23 March Saturday

മടപ്പള്ളി കോളേജിനെ തകർക്കാൻ ശ്രമിക്കുന്ന ക്രിമിനലുകളെ ഒറ്റപ്പെടുത്തണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 26, 2018

കോഴിക്കോട്‌> മടപ്പള്ളി കോളേജിനെ തകര്‍ക്കാനും കലാപം അഴിച്ചുവിടാനുമായി വര്‍ഗീയശക്തികളും മുസ്ലീംലീഗ് എംഎല്‍എ പാറക്കല്‍ അബ്ദുള്ളയും നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ മുഴുവന്‍ ജനാധിപത്യമതനിരപേക്ഷശക്തികളും പ്രതിഷേധിക്കണമെന്നും മുസ്ലീംലീഗ്, എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ടി ക്രിമിനലുകളെ ഒറ്റപ്പെടുത്തണമെന്നും സി.പി.ഐ എം കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

നാട്ടില്‍ സമാധാനവും നിയമവാഴ്ചയും ഉറപ്പുവരുത്താന്‍ ബാധ്യസ്ഥനായ എംഎല്‍എ തന്നെയാണ് ക്രിമിനലുകളോടൊപ്പം ചേര്‍ന്ന് പോലീസിനെ അക്രമിച്ചതും മടപ്പള്ളി നാദാപുരം റോഡ് മേഖലയില്‍ വ്യാപകമായ അക്രമണമഴിച്ചുവിട്ടതും. മടപ്പള്ളി കോളേജ് സംഭവത്തിന്റെ മറപറ്റി അക്രമവിരുദ്ധമാര്‍ച്ച് എന്നപേരിലാണ് എം.എല്‍.എയുടെയും ലീഗിന്റെ മറ്റൊരു നേതാവായ സൂപ്പി നരിക്കാട്ടേരിയുടെയും നേതൃത്വത്തിലെത്തിയ ക്രിമിനലുകള്‍ യാതൊരുവിധ പ്രകോപനവുമില്ലാതെ സംഘര്‍ഷം സൃഷ്ടിച്ചത്. മടപ്പള്ളിയിലും നാദാപുരം റോഡിലും ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രചരണബോര്‍ഡുകളും സംഘാടകസമിതി ഓഫീസുകളും തകര്‍ത്തത്. ആര്‍.എസ്.എസുകാര്‍ കൊലചെയ്ത ധീരരക്തസാക്ഷി രമേശന്‍ ദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രചരണബോര്‍ഡുകളും ഈ ക്രിമിനലുകള്‍ അടിച്ചുതകര്‍ത്തു.


നാദാപുരം റോഡില്‍ പ്രവര്‍ത്തിക്കുന്ന സി.പി.ഐ(എം) ഒഞ്ചിയം ഏരിയാകമ്മറ്റി ഓഫീസ് അക്രമിക്കാനെത്തിയ ക്രിമിനലുകളെ ജനങ്ങളും പോലീസും അവസരോചിതമായി ഇടപെട്ട് തടഞ്ഞുനിര്‍ത്തുകയായിരുന്നു. മുസ്ലീംലീഗും വെല്‍ഫെയര്‍പാര്‍ടിയും യു.ഡി.എഫും കലാപം പടര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായി നടത്തിയ നീക്കമാണിതെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സെക്രട്ടറിയേറ്റ് ജില്ലാ പോലീസ് അധികാരികളോട് ആവശ്യപ്പെട്ടു.

ഒരു ജനപ്രതിനിധിതന്നെ നടുറോട്ടില്‍ പോലീസ് വാഹനം തടഞ്ഞുനിര്‍ത്തുകയും കസ്റ്റഡിയിലെടുത്ത ക്രിമിനലുകളെ മോചിപ്പിക്കാന്‍ നേതൃത്വം കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ എം.എല്‍.എ തടഞ്ഞുനിര്‍ത്തിയ പോലീസ് വാഹനത്തിന്റെ താക്കോല്‍ എം.എല്‍.എയുടെ കൂടെവന്ന ഒരാള്‍ ഊരിയെടുത്ത് ദൂരേക്ക് വലിച്ചെറിയുന്ന ദൃശ്യം കാണാം. നാദാപുരം, കുറ്റ്യാടി മേഖലകളില്‍ നിന്നും വടകര താഴെഅങ്ങാടിയില്‍ നിന്നും എം.എല്‍.എയും ലീഗ് നേതാക്കളും സംഘടിപ്പിച്ചുകൊണ്ടുവന്ന എസ്.ഡി.പി.ഐ ബന്ധമുള്ള തീവ്രവാദികളും ക്രിമിനലുകളുമാണ് വ്യാപകമായി അക്രമം അഴിച്ചുവിട്ടതെന്ന് വീഡിയോ ദൃശ്യങ്ങള്‍ തന്നെ വെളിവാക്കുന്നുണ്ട്. നാടിന്റെ സമാധാനം തകര്‍ക്കാന്‍ ക്രിമിനല്‍ സംഘങ്ങളോടൊപ്പം അഴിഞ്ഞാടുന്ന എംഎല്‍എയുടെ നടപടിയില്‍ നിയമവാഴ്ചയില്‍ വിശ്വാസമുള്ള എല്ലാവരും പ്രതിഷേധിക്കേണ്ടതുണ്ട്. മുസ്ലീംലീഗിന്റെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മടപ്പള്ളി കോളേജിലെ സംഭവങ്ങളെ സംബന്ധിച്ച് അങ്ങേയറ്റം തെറ്റായ പ്രചരണമാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ജമാഅത്തെഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടയായ ഫ്രറ്റേര്‍ണിറ്റിയും എം.എസ്.എഫും മറ്റു മതതീവ്രവാദ സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്നത്. മടപ്പള്ളി കോളേജിലെ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ നേടിയ വിജയത്തില്‍ പ്രകോപിതരായാണ് ഈ മതതീവ്രവാദ സംഘടനകള്‍ എസ്.എഫ്.ഐക്കെതിരായി അക്രമകഥകള്‍ പ്രചരിപ്പിച്ചത്. മുഴുവന്‍ സീറ്റിലും വന്‍ഭൂരിപക്ഷത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ചത്. മടപ്പള്ളി കേമ്പസ്സില്‍ വംശനാശം നേരിട്ട എം.എസ്.എഫ്, കെ.എസ്.യു തുടങ്ങിയ യു.ഡി.എഫ് സംഘടനാനേതാക്കള്‍ ഫ്രറ്റേര്‍ണിറ്റിയെ മുന്നില്‍നിര്‍ത്തി എസ്.എഫ്.ഐക്കെതിരായി നുണപ്രചരണം നടത്തുകയായിരുന്നു.

മടപ്പള്ളിയിലെ എസ്എഫ്ഐ ആക്രമണം എന്നത് വസ്തുതകളുമായി ബന്ധമില്ലാത്ത കെട്ടുകഥയാണ്. എസ്എഫ്ഐയുടെ വിജയത്തില്‍ അസഹിഷ്ണുക്കളായ ഫ്രറ്റേര്‍ണിറ്റിക്കാര്‍ കേമ്പസ്സില്‍ ആസൂത്രിതമായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു .  കഴിഞ്ഞ ബുധനാഴ്ച രാവിലെ വിദ്യാര്‍ത്ഥികളല്ലാത്ത ഒരു സംഘം ക്രിമിനലുകള്‍ എംഎസ്എഫ് വടകര മണ്ഡലം സെക്രട്ടറി മന്‍സൂറിന്റെ നേതൃത്വത്തില്‍ കേമ്പസ്സിലെത്തി എസ്എഫ്ഐക്കാരെ അക്രമിക്കുകയായിരുന്നു. വടകര താഴെഅങ്ങാടിയിലുള്ള ലീഗ് എസ്ഡിപിഐ ക്രിമിനലുകളായിരുന്നു ഇവരെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. വടകര ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജില്‍ എസ്.എഫ്.ഐയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത എം.എസ്.എഫ് എസ്.ഡി.പി.ഐ സംഘടനകളുടെ അക്രമങ്ങളെ നേരിട്ടുകൊണ്ട് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ ഒരു സീറ്റില്‍ വിജയം നേടിയിരുന്നു. ഇതേ തുടര്‍ന്ന് പുറത്തുനിന്നെത്തിയ ലീഗ്, എസ്.ഡി.പി.ഐ ക്രിമിനല്‍ സംഘങ്ങള്‍ എം.എച്ച്.ഇ.എസ്സില്‍ എസ്.എഫ്.ഐക്കാര്‍ക്കെതിരെ ഭീകരമായ അക്രമമാണ് അഴിച്ചുവിട്ടത്. കഴിഞ്ഞവര്‍ഷം ഇവരുടെ റാഗിങ്ങിനെ തുടര്‍ന്നാണല്ലോ അസ്‌നാസ് എന്ന പെണ്‍കുട്ടി ഈ കോളേജില്‍ ആത്മഹത്യ ചെയ്യുന്ന സംഭവമുണ്ടായത്.

എസ്.എഫ്.ഐക്കെതിരായ ഈ അക്രമത്തില്‍ മുസ്ലീംവര്‍ഗീയവാദികളോടൊപ്പം ഹിന്ദുത്വവര്‍ഗീയവാദികളും കേമ്പസ്സിനുപുറത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകരെ വേട്ടയാടി. ഇരുവര്‍ഗീയമതതീവ്രവാദികളും കേമ്പസ്സിലെ മതനിരപേക്ഷ അന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിതമായ നീക്കമാണ് കഴിഞ്ഞ കുറേക്കാലമായി മടപ്പള്ളി കോളേജില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനെ പ്രതിരോധിച്ചുകൊണ്ടാണ് കേമ്പസ്സിന്റെ മതനിരപേക്ഷ അന്തരീക്ഷം നിലനിര്‍ത്തുന്നത്. മടപ്പള്ളിയെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ഹിന്ദുത്വശക്തികളുടെ നീക്കങ്ങളെ എതിര്‍ത്തതിന്റെ പേരിലാണ് ആര്‍.എസ്.എസുകാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് എസ്.എഫ്.ഐ നേതാവായ സ:രമേശിനെ കോളേജ് കേമ്പസ്സില്‍വെച്ച് കൊലചെയ്തത്. കേമ്പസ് ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വേണ്ടി ജീവനും രക്തവും നല്‍കിയ പ്രസ്ഥാനമാണ് എസ്.എഫ്.ഐ. ഇടതുപക്ഷ വിദ്യാര്‍ത്ഥിസംഘടനകളെ തകര്‍ക്കാനാണ് എല്ലാകാലത്തും ഹിന്ദുമുസ്ലീം വര്‍ഗീയസംഘടനകള്‍ ശ്രമിച്ചിട്ടുള്ളത്.

ക്യാമ്പസിന്‌ പുറത്തുനിന്ന് ഇറക്കുമതി ചെയ്ത ക്രിമിനലുകളെവെച്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ വേട്ടയാടിയ മതതീവ്രവാദികളും ലീഗുകാരും എസ്.എഫ്.ഐ അക്രമമെന്ന് ആസൂത്രിതമായി നുണപ്രചരണം നടത്തുകയായിരുന്നു. ഈ നുണപ്രചരണങ്ങളുടെ തുടര്‍ച്ചയിലാണ് മുസ്ലീംലീഗും മതതീവ്രവാദ സംഘടനകളും ചേര്‍ന്ന് അക്രമവിരുദ്ധ മാര്‍ച്ച് സംഘടിപ്പിച്ചത്.

അക്രമവിരുദ്ധ മാര്‍ച്ചിന് നേതൃത്വം കൊടുത്ത ലീഗ് നേതാക്കളുടെയും എസ്.ഡി.പി.ഐക്കാരുടെയും ചരിത്രമെന്താണെന്ന് ജനങ്ങള്‍ക്കെല്ലാം അറിയാവുന്നതാണ്. പാറക്കല്‍ അബ്ദുള്ളയോടൊപ്പം ക്രിമിനല്‍ സംഘത്തെ നയിച്ച സൂപ്പി നരിക്കാട്ടേരിയുടെ സ്വന്തം പ്രദേശത്ത് നടന്ന ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് ലീഗ് പ്രവര്‍ത്തകരാണ് ശരീരാവയവങ്ങള്‍ ചിന്നിച്ചിതറി മരണപ്പെട്ടത്. അതില്‍ രണ്ടുപേര്‍ വിദ്യാര്‍ത്ഥികളായിരുന്നു. തങ്ങളുടെ ക്രിമിനല്‍ വര്‍ഗീയ രാഷ്ട്രീയത്തിന് വിദ്യാര്‍ത്ഥികളെ കുരുതികൊടുത്ത ഭീകരവാദരാഷ്ട്രീയത്തിന്റെ വക്താക്കളാണ് മടപ്പള്ളികോളേജില്‍ അക്രമവിരുദ്ധ മാര്‍ച്ച് നടത്തി കലാപം സൃഷ്ടിക്കാന്‍ നോക്കിയത്.

മടപ്പള്ളിയിലെ അക്രമ സംഭവം മതതീവ്രവാദികളെ മുന്നില്‍ നിര്‍ത്തി കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമെതിരെ സ്വകാര്യ കോളേജ് മുതലാളിമാര്‍ നടത്തുന്ന ആസൂത്രിനീക്കമാണെന്ന് ആരെങ്കിലും സംശയിച്ചുപോയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. 1957ലെ ഇ.എം.എസ് സര്‍ക്കാരാണ് വടകരയുടെയും പരിസരപ്രദേശങ്ങളുടെയും സാമൂഹ്യ വിദ്യാഭ്യാസ പുരോഗതിയില്‍ വലിയ സംഭാവനകള്‍ നല്‍കിയ മടപ്പള്ളി കോളേജ് സ്ഥാപിച്ചത്. സഖാക്കള്‍ സി.എച്ച്.കണാരനെയും കേളുഏട്ടനെയും എം.കുമാരന്‍മാസ്റ്ററെയും പോലുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ അശ്രാന്തമായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് മടപ്പള്ളി കോളേജ് ഇന്നത്തെ നിലയില്‍ അഭിമാനകരമായ പുരോഗതി നേടിയത്.

മടപ്പള്ളി കോളേജിനെ തകര്‍ക്കാനുള്ള ഈ അക്രമ സമരത്തിന് നേതൃത്വം കൊടുത്ത നേതാക്കളില്‍ പലരും നാദാപുരം, വടകര മേഖലയിലെ സ്വകാര്യ സ്വാശ്രയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരാണെന്ന കാര്യം ജനങ്ങള്‍ക്കറിയാവുന്നകാര്യമാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. നാടിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച പൂര്‍വ്വസൂരികള്‍ കെട്ടിപ്പടുത്ത മടപ്പള്ളി കോളേജിനെ തകര്‍ക്കാനും എസ്.എഫ്.ഐയെ ഒറ്റപ്പെടുത്തി അക്രമിക്കാനുമുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top