18 September Wednesday

നൗഷാദിലെ നന്മകളെ ചേർത്തണച്ച്‌ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019



കൊച്ചി
നന്മകളുടെ ആൾരൂപത്തെ ആദ്യകാഴ്‌ചയിൽത്തന്നെ തിരിച്ചറിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ  നിറഞ്ഞ ചിരിയോടെ നൗഷാദിനെ ചേർത്തുനിർത്തി. സ്‌നേഹപൂർവം കുശലം തിരക്കി. ചെയ്‌ത നല്ലകാര്യത്തിന്‌ പ്രശംസിച്ചു. ‘എല്ലാം ഈശ്വരാനുഗ്രഹം’ എന്ന്‌ നൗഷാദ്‌ വിനയാന്വിതനായി. ജില്ലയിലെ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയപ്പോഴാണ്‌ മുഖ്യമന്ത്രി, പ്രളയബാധിതർക്കായി തുണിത്തരങ്ങൾ സംഭാവനചെയ്‌ത വഴിയോരക്കച്ചവടക്കാരൻ നൗഷാദിനെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത്‌. ഗസ്‌റ്റ്‌ഹൗസിലെത്തിയ അദ്ദേഹത്തിന്റെ അടുത്തേക്ക്‌ നൗഷാദ്‌ ഓടിയെത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ സഹായം സമാഹരിക്കാൻ താൻ ഗൾഫ്‌ നാടുകളിലേക്ക്‌ പോകുന്ന കാര്യം നൗഷാദ്‌ ശ്രദ്ധയിൽപ്പെടുത്തി. ‘നല്ലത്‌’ എന്ന്‌ വീണ്ടും മുഖ്യമന്ത്രി. അഞ്ചുമിനിറ്റോളം മാത്രം നീണ്ട കൂടിക്കാഴ്‌ച കഴിഞ്ഞ്‌ പിരിയുമ്പോൾ നൗഷാദിനെ പുറത്തുതട്ടി യാത്രയാക്കി മുഖ്യമന്ത്രി.

പുറത്തിറങ്ങിയ നൗഷാദ്‌ ബ്രോഡ്‌വേയിലെ കച്ചവടസ്ഥലത്തേക്ക്‌ പോകാൻ തിരക്കുകൂട്ടി. അഞ്ചുദിവസത്തെ സന്ദർശനത്തിന്‌ കുടുംബസമേതമാണ്‌ ഗൾഫ്‌നാടുകളിലേക്ക്‌ പോകുന്നത്‌. തീയതി തീരുമാനിച്ചിട്ടില്ല. സ്‌മാർട്ട്‌ ട്രാവൽസ്‌ ഉടമ ഹഫി അഹമ്മദിന്റെ ക്ഷണം സ്വീകരിച്ച്‌, ഓണക്കാലത്തെ കച്ചവടമുപേക്ഷിച്ചാണ്‌ യാത്ര. ദുരിതബാധിതർക്കായി തന്നാലാകുന്നതൊക്കെ ചെയ്യണമെന്നാണ്‌ വിചാരിക്കുന്നതെന്ന്‌ നൗഷാദ്‌ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top