04 June Thursday
ലോക്കലുകളിൽ മതനിരപേക്ഷ റാലി

ഐക്യത്തോടെ പ്രതിരോധം തീർക്കുക: -സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Feb 27, 2020


കലാപങ്ങളിലൂടെ വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിനെതിരെ എല്ലാ ലോക്കലുകളിലും മതനിരപേക്ഷ റാലി സംഘടിപ്പിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു.

ഗുജറാത്ത്‌ വംശഹത്യക്ക്‌ സമാന രീതിയിലാണ്‌ രാജ്യതലസ്ഥാനത്തും ആക്രമണം അരങ്ങേറിയത്‌. കേന്ദ്രസർക്കാർ നിയന്ത്രിക്കുന്ന ദില്ലി പൊലീസ്‌ കാഴ്‌ചക്കാരാവുകയോ അക്രമികൾക്കൊപ്പം ചേരുകയോ ഉണ്ടായെന്ന പരാതി വ്യാപകമാണ്‌. മുഖംനോക്കാതെ അക്രമം അടിച്ചമർത്തുകയെന്നതാണ്‌ പൊലീസിൽനിന്നും മറ്റ്‌ ഭരണ സംവിധാനങ്ങളിൽനിന്നും രാജ്യവും ജനങ്ങളും പ്രതീക്ഷിക്കുന്നത്‌.

ഇത്തരം സാഹചര്യം ആഗ്രഹിക്കുന്ന ഭീകരവാദ പ്രസ്ഥാനങ്ങളും മതമൗലികവാദികളും നാട്ടിലുണ്ടെന്ന കാര്യവും ഗൗരവമാണ്‌. വർഗീയയാഗ്നി ആളിക്കത്തിക്കാതിരിക്കാനും സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാനുമാണ്‌ രാജ്യത്തെ സ്‌നേഹിക്കുന്ന മുഴുവൻ ആളുകളും ശ്രമിക്കേണ്ടത്‌. കലാപത്തിന്‌ ആഹ്വാനം നൽകിയ ബിജെപി നേതാവ്‌ ഉൾപ്പെടെയുള്ളവരെ നിയമത്തിനുമുമ്പിൽ കൊണ്ടുവരണം. എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്‌ നമ്മുടെ രാജ്യമെന്ന ആത്മവിശ്വാസം ജനങ്ങളിൽ സൃഷ്ടിക്കാനാണ്‌ കേന്ദ്രസർക്കാരും പൊലീസും നീതിന്യായ സംവിധാനങ്ങളും ശ്രമിക്കേണ്ടത്‌. ഭീതിയുടെയും വെറുപ്പിന്റെയും അന്തരീക്ഷം പടരാതിരിക്കാൻ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കപ്പുറത്ത്‌ മുഴുവൻ മതനിരപേക്ഷ ജനാധിപത്യശക്തികളും നിലപാട്‌ സ്വീകരിക്കണം. വർഗീയവാദികളും മതഭീകര സംഘടനകളും ഒഴികെയുള്ള എല്ലാ ശക്തികളും ഐക്യത്തോടെ പ്രതിരോധം തീർക്കണമെന്ന്‌ സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു.


പ്രധാന വാർത്തകൾ
 Top