28 November Saturday

ഓളപ്പരപ്പിൽ പറന്നിറങ്ങി വിസ്‌മയം ; ഇന്ത്യയിലെ ആദ്യ സീപ്ലെയിൻ കൊച്ചിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020


കൊച്ചി
ഗുജറാത്തില്‍ 31ന് സര്‍‌വീസ് ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യ സീപ്ലെയിന്‍ കൊച്ചിയിലെത്തി. മാലിദ്വീപില്‍നിന്നാണ് സീപ്ലെയിന്‍ ഗുജറാത്തിൽ എത്തിക്കുന്നത്. ഇതിനിടെ ഇന്ധനം നിറയ്ക്കാനാണ് വെണ്ടുരുത്തി പാലത്തിനുസമീപം കൊച്ചി കായലില്‍ ഇറങ്ങിയത്. പകല്‍ 1.15ന്‌ എത്തിയ സീപ്ലെയിന്‍ ദക്ഷിണ നാവികസേനാ കേന്ദ്രത്തില്‍നിന്ന്‌ ഇന്ധനം നിറച്ചു.

ക്യാപ്റ്റന്‍ ക്രൂ, എന്‍ജിനിയര്‍മാര്‍ എന്നിവരടക്കം ആറുപേര്‍ വിമാനത്തിലുണ്ടായിരുന്നു. ഇന്ധനം നിറച്ചശേഷം വൈകിട്ട്‌ മൂന്നോടെ ഗുജറാത്തിലേക്കു തിരിച്ചു. വെണ്ടുരുത്തി പാലത്തില്‍ നിന്ന് സീപ്ലെയിന്‍ കാണാന്‍ നിരവധി കാഴ്‌ചക്കാരെത്തി.

മാലിദ്വീപില്‍നിന്ന് ഞായറാഴ്ച രാവിലെ 7.20ന് യാത്ര തിരിച്ച വിമാനം ഹനിമാധു ദ്വീപില്‍ 8.35ന് എത്തി. അവിടെനിന്ന് 10ന് കൊച്ചിയിലേക്ക് യാത്ര തിരിച്ചു. വൈകിട്ടോടെ വിമാനം ഗോവയിലെത്തും. തിങ്കളാഴ്ച രാവിലെ 10ന് ഗുജറാത്തിലെ കേവാദിയയിലേക്ക് യാത്ര ആരംഭിക്കും. കേവാദിയയില്‍നിന്ന് പകല്‍ 2.20ന് സബര്‍മതിയിലേക്ക് പോകും.

അഹമ്മദാബാദിലെ സബര്‍മതി നദിക്കരയില്‍നിന്ന് കേവാദിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്ക് സര്‍‌വീസ് നടത്താനാണ് സീപ്ലെയിന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ദാര്‍ വല്ലഭ്‌ഭായ് പട്ടേലിന്റെ ജന്മദിനത്തിന്റെ ഭാഗമായി 31ന് ആദ്യസര്‍വീസ് നടത്തും.

വ്യോമയാനമന്ത്രാലയത്തിന്റെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും മേല്‍നോട്ടത്തില്‍ സ്‌പൈസ്‌ജെറ്റ് കമ്പനിക്കാണ് സര്‍വീസ് നടത്താനുള്ള ചുമതല. പ്രതിദിനം എട്ട് സര്‍വീസുണ്ടാകും. 19 സീറ്റുണ്ട്‌. 12 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാം. 4,800 രൂപയാണ്‌ ടിക്കറ്റ് നിരക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top