02 December Wednesday

കളംപിടിക്കാൻ ഉമ്മൻചാണ്ടി ; കോൺഗ്രസ്‌ രാഷ്ട്രീയകാര്യ സമിതി നാളെ

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020


തിരുവനന്തപുരം
നാല്‌ പതിറ്റാണ്ട്‌ ഒപ്പംനിന്ന കേരള കോൺഗ്രസ്‌ മാണി വിഭാഗം മുന്നണി വിട്ടതിന്റെ ആഘാതത്തിനിടെ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി ബുധനാഴ്‌ച ചേരും. കെപിസിസി നേതൃത്വത്തിനും പ്രതിപക്ഷനേതാവിനുമെതിരെ ശക്തമായ വിമർശനം ഉയരുന്ന സാഹചര്യത്തിൽ  ഉമ്മൻചാണ്ടിയെ മുൻനിരയിലേക്ക്‌ എത്തിക്കാനുള്ള അന്തിമനീക്കത്തിലാണ്‌ എ ഗ്രൂപ്പ്‌.

പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ്‌ കൺവീനർ എം എം ഹസ്സനും സ്വീകരിക്കുന്ന തന്ത്രങ്ങൾക്കെതിരെ കോൺഗ്രസിനുള്ളിൽ ശക്തമായ വികാരമുണ്ട്‌.  നിലപാടുകളിലെ പൊരുത്തമില്ലായ്‌മയും അപക്വ സമീപനവും കെപിസിസി ഭാരവാഹികളിലടക്കം അതൃപ്‌തി ഉളവാക്കി‌. മാണി സി കാപ്പനുമായി ചർച്ച നടത്തിയെന്ന ഹസ്സന്റെ പ്രസ്താവന ചെന്നിത്തല തന്നെ തള്ളിയത്‌ ഒടുവിലത്തെ ഉദാഹരണം. കെ മുരളീധരൻ ഉൾപ്പെടെയുള്ളവർ നേതൃത്വത്തിനെതിരെ ഉയർത്തിയ പരസ്യ വിമർശനം മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും പ്രതിസന്ധിയിലാക്കി. മുരളിയുടെ വിമർശനത്തെ, കെ കരുണാകരനെ വച്ച് ‌ പ്രതിരോധിക്കാനാണ് മുല്ലപ്പള്ളി ശ്രമിച്ചത്. 

ജമാഅത്തെ ഇസ്ലാമി അമീറുമായി കൂടിക്കാഴ്ച നടത്തിയ ഹസ്സൻ  പാർടിയെ രാഷ്‌ട്രീയ പ്രതിസന്ധിയിലാക്കിയെന്ന വികാരം ശക്തമാണ്‌. സമരം അവസാനിപ്പിക്കാനുള്ള പ്രതിപക്ഷനേതാവിന്റെ ആഹ്വാനം സ്ഥാനമേറ്റശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ തന്നെ ഹസ്സൻ തള്ളി. പിന്നീട് അഞ്ചാൾസമരം സംഘടിപ്പിച്ചെങ്കിലും മുന്നോട്ടുപോയില്ല. ഇതിനിടെ മാണി വിഭാഗം മുന്നണി വിട്ടതോടെ കൺവീനറുടെ കാര്യപ്രാപ്‌തിയും  ചോദ്യംചെയ്യപ്പെട്ടു.

കളികണ്ട്‌ ചാണ്ടിയും സുധീരനും
അതേസമയം, ഉമ്മൻചാണ്ടിയും വി എം സുധീരനും ഉൾപ്പെടെയുള്ളവർ സമർഥമായി മാറിനിന്ന്‌ കളികാണുകയാണ്‌. ആവശ്യമായ ഘട്ടത്തിൽ മാത്രം തന്ത്രപൂർവം ഇടപെടുകയെന്ന രീതിയാണ്‌ ഉമ്മൻചാണ്ടിയുടേത്. നാലര വർഷം മുന്നണിയെ നയിച്ച തന്നെ അവസാന ലാപ്പിൽ അട്ടിമറിക്കാനുള്ള ഉമ്മൻചാണ്ടിയുടെയും എ വിഭാഗത്തിന്റെയും നീക്കത്തിൽ ചെന്നിത്തല അസ്വസ്ഥനാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top