03 July Friday

കൂടുതൽ മാർഗനിർദേശങ്ങൾ; സ്കൂളിനുമുന്നില്‍ രക്ഷിതാക്കൾ കൂട്ടംകൂടിയാല്‍ നടപടി

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020


തിരുവനന്തപുരം
പുനരാരംഭിച്ച സ്കൂൾ പരീക്ഷകളുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ്‌ മേധാവി ലോക്നാഥ് ബെഹ്റ കൂടുതൽ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളുമായി എത്തുന്ന ബസുകൾക്ക് സ്കൂൾ കോമ്പൗണ്ടിനകത്തേക്ക്‌ പ്രവേശിക്കാം. ഇതിന്‌ സൗകര്യമില്ലാത്ത സ്കൂളുകളിൽ ഗേറ്റിന് 100 മീറ്റർ മുമ്പായി ബസ് നിർത്തി കുട്ടികളെ ഇറക്കിയശേഷം അവരെ വരിയായി സാമൂഹ്യ അകലം പാലിച്ച് അച്ചടക്കത്തോടെ പരീക്ഷാഹാളിലേക്ക്‌ കൊണ്ടുപോകണം.

മറ്റ് വാഹനങ്ങളിൽ എത്തുന്ന കുട്ടികൾ ഗേറ്റിന് 100 മീറ്റർ മുമ്പുതന്നെ വാഹനം നിർത്തി ഇറങ്ങി പരീക്ഷാഹാളിലേക്ക്‌ പോകണം. ഒപ്പം വന്ന ഡ്രൈവറോ മാതാപിതാക്കളോ സ്കൂളിലേക്ക്‌ പോകരുത്‌. പരീക്ഷാസമയം തീരുന്നതുവരെ കാത്തുനിൽക്കാതെ മടങ്ങണം. കുട്ടിയെ തിരികെ കൊണ്ടുപോകാനായി പരീക്ഷ കഴിയുമ്പോൾ മാത്രമേ വരാവൂ. പരീക്ഷാകേന്ദ്രങ്ങൾക്കു മുന്നിലെ തിരക്ക് ഒഴിവാക്കാനും സാമൂഹ്യ അകലം പാലിക്കാനും ഇത് സഹായിക്കും. ഇവ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.

പരീക്ഷ കഴിയുമ്പോൾ തിരക്ക് ഒഴിവാക്കാനായി കുട്ടികളെ ഒരുമിച്ച് ഒരേസമയംതന്നെ പുറത്തിറക്കരുതെന്ന് സ്കൂൾ അധികൃതരോട് അഭ്യർഥിക്കും. സാമൂഹ്യ അകലം പാലിച്ച് വരിയായി വേണം കുട്ടികളെ പുറത്തേക്ക്‌ വിടേണ്ടതെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.


പ്രധാന വാർത്തകൾ
 Top