19 November Tuesday
സ്ഥാനാർഥി നിർണയം തലയിലിടേണ്ടെന്ന്‌ ശ്രീധരൻപിള്ള

ബിജെപിയുടെ അരലക്ഷം വോട്ട്‌ ‘കാണാനില്ല’ ; നേതാക്കളും അണികളും നിരാശയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2019


ഉപതെരഞ്ഞെടുപ്പുകളിൽ വോട്ടുവിഹിതം കുത്തനെ ഇടിഞ്ഞത്‌ കേരളത്തിൽ ബിജെപിയുടെ അവസാനപ്രതീക്ഷയും തല്ലിത്തകർത്തു. ഇനിയൊരു സുവർണാവസരവും വരാനില്ലെന്ന തിരിച്ചറിവിന്റെ നിരാശയിലാണ്‌ നേതാക്കളും അണികളും. 11 ലക്ഷം പേർ പുതുതായി അംഗങ്ങളായെന്ന്‌ പ്രഖ്യാപിച്ച ബിജെപിക്ക്‌ നാലുമാസത്തിനിടെ നഷ്ടമായത്‌ അരലക്ഷത്തിലേറെ വോട്ടാണ്‌. ഇത്‌ വിശദീകരിക്കാൻ തലപുകയ്‌ക്കുകയാണ്‌ നേതൃത്വം. ദേശീയനേതൃത്വത്തോടും ഉത്തരം പറയേണ്ടിവരും.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ആറ്‌ നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ നഷ്ടമായത്‌ 51,524 വോട്ടാണ്‌. വട്ടിയൂർക്കാവിൽ 23,256, കോന്നിയിൽ 6720, അരൂരിൽ 8961, എറണാകുളത്ത്‌ 4418, പാലായിൽ 8489 എന്നിങ്ങനെയാണ്‌ വോട്ട്‌ നഷ്ടമായത്‌. മഞ്ചേശ്വരത്ത്‌   380 വോട്ട്‌ വർധിച്ചു. എന്നാൽ, ഇവിടെയും വോട്ടുവിഹിതം 35.48 ശതമാനത്തിൽനിന്ന്‌ 35.32 ശതമാനമായി കുറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുപോലും നിലനിർത്താനായില്ല. 12,239 വോട്ടിന്റെ കുറവ്‌. പാലാ ഉൾപ്പെടെ ആറ്‌ നിയമസഭാ മണ്ഡലങ്ങളിലുമായി 2016ൽ കിട്ടിയത്‌ 1,84,646 വോട്ടായിരുന്നു. ഈവർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 39,285 വോട്ട്‌ വർധിച്ച്‌ 2,23,931 ആയി. അവിടെനിന്നാണ്‌ 1,72,407 വോട്ടിലേക്ക്‌ കൂപ്പുകുത്തിയത്‌. വേങ്ങര, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും വോട്ട്‌ കുറഞ്ഞിരുന്നു.

2016ൽ നേമത്തുനിന്ന്‌ ഒ രാജഗോപാലിനെ ജയിപ്പിച്ചെടുത്ത ബിജെപി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത്‌ കുമ്മനം രാജശേഖരനെയും കോന്നിയിൽ കെ സുരേന്ദ്രനെയും ജയിപ്പിക്കാൻ സർവസന്നാഹവുമിറക്കി. വോട്ടുവിഹിതം വർധിപ്പിച്ചതിലൂടെ ശക്തമായ മൂന്നാംമുന്നണിയായി മാറിക്കഴിഞ്ഞെന്നാണ്‌ ബിജെപി അവകാശപ്പെട്ടത്‌. കണക്കുകൾ ചൂണ്ടിക്കാട്ടി ദേശീയ നേതൃത്വത്തെയും ഇക്കാര്യം ധരിപ്പിച്ചു.

കോന്നിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേക്കാൾ 400 വോട്ടിന്റെ കുറവ്‌ മാത്രമാണ്‌ ബിജെപിക്ക്‌ ഉണ്ടായിരുന്നത്‌. ഇത്തവണ 14,313 വോട്ടിന്റെ വ്യത്യാസമായി. വട്ടിയൂർക്കാവിൽ എൽഡിഎഫിനേക്കാൾ 21,295 വോട്ടിന്‌ മുന്നിലായിരുന്ന ബിജെപി ഇപ്പോൾ 27,377 വോട്ടിന്‌ പിന്നിലായി. ബിജെപിക്കുള്ളിൽ സജീവമായ ഗ്രൂപ്പുപോര്‌ ശക്തമാക്കാൻ വരുംനാളുകളിൽ ഈ കണക്കുകൾ വഴിയൊരുക്കും.

സ്ഥാനാർഥി നിർണയം തലയിലിടേണ്ടെന്ന്‌ ശ്രീധരൻപിള്ള
കോഴിക്കോട്‌
ബിജെപി സ്ഥാനാർഥി നിർണയം തന്റെ തലയിലിടേണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍  പി എസ്‌ ശ്രീധരൻപിള്ള. പാർലമെന്ററി ബോർഡാണ്‌  സ്ഥാനാർഥികളെ നിശ്‌ചയിച്ചത്‌. ഫലത്തെക്കുറിച്ച്‌ പാർടി നേതൃയോഗം  വിലയിരുത്തും. വോട്ട്‌ കുറഞ്ഞത്‌ പാർടി പരിശോധിക്കുമെന്നും വാർത്താസമ്മേളനത്തിൽ ശ്രീധരൻപിള്ള പറഞ്ഞു. വട്ടിയൂർക്കാവിൽ  ആർഎസ്‌എസ്‌ വോട്ട്‌ സിപിഐ എമ്മിന്‌ മറിച്ചെന്ന കെ മുരളീധരന്റെ ആരോപണം സത്യത്തോട്‌ പുലബന്ധമില്ലാത്തതാണെന്നും-  ശ്രീധരന്‍പിള്ള പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top