16 January Saturday

ദേശീയതലത്തിൽ മികച്ച റാങ്കിങ്‌ നേടി കുസാറ്റ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 26, 2020


കളമശേരി
ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങളുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍‌വകലാശാല .  കോവിഡ്- പ്രതിസന്ധികള്‍ക്കിടയിലും പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനും ദേശീയ റാങ്കിങ്ങുകളില്‍ നിലവാരം മെച്ചപ്പെടുത്താനും കഴിഞ്ഞു.

ഈവർഷം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിം വര്‍ക്ക് (എന്‍ഐആര്‍എഫ്) ദേശീയ റാങ്കിങ്ങില്‍ 62–--ാം സ്ഥാനം നേടി. 2019ല്‍ 65–-ാം സ്ഥാനമായിരുന്നു. വിദ്യാര്‍ഥികളുടെ എണ്ണം, അധ്യാപക- വിദ്യാര്‍ഥി അനുപാതം, അധ്യാപകരുടെ യോഗ്യതയും പ്രവൃത്തിപരിചയവും, സാമ്പത്തിക സ്രോതസും ഉപയോഗവും, ബൗദ്ധിക സ്വത്തവകാശവും പേറ്റന്റുകളും, പരീക്ഷകളിലെ വിജയശതമാനം, അധ്യാപനത്തിലും അധ്യയനത്തിലുമുള്ള വനിതാ പ്രാതിനിധ്യം, ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സൗകര്യങ്ങള്‍, ഗവേഷണ ബിരുദങ്ങളുടെ എണ്ണം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് റാങ്ക് നിര്‍ണയം.

രാജ്യാന്തര തലത്തിലെ മുന്‍നിര റാങ്കിങ് ഏജന്‍സിയായ ‘യൂണിറാങ്കി'ന്റെ റാങ്കിങ് പട്ടികയില്‍ ദേശിയതലത്തില്‍ 32–--ാം സ്ഥാനമാണ് കുസാറ്റിന്. ഇന്ത്യയിലെ സര്‍ക്കാര്‍ സര്‍‌വകലാശാലകളെ സംബന്ധിച്ച 2020–--21- ലെ ‘എഡ്യൂക്കേഷന്‍ വേള്‍ഡ് ഇന്ത്യാ യൂണിവേഴ്സിറ്റി റാങ്ക്' അനുസരിച്ച് 54–-ാം സ്ഥാനമാണ്. ‘ദ വീക്ക്’ ഹന്‍സ റിസര്‍ച്ച് റാങ്കിങ് സര്‍‌വേ' റാങ്കിങ്ങില്‍ 27–--ാം സ്ഥാനം. 2019ൽ ഇത് ഇരുപത്തൊമ്പതായിരുന്നു. 

അന്താരാഷ്ട്രതലത്തിലെ മികവുറ്റ റാങ്കിങ് ഏജന്‍സിയായ ‘ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ റാങ്കിങ്ങി'ല്‍ അന്താരാഷ്ട്ര റാങ്ക് പട്ടികയില്‍ ഇടം നേടിയ കുസാറ്റിന് ദേശീയതലത്തില്‍ 37–--ാം സ്ഥാനമാണ്.

ആദ്യത്തെ 100 റാങ്കുകളില്‍ ഉള്‍പ്പെടുന്ന കേരളത്തിലെ ഏക സര്‍‌വകലാശാലയാണ് കുസാറ്റ്. അക്കാദമിക- ഗവേഷണരംഗത്തെ മികവാണ് സര്‍‌വകലാശാലയ്‌ക്ക് ഈ സ്ഥാനം നേടിക്കൊടുത്തത്.  വരും വര്‍ഷങ്ങളില്‍ കുസാറ്റിന് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്ന്‌ വൈസ് ചാന്‍സലര്‍ ഡോ. കെ എന്‍ മധുസൂദനന്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top