31 March Tuesday

പന്ത്രണ്ടിന പരിപാടി സമയബന്ധിതമായി നടപ്പാക്കണം, ഫയൽ കുടിശ്ശിക ഉണ്ടാവരുത്‌: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Feb 27, 2020


സ്വന്തം ലേഖകൻ
പുതുവത്സര ദിനത്തിൽ പ്രഖ്യാപിച്ച 12 ഇന പരിപാടികളും ബജറ്റ് നിർദേശങ്ങളും സമയബന്ധിതമായി നടപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വകുപ്പ് സെക്രട്ടറിമാർ രണ്ടാഴ്ചയിലൊരിക്കൽ പ്രവർത്തനം അവലോകനംചെയ്ത് മന്ത്രിമാർക്ക് റിപ്പോർട്ട് നൽകണം. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിൽ  അദ്ദേഹം പറഞ്ഞു.

പന്ത്രണ്ടിന വികസന പരിപാടികളുടെയും തദ്ദേശസ്ഥാപന ഭാരവാഹികളുടെ യോഗത്തിൽ പ്രഖ്യാപിച്ച പരിപാടികളുടെയും പ്രവർത്തന പുരോഗതി മുഖ്യമന്ത്രി അവലോകനം ചെയ്തു. പുറമ്പോക്കിൽ താമസിക്കുന്നവർ ഉൾപ്പെടെ മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കാർഡ്, ജൂണിൽ ഒരു കോടി വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന പരിപാടി, എല്ലാ റോഡ്‌–- ഇടവഴികളിലും എൽഇഡി വിളക്കുകൾ, 2020 ഡിസംബറിനുമുമ്പ് മുഴുവൻ റോഡുകളും മികച്ച നിലയിൽ പുനർനിർമിക്കൽ, സ്ത്രീകൾക്ക് യാത്രാവേളകളിൽ തങ്ങാൻ സുരക്ഷിത വിശ്രമകേന്ദ്രങ്ങൾ, വഴിയോരങ്ങളിലും പ്രധാന കേന്ദ്രങ്ങളിലുമായി 24,000 ശുചിമുറി,  സാമൂഹ്യ സന്നദ്ധസേനാ രൂപീകരണം, ഓരോ പഞ്ചായത്തിലും നഗരസഭയിലും ആയിരത്തിൽ  അഞ്ചുപേർക്ക് പുതിയ തൊഴിലവസരം എന്നിവ നടപ്പാക്കാനുള്ള നടപടി മാർച്ചിൽ  ആരംഭിക്കണം.

വർഷം അവസാനിക്കുമ്പോൾ ഫയൽ കുടിശ്ശിക ഉണ്ടാകരുത്. താലൂക്കുതലത്തിൽ മാസത്തിലൊരിക്കൽ കലക്ടർമാരുടെ അദാലത്ത് ആരംഭിച്ചിട്ടുണ്ട്.  കൃഷി, മൃഗസംരക്ഷണ മേഖലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന പരിപാടികൾ വേഗത്തിലാക്കണം. കെട്ടിടനിർമാണ ചട്ടങ്ങൾ പരിശോധിച്ച് കണ്ടെത്തുന്ന അപാകം ഉടൻ പരിഹരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top