31 October Saturday

2 ദിവസത്തെ സമരത്തിന്‌ 8 ദിവസത്തെ ശമ്പളം പിടിക്കൽ ; ബിപിസിഎൽ മാനേജ്‌മെന്റിന്റെ പ്രതികാരനടപടിയിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020


കൊച്ചി
കോവിഡ്‌ കാലത്ത്‌ ദ്രോഹനടപടികൾ പാടില്ലെന്ന നിർദേശം ലംഘിച്ച്‌  ബിപിസിഎൽ തൊഴിലാളികളുടെ എട്ടുദിവസത്തെ ശമ്പളം പിടിക്കാനുള്ള മാനേജ്‌മെന്റ്‌ തീരുമാനത്തിൽ പ്രതിഷേധം ശക്തം. കഴിഞ്ഞ ഏഴ്‌, എട്ട്‌ തീയതികളിൽ പണിമുടക്കിയതിനുള്ള പ്രതികാര നടപടിയായാണ്‌ എട്ടുദിവസത്തെ ശമ്പളം കട്ടുചെയ്യുന്നത്‌.

സ്വകാര്യവൽക്കരണത്തിന്‌ അനുകൂലമായ വ്യവസ്ഥകൾ ശമ്പളക്കരാറിൽനിന്ന് ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടും മറ്റു പൊതുമേഖലാ എണ്ണക്കമ്പനികളിൽ നൽകുന്ന ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക്‌. നിയമപ്രകാരം 14 ദിവസംമുമ്പ്‌ നോട്ടീസ്‌ നൽകിയാണ്‌ പണിമുടക്കിയത്‌. അവശ്യ സേവനങ്ങളെ പണിമുടക്കിൽനിന്ന്‌ ഒഴിവാക്കുകയും ചെയ്‌തു. ബിപിസിഎലിലെ 16 യൂണിയനുകളിൽ രണ്ടു യൂണിയനുകൾമാത്രം ഒപ്പിട്ട ശമ്പളക്കരാറിൽ ചർച്ചയൊന്നുമില്ലാതെ ഒപ്പുവയ്‌ക്കണമെന്നതാണ്‌ പണിമുടക്കിന്‌ ആധാരമായ പ്രധാന കാരണം. എന്നാൽ, കരാർ ചർച്ചയിലിരിക്കെ പണിമുടക്കി എന്ന ആരോപണമാണ്‌ ഇപ്പോൾ മാനേജ്‌മെന്റ്‌ ഉന്നയിക്കുന്നത്‌.

അവശ്യസർവീസ് നിയമം ബാധകമായ സ്ഥാപനങ്ങളിൽ പണിമുടക്ക് പാടില്ലെന്ന തൊഴിൽതർക്ക നിയമത്തിലെ സെക്ഷൻ 22 പ്രകാരം  മാനേജ്മെന്റ്‌ കോടതിയിൽ പോയിരുന്നു. സമരം 10 ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നാണ്‌ കോടതി  ഉത്തരവിട്ടത്‌. ഇത്‌ ഉയർത്തിക്കാട്ടി പണിമുടക്ക്‌ നിയമവിരുദ്ധമാണെന്ന്‌ വ്യാഖ്യാനിച്ചാണ്‌ മാനേജ്‌മെന്റിന്റെ പ്രതികാരനടപടി.

കോവിഡ്‌ കാലത്ത്‌ പിരിച്ചുവിടലോ അച്ചടക്കനടപടികളോ പാടില്ലെന്ന സർക്കാർ നിർദേശവും ലംഘിച്ചതായി കൊച്ചിൻ റിഫൈനറീസ് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) പ്രസ്‌താവനയിൽ പറഞ്ഞു. തൊഴിലാളികളുടെ 33 ശതമാനം ശമ്പളം പിടിക്കുന്നത്‌ അനീതിയാണ്‌. ഇത് നടപ്പായാൽ പല തൊഴിലാളികൾക്കും ശമ്പളം ഉണ്ടാകില്ല. നിയമവിരുദ്ധ നീക്കത്തിൽനിന്ന് ബിപിസിഎൽ മാനേജ്മെന്റ്‌ പിന്മാറണമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി എം ജി അജി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top