കി നൽകിയത്‌. എല്ലാവർക്കും കിറ്റ്‌ ലഭിക്കാൻ വിതരണസമയം നീട്ടിനൽകിയിരുന്നു. അപേക്ഷിച്ച്‌ 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് ലഭിച്ചവർക്കും കിറ്റ്‌ നൽകി. അടച്ചുപൂട്ടലിനെ തുടർന്ന്‌ കാർഡ് രജിസ്റ്റർ ചെയ്ത റേഷൻകടയിൽനിന്ന്‌ കിറ്റ്‌ വാങ്ങാനാകാത്തവർക്ക്‌ സത്യവാങ്മൂലം വാങ്ങിയും കിറ്റ്‌ നൽകി. 

അനാഥാലയങ്ങൾ, അഗതിമന്ദിരങ്ങൾ, കോൺവെന്റുകൾ തുടങ്ങിയ സ്ഥലങ്ങളിലെ അന്തേവാസികൾക്കും കിറ്റ്‌ നൽകുന്നുണ്ട്‌. ഇവർക്കുള്ള കിറ്റുകൾ സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ സപ്ലൈ ഓഫീസറുടെയും അംഗീകാരത്തോടെ സപ്ലൈകോ വിപണനശാലയിൽനിന്നും നൽകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top