19 September Saturday

സാറ്റ്സ് കേസ് : ബിനോയിയുടെ രേഖകൾ ഓഫീസിൽനിന്ന്‌ മുക്കി

വെബ് ഡെസ്‌ക്‌Updated: Sunday Jul 26, 2020


റഷീദ് ആനപ്പുറം
എയർ ഇന്ത്യാ ഉദ്യോഗസ്ഥനെതിരെ വ്യാജ ലൈംഗിക പരാതി നൽകിയ കേസിൽ ഒന്നാം പ്രതി ബിനോയ് ജേക്കബ്ബിന്റെ രേഖകൾ സാറ്റ്സ് തിരുവനന്തപുരം ഓഫീസിൽനിന്ന് കാണാതായി. ഇയാളുടെ വിദ്യാഭ്യാസ രേഖകളുടെ ആധികാരികത പരിശോധിക്കാൻ ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോഴാണ് വിവരം പുറത്തായത്‌. ഇതോടെ എയർഇന്ത്യാ സാറ്റ്സിന്റെ  മുംബൈയിലുള്ള ആസ്ഥാനത്തെ വിവരങ്ങൾക്കായി ക്രൈംബ്രാഞ്ച് സമീപിച്ചു.

സ്വപ്ന സുരേഷാണ് കേസിൽ രണ്ടാം പ്രതി. സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ടൂർസ് ആൻഡ്‌ ട്രാവൽസ് ഡിപ്ലോമ, സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ മാർക്ക് ലിസ്റ്റ് എന്നിവയാണ് ലഭിച്ചത്.

മറ്റ് ജീവനക്കാരുടെ രേഖകളും തിരുവനന്തപുരം ഓഫീസിലുണ്ട്. രേഖകൾ ബിനോയ് തന്നെ കൊണ്ടുപോയെന്നും മുംബൈയിലെ ഓഫീസിലേക്ക് അയച്ചെന്നുമുള്ള വ്യത്യസ്ത മറുപടിയാണ് സാറ്റ്സ് അധികൃതർ നൽകിയത്‌. സ്പെയ്സ് പാർക്കിൽ ജോലിക്കായി സ്വപ്ന നൽകിയത് വ്യാജ ബിരുദ സർട്ടിഫിക്കറ്റാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ബിനോയ്‌ മുൻകൂർ ജാമ്യം നേടിയിട്ടുള്ളതിനാൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് ഹൈക്കോടതിയിൽനിന്ന് ഇയാളുടെ‌ മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top