25 August Sunday

ലക്ഷ്യം ലഹരിവിമുക്ത കേരളം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

അന്താരാഷ്‌ട്ര ലഹരിവിരുദ്ധദിനത്തിൽ സംസ്ഥാന എക്‌സൈസ്‌ വകുപ്പ്‌ നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ


തിരുവനന്തപുരം
ലഹരിമുക്തമായ കേരളമാണ‌് ആവശ്യമെന്നും അതിന‌് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണമുണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എക‌്സൈസ‌്, വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ‌് വകുപ്പുകൾ ചേർന്ന‌് സംസ്ഥാനത്ത‌് വിപുലമായ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എക‌്സൈസ‌് വകുപ്പ‌് സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന‌് ലഹരിവിരുദ്ധ ദിനാചരണം ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

എക‌്സൈസ‌് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിമുക്തി ക്യാമ്പയിനിലൂടെ ഒട്ടേറെപേരെ ലഹരിയിൽനിന്ന‌് മോചിപ്പിക്കാൻ കഴിഞ്ഞു. വിദ്യാലയങ്ങൾ പൂർണമായും ലഹരിമുക്തമാകണം. സ‌്കൂൾ പരിസരത്തുള്ള കടകളിൽ കൃത്യമായ പരിശോധനയുണ്ടാകണം. ചില മയക്കുമരുന്നു സംഘങ്ങൾ കുട്ടികളെ കാരിയർമാരായി ഉപയോഗിക്കുന്നുണ്ട‌്. പെൺകുട്ടികളും ലഹരിക്കിരയാകുന്നു. ഇക്കാര്യത്തിൽ നല്ല ജാഗ്രതവേണം. അതിൽ അധ്യാപകർക്കുള്ള പങ്ക് വലുതാണ്.  ഇത്തരം കാര്യങ്ങൾ ഗൗരവമായി നിരീക്ഷിക്കാൻ സ‌്കൂളുകളിൽ സംവിധാനമുണ്ടാകണം. നാട്ടിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ പരിശോധിച്ചാൽ അതിൽ ഏറിയകൂറും മയക്കുമരുന്നിനടിമപ്പെട്ടവർ ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എക‌്സൈസ‌് മന്ത്രി ടി പി രാമകൃഷ‌്ണൻ അധ്യക്ഷനായി. ലഹരിവിരുദ്ധപ്രവർത്തനത്തിലുള്ള മികവിന് സന്നദ്ധസംഘടനകൾക്കും സന്നദ്ധപ്രവർത്തകർക്കും വിദ്യാലയങ്ങൾക്കുമുള്ള പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥർക്കുള്ള പുരസ്‌കാരങ്ങൾ  മന്ത്രി ടി പി രാമകൃഷ‌്ണൻ വിതരണം ചെയ്തു. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ‌് മുഖ്യപ്രഭാഷണം നിർവഹിച്ചു. എൻഎസ‌്എസ‌് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ജേക്കബ് ജോൺ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലി. ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് വി കെ മധു, എക‌്സൈസ‌് കമീഷണർ എസ‌് ആനന്ദകൃഷ‌്ണൻ, ജോയിന്റ‌് എക‌്സൈസ‌് കമീഷണർ കെ എ ജോസഫ‌് എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top