31 March Tuesday

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക സംവരണം: ചരിത്രമെഴുതി കേരളം; ആറു പേർ ഇന്ന്‌ ജോലിയിൽ പ്രവേശിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Feb 27, 2020

reservation for economically backward section in upper caste

തിരുവനന്തപുരം > എൽഡിഎഫ്‌ സർക്കാർ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു അനുവദിച്ച സംവരണം വഴി ആറു പേർക്ക്‌ ജോലി. നിയമം മൂലം ആദ്യമായി നിയമനം ലഭിച്ച ആറു പേർ വ്യാഴാഴ്‌ച തിരുവിതാംകൂർ ദേവസ്വം ബോർഡിൽ  പ്രവേശിക്കും. ഇതിനായി ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ ശുപാർശ നൽകി. ക്ലർക്ക്‌/സബ്‌ ഗ്രൂപ്പ്‌ ഓഫീസർ തസ്‌തികയിലാണ്‌ നിയമനം. എൽഡിഎഫ്‌ പ്രകടനപത്രികയിലെ സുപ്രധാന വാഗ്‌ദാനമാണ്‌ ഇതോടെ നടപ്പാകുന്നതെന്ന്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിലെ 64 ഒഴിവിലാണ്‌ ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ പ്രസിദ്ധീകരിച്ച റാങ്ക്‌ ലിസ്‌റ്റിൽനിന്ന്‌ നിയമനം നടത്തിയത്‌. ഇതിൽ ആറു പേർ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്‌. ജനറൽ വിഭാഗത്തിൽ ജോലി ലഭിച്ച മുന്നോക്കക്കാർക്ക്‌ പുറമെയാണിത്‌.  12 ഈഴവ സമുദായക്കാരും ആറ്‌ പട്ടിക ജാതിക്കാരും ഒന്നു വീതം പട്ടികവർഗ, വിശ്വകർമ, ധീവര വിഭാഗക്കാരും രണ്ട്‌ ഭിന്നശേഷിക്കാരും ഒരു വിമുക്തഭടനും സംവരണത്തിലൂടെ നിയമനം നേടി.

വാർത്താസമ്മേളനത്തിൽ ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ ചെയർമാൻ അഡ്വ. എം രാജഗോപാലൻ നായർ, അംഗങ്ങളായ ജി എസ്‌ ഷൈലാമണി, പി സി രവീന്ദ്രനാഥൻ എന്നിവരും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top