04 December Friday

ജ്വലിച്ചു മേനാശേരി രക്തസാക്ഷിസ്‌മരണ ; മാരാരിക്കുളം രക്തസാക്ഷികള്‍ക്ക് ഇന്ന് പ്രണാമം ;വയലാര്‍ ദിനം നാളെ

വെബ് ഡെസ്‌ക്‌Updated: Sunday Oct 25, 2020


തുറവൂർ
ഐതിഹാസികമായ മേനാശേരി സമരത്തിലെ രക്തസാക്ഷികൾക്ക് നാട് അഭിവാദ്യമർപ്പിച്ചു. പുന്നപ്ര–-വയലാർ 74–-ാം വാർഷിക വാരാചരണത്തിന്റെ ഭാഗമായ മേനാശേരി ദിനത്തോടനുബന്ധിച്ച് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടന്നു. ഇരു കമ്യൂണിസ്‌റ്റ്‌ പാർടി നേതാക്കളായ ആർ നാസർ, മനു സി പുളിക്കൽ, ദിനകരൻ, എൻ എസ് ശിവപ്രസാദ്, പി കെ സാബു, എൻ പി ഷിബു, ടി എം ഷെറീഫ്, കെ ജി പ്രിയദർശൻ, പി ഡി ബിജു, സി കെ മോഹനൻ, എസ് പി സുമേഷ് എന്നിവർ പങ്കെടുത്തു.

അനുസ്‌മരണത്തിന്റെ ഭാഗമായി ‘മാധ്യമ ഭീകരത' എന്ന വിഷയത്തിൽ രാത്രി ഏഴിന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവും ‘പുന്നപ്ര- വയലാറും തൊഴിലാളി വർഗവും' വിഷയത്തിൽ രാത്രി 7.30ന് സിപിഐ എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദും ഓൺലൈൻ പ്രഭാഷണം നടത്തി.


മാരാരിക്കുളം രക്തസാക്ഷികള്‍ക്ക് ഇന്ന് പ്രണാമം ;വയലാര്‍ ദിനം നാളെ
മാരാരിക്കുളം രക്തസാക്ഷികൾക്ക് തിങ്കളാഴ്‌ച നാട് പ്രണാമം അർപ്പിക്കും.  നാടിന്റെ സമര ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ് മാരാരിക്കുളം രക്തസാക്ഷിത്വം. പുന്നപ്രയിലെ വെടിവയ്‌പിനുശേഷം പട്ടാളം മാരാരിക്കുളം പാലംകടന്ന് വയലാറിലേക്ക് റോഡുമാർഗം നീങ്ങാൻ തീരുമാനിച്ചു. പട്ടാളം കടക്കുന്നത് തടയാൻ സമരഭടന്മാർ മാരാരിക്കുളം പാലം പൊളിച്ചു. പട്ടാളക്കാർ പാലം പുനർനിർമിച്ചു. പുതിയ പാലം തകർക്കാനും വളണ്ടിയർമാർ പദ്ധതിയിട്ടു. ഇത് മനസിലാക്കിയ പട്ടാളം തോക്കുമേന്തി വളണ്ടിയർമാരെ നേരിടാൻ ഒളിച്ചിരുന്നു. ഇതറിയാതെ വീണ്ടും പാലം പൊളിക്കാൻ വളണ്ടിയർമാർ മാർച്ചുചെയ്‌തെത്തി. തുടര്‍ന്ന് സമരഭടന്മാര്‍ക്ക് നേരെ വെടിവയ്‌ക്കുകയായിരുന്നു. വെടിവയ്‌പില്‍ ആറുപേര്‍ രക്തസാക്ഷികളായി. നിരവധിപേര്‍ക്ക് പരിക്കേറ്റു. പലര്‍ക്കും അം​ഗഭം​ഗം നേരിട്ടു. വെടിയേറ്റ് വീണവരെ പട്ടാളം പാലത്തിനു സമീപം കുഴിച്ചുമൂടി. ആ ധീരദേശാഭിമാനികളുടെ സ്‌മരണ പുതുക്കുകയാണ് മാരാരിക്കുളം എന്ന വിപ്ലവഗ്രാമം.

മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിൽ കോവിഡ് മാനദണ്ഡം പാലിച്ച്‌ ഒരുസമയം അഞ്ചുപേർ പുഷ്‌പാർച്ചന നടത്തുന്ന തരത്തിലാണ് ക്രമീകരണം. വൈകിട്ട് അഞ്ചിന് രക്തസാക്ഷി അനുസ്‌മരണ സമ്മേളനത്തിൽ വെർച്വൽ മീഡിയകളിലൂടെ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ ജില്ലാസെക്രട്ടറി ടി ജെ ആഞ്ചലോസ് എന്നിവർ സംസാരിക്കും. വാരാചരണ കമ്മിറ്റി ചെയർമാൻ ഡി ഹർഷകുമാർ അധ്യക്ഷനാവും. കൺവീനർ എസ് രാധാകൃഷ്ണൻ സ്വാഗതം പറയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top