18 September Wednesday

ബാബുപോൾ വിവാദങ്ങളെ ഭയന്നില്ല : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2019

ഡോ. ബാബു പോളിന്‌ മരണാനന്തര ബഹുമതിയായി ലഭിച്ച കസവ്‌ പുരസ്‌കാരം മകൾ നിബ മറിയ ജോസഫിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു


കൊച്ചി
വിവാദങ്ങളെ ഭയക്കാതെ സത്യം വിളിച്ചുപറയാൻ ഡോ. ഡി ബാബുപോൾ  ധൈര്യം കാണിച്ചുവെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ സിവിൽ സർവീസ്‌ ഉദ്യോഗസ്ഥർക്ക്‌ അദ്ദേഹം മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള അഭിഭാഷക സാഹിത്യ വേദിയും (കസവ്‌) അഭിഭാഷക സുഹൃത്തുക്കളും സംഘടിപ്പിച്ച ഡി ബാബുപോൾ അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാബുപോളിന്‌ മരണാനന്തര ബഹുമതിയായി സാഹിത്യവേദി ഏർപ്പെടുത്തിയ ‘കസവ്‌ പുരസ്‌കാരം’ അദ്ദേഹത്തിന്റെ മകൾ നിബ മറിയം ജോസഫ്‌ മുഖ്യമന്ത്രിയിൽനിന്ന്‌ ഏറ്റുവാങ്ങി.

സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യവസായ വികസനങ്ങൾ വിവാദങ്ങളിലൂടെ ഇല്ലാതാക്കാൻ ചിലർ ശ്രമിച്ചപ്പോൾ അതിനെ അദ്ദേഹം എതിർത്തു. അടിസ്ഥാനരഹിതമായ പല ആരോപണങ്ങളുമുയർത്തി എന്നെ അധിക്ഷേപിക്കുന്ന പലഘട്ടങ്ങളിലും സത്യം വിളിച്ചുപറയാൻ ബാബുപോൾ മടി കാണിച്ചില്ല. മനുഷ്യരുടെ നന്മയ്‌ക്കും ഉയർച്ചയ്‌ക്കും വേണ്ടി എഴുതി. അദ്ദേഹത്തിന്റെ ‘വേദ ശബ്ദ രത്നാകരം’ ബൈബിൾ നിഘണ്ടു മലയാള ഭാഷയ്‌ക്ക്‌ മുതൽക്കൂട്ടാണ്‌. ഭരണഭാഷ മലയാളത്തിലാക്കണമെന്ന ബോധം വളർത്തി. മലയാളത്തിൽ കുറിപ്പെഴുതാൻ ഉദ്യോഗസ്ഥരെ നിർബന്ധിച്ചു. സാധാരണക്കാരോട്‌ സഹാനുഭൂതിയോടെ പെരുമാറി. സാങ്കേതികതയുടെ നൂലാമാലകളിൽപ്പെട്ട് പ്രശ്‌നങ്ങൾ അനിശ്‌ചിതത്വത്തിലാകാതെ നോക്കി.  എല്ലാ മതങ്ങളുടെയും സാരാംശം പ്രസംഗങ്ങളിൽ ഉൾക്കൊള്ളിച്ച അദ്ദേഹം മരണത്തിലും നർമം കലർത്തിയിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സംഘാടകസമിതി ചെയർമാൻ സീനിയർ അഡ്വ. ഒ വി രാധാകൃഷ്‌ണൻ മുഖ്യമന്ത്രിയെ സ്വീകരിച്ചു. കേരള ലോകായുക്ത ജസ്‌റ്റിസ്‌ സിറിയക്‌ ജോസഫ്‌ അധ്യക്ഷനായി. മുതിർന്ന പത്രപ്രവർത്തകൻ തോമസ്‌ ജേക്കബ്‌ അനുസ്‌മരണ പ്രഭാഷണം നടത്തി. അഡ്വക്കറ്റ്‌ ജനറൽ സി പി സുധാകര പ്രസാദ്‌, ഹൈക്കോടതി അഡ്വക്കേറ്റ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ. സുനിൽ ജേക്കബ്‌ ജോസ്‌, സീനിയർ അഡ്വ. ബെച്ചു കുര്യൻ തോമസ്‌, നിബ മറിയം ജോസഫ്‌ എന്നിവർ സംസാരിച്ചു. കസവ്‌ പ്രസിഡന്റ്‌ സീനിയർ അഡ്വ. എബ്രഹാം വാക്കനാൽ സ്വാഗതവും സെക്രട്ടറി അഡ്വ. സലാഹുദ്ദീൻ കേച്ചേരി നന്ദിയും പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ബാബുപോളിന്റെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top