29 October Thursday

മോട്ടോർ വാഹന നിയമലംഘനം : വെർച്വൽ കോടതി വിധി പറഞ്ഞത്‌‌ 385 കേസുകൾ

ശ്രീരാജ‌് ഓണക്കൂർUpdated: Saturday Sep 26, 2020


കൊച്ചി
ലാപ്‌ടോപ്പിന്‌ മുന്നിലിരുന്ന്‌ ജഡ്‌ജി കേസ്‌ പരിഗണിക്കുന്ന സംസ്ഥാനത്തെ ഏക വെർച്വൽ കോടതി മൂന്നുമാസത്തിനകം വിധി പറഞ്ഞത്‌‌ 385 കേസുകൾ. മോട്ടോർ വാഹന നിയമലംഘനം‌മാത്രം പരിഗണിക്കുന്ന‌ കോടതിയിൽ ഇ–-ചെലാൻവഴി എത്തിയത്‌ 584 കേസുകളാണ്‌‌.  478 കേസുകൾ പരിശോധിച്ചപ്പോൾ 56,000 രൂപ പിഴയിട്ടു. 29 പേർ പിഴ അടച്ചപ്പോൾ ഒരാൾ തർക്കം ഉന്നയിച്ചു‌. 60 ദിവസത്തിനകം പിഴ അടയ്‌ക്കാത്തതിനാൽ 132 കേസുകൾ ഓപ്പൺ കോടതിയിലേക്ക്‌ പോയി. പിഴ അടയ്‌ക്കാത്ത മറ്റ്‌ ‌ കേസുകളും 60 ദിവസം കഴിഞ്ഞാൽ ജില്ലാ കോടതികളിലെത്തും.

മോട്ടോർ വാഹനവകുപ്പ് ആരംഭിച്ച ഇ–-ചെലാനുമായി ബന്ധിപ്പിച്ചാണ് വെർച്വൽ കോടതിയുടെ പ്രവർത്തനം.  കേരള പൊലീസിന്റെ  ഇ–-ചെലാൻ പദ്ധതി കേരളത്തിലെ അഞ്ച്‌ നഗരങ്ങളിൽ ചൊവ്വാഴ്‌ച ആരംഭിച്ചിരുന്നു. ഈ കേസുകളും വെർച്വൽ കോടതി പരിഗണിക്കും. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതി മൂന്നിന്‌ കീഴിലാണ്‌ പ്രവർത്തനം‌. ജൂൺ 15നാണ്‌ നിലവിൽ വന്നത്‌. ‌മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്കുപുറമേ ഭാവിയിൽ ഐപിസിപ്രകാരമുള്ള പെറ്റിക്കേസുകളും പരിഗണിക്കുമെന്ന്‌ ഹൈക്കോടതി അധികൃതർ അറിയിച്ചു.

മജിസ്‌ട്രേട്ട്‌ ലാപ്‌ടോപ്പിന്‌ മുന്നിൽ ഇന്റർനെറ്റ് കണക്‌ഷനുള്ള ലാപ്ടോപ്പിന് മുന്നിലാണ് മജിസ്ട്രേട്ട്‌ ഇരിക്കുക. ഓൺലൈനിൽ കേസ് പരിഗണിച്ച് ലാപ്ടോപ്പിൽ വിരലമർത്തിയാൽ ഉത്തരവ് കക്ഷിയുടെ മൊബൈലിൽ സന്ദേശമായെത്തും. ആ ലിങ്കിൽ ക്ലിക്ക്‌ ചെയ്‌ത്‌ ഓൺലൈൻ കോടതിയുടെ വെബ്‌സൈറ്റിൽ തുകയടച്ചാൽ കേസ് നടപടി പൂർത്തിയാകും.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന് മുന്നിലാണ് ഓൺലൈനിൽ വിവരങ്ങൾ എത്തുന്നത്. എവിടെയിരുന്നും കേസ് പഠിച്ച് ഉത്തരവ്‌ പുറപ്പെടുവിക്കാം. വാഹനത്തെക്കുറിച്ചും ഡ്രൈവറെക്കുറിച്ചുമുള്ള രേഖകൾ മാത്രമല്ല, നിയമലംഘനത്തിന്റെ ഫോട്ടോയും വീഡിയോയുമൊക്കെ മുന്നിലുണ്ടാകും. പക്ഷേ, കക്ഷിക്ക് ഓൺലൈനിൽ ഹാജരായി വാദിക്കാൻ  കഴിയില്ല. ലഭ്യമായ രേഖകളും മറ്റും പരിശോധിച്ച് തീരുമാനമെടുക്കാനേ പറ്റൂ. വെർച്വൽ കോടതിയുടെ തീരുമാനം ചോദ്യംചെയ്താൽ സാധാരണ കോടതിയിലാണ്‌ കേസ് പിന്നീട്‌‌ കേൾക്കുക. 

കേസുകൾ ഇ–-ചെലാൻവഴി
നിയമലംഘനത്തിന് ഒരാളെ പിടികൂടിയാൽ ഇ–-ചെലാൻവഴിയാണ്‌ മോട്ടോർവാഹന വകുപ്പ്‌ പിഴ അടപ്പിക്കുന്നത്‌. എടിഎം കാർഡ് കൈവശമുണ്ടെങ്കിൽ ഇ -പോസ്‌ മെഷീനിൽ സ്വൈപ് ചെയ്ത് നിശ്‌ചിത പിഴ അടയ്ക്കാം. 

അപകടകരമായ ഡ്രൈവിങ്‌, സിഗ്‌നൽ തെറ്റിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക്‌ കോടതിയാണ്‌ പിഴ വിധിക്കുക. അത്തരം കേസുകൾ‌ വെർച്വൽ കോടതി  പരിഗണിക്കും. വാഹൻ സോഫ്‌റ്റ്‌വെയറുമായി ബന്ധിപ്പിച്ചാണ്‌ ഇ–-ചെലാൻ പ്രവർത്തനം‌. വാഹന നമ്പറും ലൈസൻസ് നമ്പറും വാഹൻ ആപ്പിലേക്ക് എന്റർ ചെയ്താൽ ഡ്രൈവറുടെയും വാഹനത്തിന്റെയും വിവരങ്ങൾ കൃത്യമായി ലഭിക്കുമെന്ന്‌ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ എം നജീബ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top