09 August Sunday

മാധ്യമങ്ങളിലെ ശമ്പളനിഷേധം: ജൂലൈ 22നകം തീരുമാനമുണ്ടാക്കണമെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020


കൊച്ചി
മാധ്യമപ്രവർത്തകരുടെ ശമ്പളം വെട്ടിക്കുറയ്‌ക്കുന്നു എന്ന പരാതിയിൽ സ്ഥാപനങ്ങളുടെയും പത്രപ്രവർത്തക യൂണിയന്റെയും പ്രതിനിധികളുമായി കൂടിയാലോചിച്ച്‌ തീർപ്പുണ്ടാക്കാൻ ഹൈക്കോടതി നിർദേശം. സംസ്ഥാനത്തെ 12 മാധ്യമസ്ഥാപനങ്ങളിലെ ശമ്പളനിഷേധത്തിന് എതിരെ സമർപ്പിച്ച റിട്ട്‌ ഹർജി തീർപ്പാക്കിയാണ്‌ ഉത്തരവ്‌. ജൂലൈ 22നുമുമ്പ്‌ തീരുമാനമുണ്ടാകണമെന്നും അത്‌ രണ്ടുമാസത്തിനുള്ളിൽ നടപ്പാക്കണമെന്നും ജസ്റ്റിസ് അമിത് റാവൽ നിർദേശിച്ചു.

പ്രശ്നപരിഹാരത്തിന് സർക്കാർ മുൻകൈയെടുക്കുമെന്ന് സർക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി സോഹൻ കോടതിയെ അറിയിച്ചു. ദൃശ്യമാധ്യമങ്ങളിൽ ഉൾപ്പെടെ നടപ്പായ ശമ്പളം വെട്ടിക്കുറയ്ക്കലിനെയും ഹർജിയിൽ ചോദ്യം ചെയ്തിരുന്നു. കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി ഇ എസ് സുഭാഷാണ് ഹർജി ഫയൽ ചെയ്തത്. ലോക്ക്ഡൗൺ കാലത്ത്‌ യൂണിയന്റെകൂടി ഇടപെടലിലൂടെ 53 കോടി രൂപ പരസ്യകുടിശ്ശിക സംസ്ഥാന സർക്കാർ മാധ്യമങ്ങൾക്ക്‌ കൈമാറിയിരുന്നു. ഈ തുക ജീവനക്കാരുടെ ശമ്പളകുടിശ്ശിക നൽകാൻ വിനിയോഗിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചെങ്കിലും പല മാനേജ്‌മെന്റുകൾ അതിന്‌ തയ്യാറായില്ല. തുടർന്നാണ് യൂണിയൻ കോടതിയെ സമീപിച്ചത്.

യൂണിയനുവേണ്ടി അഡ്വ. തമ്പാൻ തോമസ് ഹാജരായി. ശമ്പളം നിഷേധിക്കുന്ന സ്ഥാപനങ്ങൾക്കുപുറമെ പ്രിൻസിപ്പൽ സെക്രട്ടറി, ലേബർ കമീഷണർ, പിആർഡി ഡയറക്ടർ, ഡയറക്ടർ ഓഫ് പ്രസ് തുടങ്ങിയവരെയും ഹർജിയിൽ പ്രതിചേർത്തിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top