17 September Tuesday

അക്ഷരമുറ്റമൊരുങ്ങുന്നു; കൂട്ടുകാർക്കായി

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019


സ്വന്തം ലേഖിക
അക്ഷരമുറ്റത്തെത്തുന്ന കുരുന്നുകൾക്ക‌് നല്ലോർമയേകും വരവേൽപ്പേകാൻ തയ്യാറെടുക്കുകയാണ‌് പൊതുവിദ്യാഭ്യാസ വകുപ്പ‌്. ചരിത്രത്തിൽ ആദ്യമായി ഒന്നുമുതൽ 12 വരെ ക്ലാസുകൾക്ക‌് ഒരേദിനം അധ്യയന വർഷം ആരംഭിക്കുന്ന സന്തോഷത്തിലാണ‌് ഇത്തവണത്തെ പ്രവേശനോത്സവം. ജൂൺ മൂന്നിന‌് തൃശൂർ ചെമ്പൂച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഉദ‌്ഘാടനം ചെയ്യും.

ഒന്നാം ക്ലാസിലേക്ക‌് പ്രവേശിക്കുന്ന കുരുന്നുകളുടെയും പതിനൊന്നാം ക്ലാസിലേക്ക‌് പ്രവേശിക്കുന്ന വിദ്യാർഥികളുടെയും പ്രവേശനോത്സവം ഒരേ വേദിയിലാണ‌് സംഘടിപ്പിക്കുന്നത‌്. സംസ്ഥാനതലത്തിൽ മുഖ്യമന്ത്രിയും ജില്ലാ കേന്ദ്രങ്ങളിൽ ചുമതലയുള്ള മന്ത്രിമാരും ആഘോഷ പരിപാടികൾ ഉദ‌്ഘാടനം ചെയ്യും. നിയോജക മണ്ഡലങ്ങളിൽ എംഎൽഎമാരുടെയും പഞ്ചായത്തുകളിൽ പ്രസിഡന്റുമാരുടെയും നേതൃത്വത്തിൽ ആഘോഷം സംഘടിപ്പിക്കും. പഠനോത്സവത്തിനായി വാദ്യമേളങ്ങളുടെ അകമ്പടിയിൽ വർണത്തൊപ്പികളും പൂച്ചെണ്ടുകളും സമ്മാനിച്ച‌് കുട്ടികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ‌് അധ്യാപകർ. പലയിടങ്ങളിലും പ്രവർത്തനങ്ങളിൽ പൂർവ വിദ്യാർഥികളും പങ്കാളികളാകുന്നു.

സ്കൂൾ തുറക്കുന്നതിന‌് വളരെ മുമ്പേ അക്കാദമിക‌് മാസ‌്റ്റർ പ്ലാനും അക്കാദമിക‌് കലണ്ടറും പൊതു വിദ്യാഭ്യാസ വകുപ്പ‌് തയ്യാറാക്കി. ഒന്നുമുതൽ എട്ടുവരെയുള്ള പാഠപുസ്തകങ്ങൾ വേനലവധി തുടങ്ങും മുമ്പേ വിതരണം ചെയ്തു.  സൗജന്യ യൂണിഫോമിനായുള്ള കൈത്തറി തുണിവിതരണവും അന്തിമ ഘട്ടത്തിലാണ‌്. ഹൈടെക‌് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ അധ്യാപകർക്ക‌് സമഗ്ര പരിശീലനവും പൂർത്തിയാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top