01 June Monday

കസേരക്കളിയിൽ അരഡസൻ പേർ ; കുമ്മനം മതിയെന്ന് ആർഎസ്‌എസ്‌

വിജേഷ്‌ ചൂടൽUpdated: Sunday Oct 27, 2019


കുമ്മനം രാജശേഖരന്റെ സാധ്യതകൾ ഇല്ലാതാക്കി സംസ്ഥാന അധ്യക്ഷപദവിയിൽ ഇളമുറക്കാരെ പ്രതിഷ്ഠിക്കാൻ ഗ്രൂപ്പുഭേദമെന്യേ ബിജെപിയിൽ സജീവ നീക്കം. പി എസ്‌ ശ്രീധരൻപിള്ള ഒഴിയുന്ന കസേരയിൽ അരഡസൻപേർക്കെങ്കിലും കണ്ണുണ്ട്‌. കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ കെ സുരേന്ദ്രന്റെ പേര്‌ ഉയർത്തിക്കാട്ടുമ്പോൾ പി കെ കൃഷ്‌ണദാസും സംഘവും എം ടി രമേശിനായി കരുനീക്കം ശക്തമാക്കി.

അതേസമയം, കുമ്മനംതന്നെ മതിയെന്ന നിലപാടിലാണ്‌ ആർഎസ്‌എസ്‌. പുതിയ നേതൃത്വം വേണമെന്ന ആവശ്യത്തിലൂന്നി കുമ്മനത്തെ വെട്ടിയാൽ പകരം വത്സൻ തില്ലങ്കേരിയുടെ പേര്‌ മുന്നോട്ടുവയ്‌ക്കണമെന്നും ഒരു വിഭാഗം നിർദേശിക്കുന്നു. 

ശബരിമല വിഷയത്തിലടക്കം ബിജെപിയുടെ സ്‌ത്രീവിരുദ്ധത പല കോണുകളിലും ചർച്ചയായ സാഹചര്യത്തിൽ ശോഭാ സുരേന്ദ്രനെ അധ്യക്ഷയാക്കണമെന്ന ആവശ്യം ദേശീയനേതൃത്വത്തെ അറിയിക്കാനൊരുങ്ങുകയാണ്‌ മറ്റൊരു വിഭാഗം. പ്രബല ഗ്രൂപ്പുകtളിലെ അസംതൃപ്‌തരും മുമ്പ്‌ പലകാരണങ്ങളാൽ പിന്നിലാക്കപ്പെട്ടവരും ഈ നീക്കത്തെ പിന്തുണയ്‌ക്കുന്നു. അധ്യക്ഷസ്ഥാനത്തെത്താൻ  കെൽപ്പുള്ള ഒരുപാട് പേർ ബിജെപിയിലുണ്ടെന്ന ശോഭാ സുരേന്ദ്രന്റെ പ്രതികരണത്തിൽ ഒന്നോരണ്ടോ പേരെമാത്രം പരിഗണിച്ചാൽപോരെന്ന സൂചനയുണ്ട്‌. കേന്ദ്രമന്ത്രി എന്ന നിലയിൽ ദേശീയ നേതൃത്വത്തിൽ സ്വാധീനമുള്ള വി മുരളീധരന്റെ ഡൽഹിയിലെ കരുനീക്കം കെ സുരേന്ദ്രന് അനുകൂലമാകുമെന്നാണ് കൃഷ്‌ണദാസ്‌ പക്ഷം ആശങ്കപ്പെടുന്നത്‌.

സംസ്ഥാന ബിജെപി, ആർഎസ്എസ് നേതാക്കളുമായി ദേശീയനേതൃത്വം ചർച്ച നടത്തിക്കഴിഞ്ഞെന്നും സുരേന്ദ്രനെ അധ്യക്ഷനാക്കാൻ ധാരണയായെന്നും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്‌. ഇതിനെ ചെറുക്കാൻ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും പിന്തുണ ഉറപ്പാക്കാനാണ്‌ മറുപക്ഷത്തിന്റെ ശ്രമം.

ആർഎസ്‌എസിന്റെ നിലപാടിനെ ഒരിക്കൽക്കൂടി തള്ളാൻ ബിജെപി ദേശീയനേതൃത്വം തയ്യാറാകുമോ എന്നതാണ്‌ കണ്ടറിയേണ്ടത്‌. ഗവർണർസ്ഥാനം രാജിവച്ച്‌ തിരുവനന്തപുരത്ത്‌ മത്സരിക്കാനെത്തിയ കുമ്മനം രാജശേഖരനോട്‌ നീതിപുലർത്താനായില്ലെന്ന വികാരം ആർഎസ്‌എസിൽ ശക്തമാണ്‌. വട്ടിയൂർക്കാവിൽ അദ്ദേഹത്തെ ഒഴിവാക്കിയതിൽ കടുത്ത പ്രതിഷേധത്തിലാണ്‌ ആർഎസ്‌എസ്‌. തങ്ങളെ അവഗണിച്ച്‌ മുന്നോട്ടുപോകാനാണ്‌ ഭാവമെങ്കിൽ ഇനിയൊരു വിട്ടുവീഴ്‌ച വേണ്ടെന്ന നിലപാടിലാണ്‌ നേതൃത്വം.

ലോക്‌സഭാ തെരഞ്ഞടുപ്പിൽ ലഭിച്ച അരലക്ഷത്തിലേറെ വോട്ട്‌ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നഷ്ടമായത്‌ ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേട്‌ ദേശീയനേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്‌. തിരിച്ചടി നേരിട്ട സാഹചര്യത്തിൽ ആർഎസ്‌എസിനെ പിണക്കി മുന്നോട്ടുപോകാൻ ബിജെപി ദേശീയനേതൃത്വം തയ്യാറാകില്ലെന്നാണ്‌ വിലയിരുത്തൽ. കേരളത്തിന്റെ സംഘടനാച്ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന്റെ അഭിപ്രായം ഇക്കാര്യത്തിൽ നിർണായകമാകും.

വട്ടിയൂർക്കാവിൽ എസ്‌ സുരേഷിനെ സ്ഥാനാർഥിയാക്കാനായി കുമ്മനത്തിന്റെ പേര്‌ വെട്ടിയത്‌ ആർഎസ്‌എസുമായുള്ള സന്തോഷിന്റെ ബന്ധത്തെ ബാധിച്ചിട്ടുണ്ട്‌. ഇത്‌ പരിഹരിക്കാൻ ആർഎസ്‌എസിനെ വിശ്വാസത്തിലെടുത്തുള്ള നീക്കമാകും അദ്ദേഹം നടത്തുക. കുമ്മനത്തെ ദേശീയ ഉപാധ്യക്ഷനാക്കണമെന്ന സമവായ നിർദേശവും ചില സംസ്ഥാന നേതാക്കൾ ഉയർത്തുന്നുണ്ട്. കുമ്മനത്തെ എത്തിച്ചപോലെ ബിജെപിക്ക്‌ പുറത്തുനിന്നൊരാളെ അധ്യക്ഷനാക്കാൻ അമിത്‌ ഷാ തന്ത്രം മെനയുകയാണെന്നും ഒരു വിഭാഗം നേതാക്കൾ കരുതുന്നു.


പ്രധാന വാർത്തകൾ
 Top