05 April Sunday

ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രം നടപടി എടുക്കണം : പിണറായി വിജയൻ

വെബ് ഡെസ്‌ക്‌Updated: Thursday Feb 27, 2020


ഡൽഹിയിൽ ജനജീവിതം സാധാരണ നിലയിലാക്കാനും അക്രമങ്ങൾ  തടയാനും കേന്ദ്ര സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഡൽഹിയിൽ  സാധാരണ ജനങ്ങൾ ഭീതിയിലാണ്‌. ജീവനും സ്വത്തിനും സുരക്ഷ നഷ്ടപ്പെടുന്നു എന്ന ആശങ്ക അനേകം മലയാളികൾ അറിയിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ അരക്ഷിതാവസ്ഥയുടെ തീവ്രതയാണ് ഇത് തെളിയിക്കുന്നത്.

ഊഹാപോഹങ്ങളുടെയും വെറുപ്പിന്റെയും പ്രചാരണം നടക്കുന്നു. മാധ്യമ പ്രവർത്തകർപോലും ആക്രമിക്കപ്പെടുന്നു. മരണസംഖ്യ വർധിച്ചു കൊണ്ടിരിക്കുകയാണ്.  കലാപത്തിന് തീകൊളുത്തിയ ബിജെപി നേതാവ് ഇപ്പോഴും സ്വതന്ത്രനാണ് എന്നത് ആശങ്ക സൃഷ്ടിക്കുന്നു. മതഭ്രാന്തുമായി സ്വകാര്യ സേനകളും കലാപത്തിൽ പങ്കാളിത്തം വഹിക്കുന്നു എന്നത്‌ നിയമവാഴ്ചയുടെ ഗുരുതരമായ തകർച്ചയാണ്‌.

കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം മടിച്ചുനിൽക്കരുത്. വർഗീയ സ്വഭാവത്തിലുള്ള മനുഷ്യവേട്ടയ്‌ക്ക്‌ രാജ്യതലസ്ഥാനം വേദിയാകുന്നത്‌ ഞെട്ടിപ്പിക്കുന്നതാണ്‌.  പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനുള്ളതാണ്. അതിനെ തെരുവിൽ നേരിട്ട് തോൽപ്പിച്ചു കളയാം എന്ന സംഘപരിവാർ വ്യാമോഹത്തിന്റെ  ഉൽപ്പന്നമാണ് ഈ അക്രമം. അത് തിരിച്ചറിഞ്ഞ്‌ ജനങ്ങൾക്കിടയിൽ സമാധാന പ്രവർത്തനങ്ങൾക്ക്‌ മുന്നിട്ടിറങ്ങാൻ മതനിരപേക്ഷശക്തികൾ തയ്യാറാകണം.

വർഗീയ ധ്രുവീകരണ നീക്കങ്ങൾക്കെതിരെ ജാഗ്രതയോടെ ഇടപെടാനും മതനിരപേക്ഷത ഉയർത്തിപ്പിടിച്ച്‌ സാഹോദര്യം ഊട്ടിയുറപ്പിക്കാനും ഡൽഹിയിലെ മലയാളിസമൂഹം മുന്നിട്ടിറങ്ങമെന്നും  മുഖ്യമന്ത്രി  അഭ്യർഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top