26 May Tuesday

പുത്തുമലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020


കൽപ്പറ്റ
പ്രളയകാലത്ത്‌ ഉരുൾപൊട്ടി 17 പേർ മരിച്ച പുത്തുമലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഉരുളൊഴുകിയ സൂചിപ്പാറ പത്തേക്കർ ഭാഗത്താണ്‌ അവശിഷ്‌ടങ്ങൾ കണ്ടത്‌. പുത്തുമലയിൽനിന്ന്‌ ഇവിടേക്ക്‌ മൂന്ന്‌ കിലോമീറ്ററോളം ദൂരമുണ്ട്‌. തലയോട്ടി, കഴുത്തെല്ല്‌, നട്ടെല്ല്‌, വാരിയെല്ലുകൾ, ഇടതു കാലിന്റെ എല്ല്‌ എന്നിവയാണ്‌ ലഭിച്ചത്‌. പുഴയിൽ മോട്ടോർ വയ്ക്കാൻപോയ പ്രദേശവാസിയാണ്‌ പുഴക്കരയിൽ അവശിഷ്ടങ്ങൾ കണ്ടത്‌.

ദുരന്തത്തിൽ 17 പേർ മരിച്ചതിൽ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തിയിരുന്നില്ല. വിവരമറിയിച്ചതനുസരിച്ച്‌ വ്യാഴാഴ്‌ച രാവിലെ മേപ്പാടി പൊലീസ്‌ സ്ഥലത്തെത്തി ഇൻക്വസ്‌റ്റ്‌ നടത്തി അവശിഷ്ടങ്ങൾ ശേഖരിച്ചു. ഡിഎൻഎ പരിശോധനക്ക്‌ സാമ്പിൾ എടുക്കാനായി അസ്ഥികൾ ബത്തേരി താലൂക്ക്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. പൊലീസ്‌ സർജന്റെ നേതൃത്വത്തിൽ സാമ്പിളെടുത്ത്‌ തിരുവനന്തപുരം ഫോറൻസിക്‌ ലാബിൽ ഡിഎൻഎ പരിശോധന നടത്തും. അവശിഷ്ടങ്ങൾ ഉരുൾപൊട്ടലിൽ കാണാതായവരുടേതോ, അതോ മറ്റാരുടേതെങ്കിലുമാണോയെന്ന്‌ ഡിഎൻഎ പരിശോധനയിൽ വ്യക്തമാകും. ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകൾ നേരത്തേതന്നെ ശേഖരിച്ചിട്ടുണ്ട്‌. 

കഴിഞ്ഞ ആഗസ്‌ത്‌ എട്ടിനായിരുന്നു പുത്തുമലയിൽ ഉരുൾപൊട്ടിയത്‌.  ഇപ്പോൾ അവശിഷ്ടം ലഭിച്ചതിന്റെ സമീപ പ്രദേശങ്ങളിൽനിന്ന്‌ രണ്ടു മൃതദേഹങ്ങൾ ലഭിച്ചിരുന്നു. കേന്ദ്രസേനയുൾപ്പെടെ 18 ദിവസം തെരച്ചിൽനടത്തി. 12 മൃതദേഹങ്ങൾ ലഭിച്ചു. കാണാതായ അഞ്ചുപേരെ, ബന്ധുക്കളുടെ ആവശ്യപ്രകാരം സർക്കാർ മരിച്ചവരായി കണക്കാക്കി സർട്ടിഫിക്കറ്റ്‌ നൽകി. കുടുംബങ്ങൾക്ക്‌ ധനസഹായവും അനുവദിച്ചു.


പ്രധാന വാർത്തകൾ
 Top