04 June Sunday

ദേശാഭിമാനി–നന്തിലത്ത്‌ ‘ഖത്തർ സോക്കർ’ പ്രവചനമത്സരം ; കൈനിറയെ സമ്മാനവുമായി ജേതാക്കൾ മടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023


തൃശൂർ
ഖത്തർ പുൽമൈതാനങ്ങളെ വിസ്‌മയിപ്പിച്ച ഫുട്‌ബോൾ ലോകകപ്പ്‌ ലഹരിക്കൊപ്പം, ദേശാഭിമാനിയുടെ ‘ഖത്തർ സോക്കർ–- 2022’ പ്രവചനമത്സരത്തിൽ പങ്കുചേർന്ന്‌ വിജയികളായവർ കൈനിറയേ സമ്മാനങ്ങളുമായി മടങ്ങി. ലോകകപ്പ്‌ ഫുട്‌ബോൾ മത്സരത്തോടനുബന്ധിച്ച്‌ ദേശാഭിമാനിയും നന്തിലത്ത്‌ ജിമാർട്ടും ചേർന്ന്‌ ഒരുക്കിയ പ്രവചന മത്സരവിജയികൾ മാരുതി ആൾട്ടോ കാറും എൽഇഡി ടിവികളും അടങ്ങിയ സമ്മാനം കായികമന്ത്രി വി അബ്ദുറഹിമാനിൽനിന്ന്‌ ഏറ്റുവാങ്ങി.

ഒന്നര ലക്ഷത്തിലേറെ വരുന്ന ഭാഗ്യാന്വേഷികളിൽനിന്ന്‌ തെരഞ്ഞെടുത്ത വിജയികൾ, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോൾ പ്രതിഭകളായ ഐ എം വിജയന്റെയും സി വി പാപ്പച്ചന്റെയും സാന്നിധ്യത്തിൽ  എത്തിയാണ്‌  സമ്മാനങ്ങൾ കൈപ്പറ്റിയത്‌. തൃശൂർ കാസിനോ ഹോട്ടൽ സെനറ്റ്‌ ഹാളിൽ സമ്മാനദാനച്ചടങ്ങ്‌ കായികമന്ത്രി വി അബ്ദുറഹ്‌മാൻ ഉദ്‌ഘാടനം ചെയ്‌തു. ദേശാഭിമാനി റെസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ അധ്യക്ഷനായി.

ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ നായകന്മാരായ സി വി പാപ്പച്ചൻ, ഐ എം വിജയൻ, സ്‌പോർട്‌സ്‌ കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ കെ ആർ സാംബശിവൻ, നന്തിലത്ത്‌ ജിമാർട്ട്‌ സിഇഒ പി എ സുബൈർ, ദേശാഭിമാനി തൃശൂർ ന്യൂസ്‌ എഡിറ്റർ ഇ എസ്‌ സുഭാഷ്‌, സ്‌പോർട്‌സ്‌ ന്യൂസ്‌ എഡിറ്റർ ആർ രഞ്ജിത്ത്‌, യൂണിറ്റ്‌ മാനേജർ ഐ പി ഷൈൻ, പരസ്യവിഭാഗം മേധാവി ടി എം നിഷാന്ത്‌ എന്നിവർ സംസാരിച്ചു.
കോഴിക്കോട്‌ കൊടിയത്തൂർ സ്വദേശി സി കെ സുബൈറാണ്‌ ബംബർ സമ്മാനവിജയി. ലോകകപ്പ്‌ മത്സരങ്ങൾ നടന്ന എല്ലാ ദിവസങ്ങളിലെയും വിജയികളെ പ്രവചിച്ച്‌  30പേർക്കാണ്‌ എൽഇഡി ടിവികൾ സമ്മാനമായി നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top