11 August Tuesday
വകുപ്പിൽ നടക്കുന്നതൊന്നുമറിയാതെ കേന്ദ്ര സഹമന്ത്രി

തിരിഞ്ഞും മറിഞ്ഞും വാദം; ഒപ്പം ചേരാതെ ബിജെപി കേരള നേതാക്കൾ

കെ ശ്രീകണ‌്ഠൻUpdated: Friday Jun 26, 2020


തിരുവനന്തപുരം
പ്രവാസി വിഷയത്തിൽ  കേരളത്തിന്‌ കേന്ദ്ര വിദേശകാര്യ സെക്രട്ടറി  അഭിനന്ദന കത്തയച്ചത്‌ അറിയാത്തതിലുള്ള ജാള്യം മറയ്‌ക്കാനാണ്‌ കേന്ദ്ര മന്ത്രി വി മുരളീധരൻ വിചിത്രവാദവുമായി രംഗത്തിറങ്ങിയത്‌. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ വി മുരളീധരൻ സർക്കാരിനെതിരായ വിമർശനത്തിൽ മുഴുകുമ്പോൾ  കേന്ദ്ര വിദേശവകുപ്പിൽ സർക്കാരിനെ അഭിനന്ദിച്ച്‌ കത്ത്‌ തയ്യാറാക്കുകയായിരുന്നു.

വിദേശകാര്യ സെക്രട്ടറിയുടെ കത്ത്‌ മാധ്യമങ്ങളിലൂടെ പുറത്തുവന്നശേഷമാണ്‌ സഹമന്ത്രി അക്കാര്യം അറിഞ്ഞത്‌. കേരളത്തിനെതിരായ തന്റെ വിമർശനം കേന്ദ്ര സർക്കാർ തുടരെ അവഗണിക്കുന്നതിൽ മന്ത്രി തീർത്തും അസ്വസ്ഥനാണ്‌.കത്തുകാര്യത്തിലും പരിഹാസ്യനായതോടെ കേരളത്തിലെ ബിജെപി നേതൃനിരയിൽ മുരളീധരൻ വീണ്ടും ഒറ്റപ്പെട്ടു. കേരള സർക്കാരിനെതിരായ പരാമർശങ്ങളുമായി വി മുരളീധരൻ നിരന്തരം രംഗത്ത്‌ വരുമ്പോൾ അതിനെ പിന്തുണയ്‌ക്കാൻ കേരളത്തിലെ മുതിർന്ന ബിജെപി നേതാക്കൾ തയ്യാറാകുന്നില്ല. ഒ രാജഗോപാൽ എംഎൽഎ, പി കെ കൃഷ്‌ണദാസ്‌, എം ടി രമേശ്‌, ശോഭ സുരേന്ദ്രൻ തുടങ്ങിയവരൊന്നും മുരളീധരന്റെ പ്രസ്‌താവനകളെ  കണക്കിലെടുക്കുന്നില്ല.


 

പ്രവാസികളെ  പരിശോധന നടത്തിയേ വിമാനത്തിൽ കയറ്റുവെന്ന്‌ ആദ്യം പറഞ്ഞത്‌  മുരളീധരനാണ്‌. നോർക്കയിൽ രജിസ്ട്രേഷൻ തുടങ്ങിയപ്പോൾ അതിനെതിരെയും  രംഗത്ത്‌ വന്നു. രജിസ്‌ട്രേഷൻ തുടങ്ങിയാലും തിരികെ എത്തിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീടെന്നും മന്ത്രി പറഞ്ഞു.  മെയ്‌ എട്ടിന്‌ ആദ്യ വന്ദേഭാരത്‌ വിമാനം യാത്ര തിരിക്കുന്നതിനുമുമ്പുവരെ ‘രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കുമാത്രം യാത്രാനുമതി’ എന്നാണ്‌ വി മുരളീധരൻ  തറപ്പിച്ചു പറഞ്ഞത്‌.  ഇങ്ങനെ ഓരോ ദിവസവും പരസ്‌പരവിരുദ്ധമായ വാദമുഖങ്ങളുമായാണ്‌ അദ്ദേഹം മാധ്യമങ്ങൾക്ക്‌ മുമ്പിലെത്തിയത്‌.

പ്രവാസി വിഷയം‌മുതൽ ആരാധനാലയങ്ങൾ തുറക്കുന്നതിൽവരെ  തരാതരം മലക്കം മറിഞ്ഞു. യുഡിഎഫിന്റെ ഡൽഹിയിലെ നാവായി മാറാനാണ്‌ ബിജെപിക്കാരനായ കേന്ദ്ര മന്ത്രി പരിശ്രമിച്ചത്‌. പ്രതിപക്ഷം സർക്കാരിനെ ആക്രമിച്ച്‌ രംഗത്ത്‌ വരുമ്പോൾ അതിന്‌ പിന്തുണയുമായി വി മുരളീധരൻ ഉടൻ ഡൽഹിയിൽ പ്രത്യക്ഷപ്പെടും. കോവിഡ്‌ പ്രതിരോധത്തിനുള്ള സർക്കാരിന്റെ കർശന നിയന്ത്രണങ്ങളെയെല്ലാം ഓരോ ഘട്ടത്തിലും എതിർത്ത്‌ കേന്ദ്രമന്ത്രി രസിച്ചു. അതേസമയം കേരളത്തിന്‌ അനുകൂലമായി എന്തെങ്കിലും നേടിയെടുക്കുന്നതിന്‌ കേന്ദ്ര മന്ത്രി തയ്യാറായതുമില്ല. 

 

തിരിഞ്ഞും മറിഞ്ഞും വാദം
പരസ്‌പരവിരുദ്ധ പരാമർശം നടത്തിയും കേരളത്തെ അപമാനിച്ചും  വി മുരളീധരന്റെ വാർത്താസമ്മേളനം. കോവിഡ്‌ വ്യാപനം തടയാൻ പ്രായോഗിക സമീപനത്തിലേക്ക്‌ വന്നതിന്‌ കേരളത്തെ അഭിനന്ദിക്കാനാണ്‌ വിദേശമന്ത്രാലയം കത്തയച്ചതെന്ന്‌ ‌ മുരളീധരൻ തുടക്കത്തിൽ പറഞ്ഞു. എന്നാൽ, മുന്നോട്ടുവച്ച വ്യവസ്ഥയുടെ ‘മണ്ടത്തരം’ കേരളത്തിന്‌ സ്വയം ബോധ്യപ്പെട്ടതിൽ കേന്ദ്രം സന്തോഷം പ്രകടിപ്പിക്കുകയാണ്‌ ചെയ്‌തതെന്ന്‌ പിന്നീട്‌ മാറ്റിപ്പറഞ്ഞു. കേരളത്തെ ‘കോംപ്ലിമെന്റ്’ ചെയ്‌ത്‌‌ അയച്ച കത്ത്‌ പുറത്തുവിട്ടത്‌ അൽപ്പത്തമാണെന്നും ആരോപിച്ചു.

പരിശോധനകളുടെ കാര്യത്തിൽ കേരളം പിന്നിലാണെന്ന്‌ പറഞ്ഞ മുരളീധരൻ, രോഗവ്യാപനവും മരണവും തടയുന്നതിൽ കേരളം സ്വീകരിച്ച നടപടികളെ കേന്ദ്ര ആരോഗ്യമന്ത്രാലയം അടക്കം പ്രശംസിച്ചത്‌ അറിഞ്ഞില്ലെന്ന്‌ നടിച്ചു.

കേന്ദ്രതീരുമാനം  മന്ത്രി അറിയാറില്ല: എളമരം
കേന്ദ്രസർക്കാർ എടുക്കുന്ന തീരുമാനങ്ങൾ പലതും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ അറിയാറില്ലെന്ന്‌  എളമരം കരീം എംപി. കേന്ദ്രത്തിന്റെ പ്രവാസി നിലപാടിനെതിരെ കേരള പ്രവാസി സംഘം സംഘടിപ്പിച്ച  പ്രതിഷേധസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ്‌  തടയുന്നതിൽ കേരളം എടുത്ത മുൻകരുതലുകളെയാണ്‌ വിദേശമന്ത്രാലയം പ്രശംസിച്ചത്‌. കോംപ്ലിമെന്റ്‌ എന്നാൽ അനുമോദനം അഥവാ പ്രശംസ എന്നാണ് മലയാളികൾ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കത്ത്‌ അനുമോദനംതന്നെ: എ കെ ബാലൻ
പ്രവാസിവിഷയത്തിൽ കേരളത്തെ അനുമോദിക്കുന്നു എന്നുതന്നെയാണ് വിദേശമന്ത്രാലയത്തിന്റെ കത്തിൽ വ്യക്തമാക്കിയതെന്ന്‌ മന്ത്രി എ കെ ബാലൻ പറഞ്ഞു. കോംപ്ലിമെന്റ് എന്ന ഇംഗ്ലീഷ്‌ വാക്കിന്റെ അർഥം മുരളീധരന് അറിയില്ലെങ്കിൽ വിദേശകാര്യ സെക്രട്ടറിയോട് ചോദിക്കണം. മുരളീധരന്റെ പ്രസ്താവനകൾ പലപ്പോഴും ആസ്വാദ്യകരമാണെന്നും മന്ത്രി പരിഹസിച്ചു.

കാര്യങ്ങൾ മനസ്സിലാക്കണം: കാനം
കേന്ദ്ര സഹമന്ത്രിയായ വി മുരളീധരൻ കാര്യങ്ങൾ മനസ്സിലാക്കി  പ്രതികരിക്കണമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങളെങ്കിലും അറിയാൻ മുരളീധരന്‌ കഴിയണമെന്നും കാനം മാധ്യമങ്ങളോട്‌  പ്രതികരിച്ചു. മുരളീധരന്റെ വകുപ്പ്‌ സെക്രട്ടറിയാണ്‌ സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചത്. മുരളീധരന്റെ അത്രയും ഇംഗ്‌ളീഷ് പരിജ്ഞാനം തനിക്കില്ല. അതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും കാനം പരിഹസിച്ചു.

 

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top