18 September Wednesday

സങ്കടപ്പെയ്‌ത്തിനുമേൽ സ്നേഹക്കൂടൊരുങ്ങി

ശ്രീരാജ‌് ഓണക്കൂർUpdated: Monday Aug 26, 2019



പറവൂർ
കഴിഞ്ഞ മഹാപ്രളയത്തിൽ ഇരച്ചെത്തിയ വെള്ളത്തിനുമുന്നിൽ തോൽവി സമ്മതിച്ചാണ്‌  കയർത്തൊഴിലാളി നാണുക്കുട്ടനും ഭാര്യ അനസൂയയും വീട്‌ വിട്ടത്‌. രക്ഷാപ്രവർത്തകർ ചെറുവഞ്ചിയിൽ  ഇരുവരെയും പുറംലോകത്ത്‌ എത്തിക്കുകയായിരുന്നു. രണ്ടാഴ്‌ച ബന്ധുവീട്ടിൽ അഭയം തേടി. തിരികെയെത്തിയപ്പോൾ അവശേഷിച്ചത്‌ വാസയോഗ്യമല്ലാത്ത വീട്‌. പ്രളയദുരന്തത്തിന്‌ ഒരു വയസ്സ്‌ തികയുമ്പോൾ തങ്ങൾക്ക്‌ പുതിയ വീട്ടിൽ താമസിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്‌ ഈ കുടുംബം. ‘‘ഇത്‌ ഒരിക്കലും പ്രതീക്ഷിക്കാത്ത വീടാണ്‌. എൽഡിഎഫ്‌ സർക്കാരിന്‌ നന്ദി’’ –-നിറകണ്ണുകളോടെ ഇരുവരും പറയുന്നു. 

പറവൂർ വടക്കേക്കര പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിലൂടെയും റീബിൽഡ് കേരളയിലൂടെയും നിർമിച്ച വീടുകളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചപ്പോൾ അതിലൊന്ന്‌ ഏറ്റുവാങ്ങാൻ വേദിയിലെത്തിയതാണ്‌ ഇരുവരും. ഇവരുൾപ്പെടെ 514 കുടുംബ‌ങ്ങളാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ കരുതലിൽ പുതിയ വീട്ടിലേക്ക്‌ കാലെടുത്തുവയ്‌ക്കുന്നത്‌.  പ്രളയത്തിൽ പഞ്ചായത്തിലെ 700 വീടുകൾ പൂർണമായി നശിച്ചു. ലൈഫ് ഭവനപദ്ധതിയിൽ 152, കെയർ ഹോം പദ്ധതിയിൽ 54, റീബിൽഡ് കേരളയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് നാലു ലക്ഷം രൂപ ലഭിച്ച് നിർമാണം പൂർത്തിയാക്കിയ 305, സർക്കാരിതര ഏജൻസി നിർമിച്ചുനൽകിയ മൂന്ന്‌ എന്നിവയടക്കം 514 വീടുകളുടെ താക്കോലാണ്‌ മൂത്തകുന്നം ക്ഷേത്രമൈതാനത്തു നടന്ന ചടങ്ങിൽ മുഖ്യമന്ത്രി കൈമാറിയത്‌.

സംസ്ഥാനത്ത് വാസയോഗ്യവും അല്ലാത്തതുമായ ഭൂമി വേർതിരിക്കാൻ ഉടൻ വിദഗ്ധസംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒരുവശത്ത് ഉരുൾപൊട്ടലാണെങ്കിൽ മറുവശത്ത് കടൽ കയറിവരികയാണ്. ഇതുസംബന്ധിച്ച് ദേശീയ–-അന്താരാഷ്ട്ര വിദഗ്ധരെക്കൊണ്ട് പഠനം നടത്തും.  കാലാവസ്ഥവ്യതിയാനം നേരിടാൻ സ്വീകരിക്കേണ്ട നടപടികൾ വേഗത്തിലും കാര്യക്ഷമമായും ചെയ്യാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വി ഡി സതീശൻ എംഎൽഎ അധ്യക്ഷനായി.


പ്രധാന വാർത്തകൾ
 Top