05 August Wednesday

വൈദ്യുതിബിൽ; സബ്‌സിഡി ഉത്തരവായി

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

തിരുവനന്തപുരം > മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച സബ്‌സിഡി ആനുകൂല്യങ്ങൾ ഗാർഹിക ഉപയോക്താക്കൾക്ക്‌ ലഭ്യമാക്കുന്നതിന്‌ കെഎസ്‌ഇബി ഉത്തരവായി. സബ്‌സിഡി നൽകാൻ നിലവിലെ ബില്ലിങ്‌ സോഫ്‌റ്റ്‌വെയർ പരിഷ്‌ക്കരിക്കാനുള്ള നടപടികൾ കെഎസ്‌ഇബി ഐടി വിഭാഗം ആരംഭിച്ചു.ജൂലൈ മുതൽ നൽകുന്ന ബില്ലിൽ സബ്‌സിഡി ലഭിക്കും.  സബ്‌സിഡി എത്രയെന്ന്‌ ബില്ലിലും രസീതിലും രേഖപ്പെടുത്തിയിട്ടുണ്ടാകും. സബ്‌സിഡി ഇനത്തിൽ 200 കോടി രൂപ അധികം ചെലവഴിക്കേണ്ടി വരുമെന്നാണ്‌  പ്രാഥമിക കണക്ക്‌.  സർക്കാരിന്‌ നൽകുന്ന വൈദ്യുതി നികുതി ഇനത്തിൽ ഈ തുക  കുറയ്‌ക്കണമെന്ന്‌ അഭ്യർഥിച്ച്‌ കെഎസ്ഇബി കത്ത്‌ നൽകി.

ഏപ്രിൽ 20 മുതൽ ജൂൺ 19 വരെ നൽകിയ ലോക്‌ഡൗൺ കാലത്തെ ബില്ലുകൾക്കാണ്‌ ഇളവ്‌. നേരത്തെ ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരി, ലോക്‌ഡൗൺ സമയത്തെ ഉപയോഗവർധനവ്‌ എന്നിവ കണക്കിലെടുത്താണ്‌ ഇളവ്‌ അനുവദിക്കുക. ഇതിനകം ബില്ലടച്ചവർക്ക്‌ തുടർന്നുള്ള ബില്ലിൽ സബ്‌സിഡി ക്രമപ്പെടുത്തി നൽകും. ഇതുവരെ ബില്ല്‌ അടയ്‌ക്കാത്തവർക്ക്‌ അഞ്ച്‌ തവണകളായി നൽകാം.  ലോക്‌ഡൗൺ കാലയളവിലെ ബിൽ അടയ്‌ക്കാത്തവരുടെ കണക്‌ഷൻ ഡിസംബർ വരെ വിച്ഛേദിക്കേണ്ടെന്ന്‌ ബോർഡ്‌ തീരുമാനിച്ചിട്ടുണ്ട്‌. ബില്ലിലെ പലിശയും ഒഴിവാക്കും. മുഴുവൻ ഗാർഹിക ഉപയോക്താക്കൾക്കും മുഖ്യമന്ത്രി പ്രഖ്യാപിച്ച ആനുകൂല്യം ലഭിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top