19 September Thursday

കുസാറ്റ് ഗവേഷകർ പുതിയ ജന്തുപ്ലവകം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2019


കളമശേരി
ലക്ഷദ്വീപിലെ മിനിക്കോയ് ഭാഗത്ത്‌ കോപ്പിപോഡ്‌ വിഭാഗത്തിൽപ്പെട്ട പുതിയ ജന്തുപ്ലവകത്തെ കുസാറ്റ് ഗവേഷകർ കണ്ടെത്തി. ടോർട്ടാനസ് മിനിക്കോയെൻസിസ് എന്ന് പേരിട്ട ജീവിയെ ഗവേഷകനായ ഡോ. സനു വി ഫ്രാൻസിസ്,  മറൈൻ ബയോളജി വിഭാഗം തലവൻ പ്രൊഫ. എസ് ബിജോയ് നന്ദൻ എന്നിവരാണ് കണ്ടെത്തിയത്.

കടലിലെ ജൈവ ആവാസവ്യവസ്ഥയിലെ പ്രധാന കണ്ണികളാണ് സൂക്ഷ്മജീവികളായ ഈ ജന്തുപ്ലവകങ്ങളെന്ന്‌ ഗവേഷകർ പറഞ്ഞു. ടോർട്ടാനസ് എന്ന ജനുസ്സിലും അറ്റോർട്ടസ് എന്ന ഉപജനുസ്സിലുംപെട്ട ഇത്തരം ജീവികൾ പവിഴദ്വീപുകളിലാണ് കാണുന്നത്. സ്‌കൂബാ ഡൈവിങ്ങിലൂടെമാത്രമേ ഇവയെ കണ്ടെത്താൻ കഴിയൂ. 2014 ജനുവരിയിൽ മിനിക്കോയ് ദ്വീപിൽ നടത്തിയ പര്യവേക്ഷണത്തിലാണ്‌ ഇവയെ കണ്ടെത്തിയത്‌. വിവിധ ആധികാരിക ഏജൻസികളുടെ അംഗീകാരം ലഭിച്ചത്‌ ഇപ്പോഴാണ്‌.

കടലിലെ ആഹാരശൃംഖലയിൽ പ്രധാന കണ്ണിയായ ഇത്തരം ജീവികളെ ആശ്രയിച്ചാണ് മത്സ്യസമ്പത്ത് നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ കോപ്പിപോഡുകളെക്കുറിച്ചുള്ള പഠനങ്ങൾ ഏറെ പ്രാധാന്യം അർഹിക്കുന്നതായി പ്രൊഫ. ബിജോയ് നന്ദൻ പറഞ്ഞു. ഈ ജീവിയുടെ ജനിതക ബാർ കോഡുകൾ വികസിപ്പിച്ചതിനാൽ അവയുടെ ജനിതകസവിശേഷതകൾ ഈ മേഖലയിലെ മറ്റു ഗവേഷകർക്ക് താരതമ്യപഠനത്തിനും സാന്നിധ്യം തിരിച്ചറിയുന്നതിനും സഹായകമാകും. ടർക്കിഷ് ജേർണൽ ഓഫ് സുവോളജി എന്ന അന്തർദേശീയ ശാസ്ത്ര ജേർണലിൽ ഇതുസംബന്ധിച്ച പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 


പ്രധാന വാർത്തകൾ
 Top