20 October Tuesday

മൃദുവർഗീയതയിൽ പ്രതിഷേധം; കോഴിക്കോട് ആയിരത്തോളം കോൺഗ്രസ് പ്രവർത്തകർ സമാന്തര സംഘടന രൂപീകരിച്ചു

സ്വന്തം ലേഖകൻUpdated: Saturday Sep 26, 2020

കോഴിക്കോട് പ്രസ് ക്ലബ്ബിൽ നിന്നും പുറത്തേക്കിറങ്ങുന്ന ആലങ്കോട് സുരേഷ് ബാബു അടക്കമുള്ള കോൺഗ്രസ് നേതാക്കൾ

കോഴിക്കോട് > മൃദുവർഗീയ നിലപാടിലും ജനാധിപത്യ രാഹിത്യ നിലപാടിലും പ്രതിഷേധിച്ച് കോഴിക്കോട് ആയിരത്തോളം പ്രവർത്തകർ കോൺഗ്രസിനോട് വിടപറയുന്നു. ബാലുശേരി മണ്ഡലത്തിലെ ഉള്ള്യേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് വിയോജിപ്പുയർത്തി ജനാതിപത്യ മതേതര കൂട്ടായ്മ രൂപീകരിക്കുന്നത്. മതനിരപേക്ഷ ശക്തികളുമായി ചേർന്ന് പ്രവർത്തനം വിപുലപ്പെടുത്താനാണ് തീരുമാനമെന്ന് കോൺഗ്രസ് നേതാക്കൾ  വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുൻ ഡിസിസി എക്സിക്യുട്ടീവ് അംഗം ആലങ്കോട് സുരേഷ് ബാബു ചെയർമാനും നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി എടത്തിൽ ബഷീർ ജ്‌നറൽ സെക്രട്ടറിയുമായാണ്ജനാധിപത്യ മതേതരകൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത് . ഈ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തകരെ അണിനിരത്തി നേതൃത്വത്തിന്റെ തെറ്റായ നയങ്ങളെ എതിർക്കാനാണ് നീക്കം.  മണ്ഡലം ഭാരവാഹികളായ ഒമ്പതുപേരും ബ്ലോക്ക് സെക്രട്ടറിമാരായ രണ്ടുപേരുമുൾപ്പെടെ നിരവധി പ്രാദേശിക നേതാക്കളും ഉൾപ്പെടെയുള്ളവർ പാർടി നിലപാടുകളിൽ പ്രതിഷേധിച്ച് പുതിയ കൂട്ടായമക്കൊപ്പമുണ്ട്. നേരത്തെ കോൺഗ്രസിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന കെ രവീന്ദ്രൻ, എ രവീന്ദ്രൻ, സിപിഐ മൊയ്തി, എൻ എം ബാലകൃഷ്ണൻ, മണി പുനത്തിൽ, ഒ രാജൻ, ടി കെ നജീബ്, രാജൻ കക്കാട്ട്, ശ്രീനു കന്നൂര്, മുൻ പഞ്ചായത്തംഗങ്ങളായ കെ രാധാകൃഷ്ണൻ നായർ, കെ ടി സുകുമാരൻ, കെ ടി രമേശൻ തുടങ്ങിയവർ കൂട്ടായ്മയുടെ നേതൃനിരയിലുണ്ട്.

ജനാധിപത്യ - മതേതരത്വ   ആശയങ്ങൾ കോൺഗ്രസ് കളഞ്ഞു കുളിച്ചിരിക്കുകയാണെന്ന് സുരേഷ് ബാബു  പറഞ്ഞു. നാമനിർദേശത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കുന്ന രീതി തുടരുകയാണെങ്കിൽ തങ്ങൾ നൽകിയ അംഗത്വ തുക തിരിച്ചു നൽകാൻ കെ പി സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തയ്യാറാകണമെന്നും   ആവശ്യപ്പെട്ടു.

നോമിനേഷൻ രീതി പിന്തുടരുന്ന കോൺഗ്രസിൽ ആത്മാഭിമാനമുള്ള പ്രവർത്തകർക്ക് നിൽക്കാനാവില്ല.  ഏറാൻ മൂളികൾക്കും നേതാക്കളുടെ മൂടുതാങ്ങികൾക്കും മാത്രമാണ് പാർടിയിൽ പ്രൊമോഷൻ  . പാർടിയിലെ പ്രശ്നങ്ങൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കളെ അറിയിച്ചു. നേരിൽ കാണാം എന്ന് ചെന്നിത്തല മറുപടി നൽകിയതല്ലാതെ പരിഹാരമുണ്ടായില്ല.   പ്രശ്നങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട തന്നെ കെപിസിസി ഭാരവാഹിയാക്കാം എന്ന് വാഗ്ദാനവുമായി ചിലർ എത്തിയിരുന്നു. ഇത് നിരസിച്ചെന്നും വേണ്ടിവന്നാൽ തെളിവ് പുറത്തുവിടുമെന്നും സുരേഷ് ബാബു പറഞ്ഞു.

നിലവിൽ കൊയിലാണ്ടി കേന്ദ്രീകരിച്ചാണ് കൂട്ടായ്മ പ്രവർത്തിക്കുക.  വൈകാതെ ജില്ല, സംസ്ഥാന തലങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എടത്തിൽ ബഷീർ, പി അഭിലാഷ്, കെ രവീന്ദ്രൻ, കെ ടി സുകുമാരൻ, മണി പുനത്തിൽ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top